കുണ്ടറ: നെടുമ്പന പഞ്ചായത്തിലെ പനങ്ങാലം ഒന്നാംവാര്‍ഡില്‍ പട്ടികജാതി വിഭാഗത്തില്‍പെട്ട തേക്കിലാം വീട്ടില്‍ ശശിധരനും ഭാര്യ രമണിയും ഭീതിയോടെയാണ് കൂരയില്‍ കഴിയുന്നത്. മഴയില്‍ വീട് ഇടിഞ്ഞു വീണാല്‍ എങ്ങോട്ടു പോകുമെന്നറിയാതെ ആശങ്കയിലാണിവര്‍. മാനത്ത് മഴക്കാറു കണ്ടാല്‍ ദമ്പതികള്‍ അയല്‍വീട്ടില്‍ അഭയംതേടും. മണ്‍കട്ടകൊണ്ട് ഭിത്തി നിര്‍മിച്ച് പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞ മേല്‍ക്കൂര, അതാണ് ഇവര്‍ക്ക് സ്വന്തം വീട്.
വീട് തകര്‍ന്നുവെന്നും കിടക്കാനിടമില്ലെന്നും കാട്ടി പഞ്ചായത്തിലും വില്ലേജിലും നിരവധി തവണ അപേക്ഷകള്‍ നല്കി. വാര്‍ഡംഗം സ്ഥലം സന്ദര്‍ശിച്ച് വീട് പരിശോധിച്ചു. പിന്നീട് ഒരു നടപടിയും ഉണ്ടായില്ല. മകളെ വിവാഹം കഴിച്ച് അയച്ചതിനു പുറമേ മകന്‍ വിദേശത്ത് പോയതിന്റെ കടം വീട്ടാന്‍ തട്ടുകട ആരംഭിച്ചെങ്കിലും കോവിഡ് ബാധയെ തുടര്‍ന്ന് അതും നഷ്ടത്തിലായി. സിപിഎം പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും രണ്ടും മൂന്നും പ്രാവശ്യം വീട് അനുവദിച്ച് നല്‍കുന്ന വാര്‍ഡ് മെമ്പര്‍ ഇവരുടെ കാര്യത്തില്‍ കാണിക്കുന്നത് ഇരട്ടത്താപ്പാണെന്ന് ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: