കൊട്ടാരക്കര: കോടികള്‍ ചെലവിട്ട് കൊട്ടാരക്കര ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന് ഹൈടെക്ക് വികസനം നടക്കുമ്പോഴും ചുറ്റുമതില്‍ അപകടക്കെണിയൊരുക്കുന്നു.
പോസ്റ്റ് ഓഫീസ് ജംഗ്ഷനില്‍ നിന്ന് റസ്റ്റ് ഹൗസ് ഭാഗത്തേക്കുള്ള റോഡിന്റെ വശത്ത് സ്കൂളിന്റെ ചുറ്റുമതില്‍ ഇടിഞ്ഞുവീഴാറായി. വാഹനങ്ങളും കാല്‍നടയാത്രികരും തുടര്‍ച്ചയായി കടന്നുപോകുന്ന ജനത്തിരക്കുള്ള സ്ഥലമാണിത്. കരിങ്കല്ല് അടുക്കിയ കെട്ട് ഇടിഞ്ഞാല്‍ വന്‍അപകടം ഉറപ്പാണ്. ഏത് നിമിഷവും ഇടിഞ്ഞുവീഴാവുന്ന നിലയില്‍ വളരെ അപകടാവസ്ഥയിലാണ് ഉയരത്തിലുള്ള ഈ കല്‍ക്കെട്ടുകള്‍.
സ്കൂള്‍ തുറന്നാല്‍ കുട്ടികള്‍ അപകടകരമായ കല്‍ക്കെട്ടിന്റെ മുകള്‍ ഭാഗത്ത് വരാറുണ്ട്. പലപ്പോഴും ഇതിന്റെ തൊട്ടുതാഴെയായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാറുണ്ട്. ശക്തമായ മഴ പെയ്താല്‍ ഇവിടം ഇടിഞ്ഞുവീണേക്കാം. അതിന് മുന്‍പായി സുരക്ഷാസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാണ് ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: