മൂലമറ്റം: മൂവാറ്റുപുഴ നദീതട ജലസേചന പദ്ധതി (എംവിഐപി)യുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ നിര്‍വഹിക്കും. മന്ത്രി എം.എം. മണി, വി.എസ്. സുനില്‍കുമാര്‍ എന്നിവരും വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ചടങ്ങില്‍ സംബന്ധിക്കും. മലങ്കര ഡാമിന് സമീപം എന്‍ട്രന്‍സ് പ്ലാസയില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി കെ. കൃഷ്ണന്‍കുട്ടി അദ്ധ്യക്ഷനാവും.
കേരളത്തിലെ മുഖ്യ ജലവൈദ്യുത നിലയമായ ഇടുക്കി ജല വൈദ്യുത പദ്ധതിയുടെ മൂലമറ്റം പവര്‍ ഹൗസില്‍ നിന്നും വൈദ്യുതി ഉത്പാദന ശേഷം പാഴായിപ്പോകുന്ന ജലവും മറ്റ് സ്രോതസുകളില്‍ നിന്നുള്ള നീരൊഴുക്കും ഇടുക്കി, എറണാകുളം ജില്ലകളിലെ കര്‍ഷക സമൂഹത്തിന് പ്രധാനം ചെയ്യുവാനാണ് എംവിഐപി എന്ന പദ്ധതി 1974ല്‍ വിഭാവനം ചെയ്തത്.
പദ്ധതിയുടെ ഹെഡ് വര്‍ക്കായ മലങ്കര ഡാമിന്റെയും, മെയിന്‍ ബ്രാഞ്ച് കനാലുകളുടെയും നിര്‍മ്മാണം 100 ശതമാനം പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഉപകനാലുകള്‍ 95 ശതമാനം പൂര്‍ത്തീകരിച്ചു. പൂര്‍ത്തീകരിച്ച എല്ലാ കനാലുകളും ജലവിതരണം നടത്താന്‍ സജ്ജമാണ്. തൊടുപുഴ, മൂവാറ്റുപുഴ, കോതമംഗലം, പിറവം, കടുത്തുരുത്തി, ഏറ്റുമാനൂര്‍, കോട്ടയം എന്നീ നിയമസഭാമണ്ഡലങ്ങളിലെ 37 പഞ്ചായത്തുകളിലും 5 മുനിസിപ്പാലിറ്റികളിലും പദ്ധതിയുടെ പ്രയോജനം ലഭിക്കും.
മലങ്കര ഡാമിന്റെയും റിസര്‍വോയര്‍ ഭാഗങ്ങളുടെയും ടൂറിസം സാദ്ധ്യതകള്‍ മുന്‍നിര്‍ത്തി ഏകദേശം 100 കോടിയോളം രൂപയുടെ പദ്ധതി, ടൂറിസം വകുപ്പിന് സമര്‍പ്പിച്ചിട്ടുണ്ട്. ഇത് യാഥാര്‍ത്ഥ്യമാകുന്നതോടെ ഈ പ്രദേശത്തിന്റെ മുഖഛായ തന്നെ മാറുന്നതാണ്. അതുപോലെ പദ്ധതി പ്രദേശത്ത് ഏറ്റെടുത്ത സ്ഥലങ്ങളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് വൈദ്യുതി ഉത്പാദനം നടത്തുവാനുളള പദ്ധതികള്‍ ആവിഷ്‌കരിച്ചുവരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: