ചെറുതോണി: കഞ്ഞിക്കുഴിയില്‍ പാലിയേറ്റീവ് കെയര്‍ നഴ്സിന് കൊറോണ സ്ഥിരീകരിച്ചതോടെ ആശങ്ക പടരുന്നു. പഞ്ചായത്തിലെ 3 വാര്‍ഡുകളിലും വാഴത്തോപ്പിലെ ഒരു വാര്‍ഡിലും കര്‍ശന നിയന്ത്രണത്തിന് സാധ്യത. ഇവ കണ്ടെയ്ന്മെന്റ് സോണിലേക്ക് മാറ്റുന്നത് സംബന്ധിച്ച തീരുമാനം ഇന്നുണ്ടാകും. നഴ്സ് ജോലി ചെയ്തിരുന്ന കഞ്ഞിക്കുഴി തള്ളക്കാനത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രവും ഇവരുടെ ഭര്‍ത്താവ് ജോലി ചെയ്തിരുന്ന പൈനാവിലെ എസ്ബിഐയുടെ ബ്രാഞ്ചുമാണ് അടച്ചത്.
ആരോഗ്യ പ്രവര്‍ത്തകയ്ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇവരുമായി ബന്ധപ്പെട്ട് 15 പ്രൈമറി കോണ്ടാക്ട് കണ്ടെത്തി. ഇവരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശിച്ചു. രോഗ ലക്ഷണങ്ങളൊന്നുമില്ലാതിരുന്നിട്ടും ഹൈ റിസ്ക്കുള്ള ആളുകളില്‍ നടത്തുന്ന സ്രവ പരിശോധനയ്ക്കിടെയാണ് രോഗം കണ്ടെത്തിയത്. ഇവര്‍ക്ക് എവിടുന്നാണ് വൈറസ് ബാധയേറ്റതെന്ന് അറിവായിട്ടില്ല. ധാരാളം പേരുമായി ഇവര്‍ സമ്പര്‍ക്കത്തിലേര്‍പ്പെട്ടിട്ടുണ്ട്. വീടുകളിലെത്തിയടക്കം കിടപ്പിലായ രോഗികളെ പരിചരിച്ചിട്ടുണ്ട്. ഇവരുടെ ഭര്‍ത്താവ് പൈനാവ് എസ്ബിഐയിലെ സെക്യൂരിറ്റി ജീവനക്കാരനാണ്.
ഫയര്‍ഫോഴ്സ് എത്തി ബാങ്ക് അണുവിമുക്തമാക്കി. മൂന്ന് ദിവസം കഴിയുമ്പോള്‍ പുതിയ ജീവനക്കാരെ ഉപയോഗിച്ച് ബ്രാഞ്ച് തുറക്കും. ഇതോടെ ജില്ലാസ്ഥാനം കനത്ത നിരീക്ഷണത്തിലായി. ഇവിടെയെത്തിയാണ് കളക്ട്രേറ്റ് അടക്കമുള്ള സമീപങ്ങളിലെ ഉദ്യോഗസ്ഥര്‍ ഇടപാടുകള്‍ നടത്തിയിരുന്നത്. ജീവനക്കാരന് രോഗം കണ്ടെത്തിയാല്‍ ഇത് ജില്ലാ ആസ്ഥാനത്തിന്റെ മൊത്തം പ്രവര്‍ത്തനത്തെ വരെ ബാധിക്കും.
ഇവിടെ വിവിധ ആവശ്യങ്ങള്‍ക്കായി നിരവധി ഓഫീസുകളിലെ ഉദ്യോഗസ്ഥര്‍ പതിവായി എത്താറുണ്ട്. കഴിഞ്ഞ ദിവസം കട്ടപ്പനയില്‍ പുരുഷ നഴ്സിന് രോഗം സ്ഥിരീകരിച്ചിരുന്നു. ഈ രണ്ട് പേരും വേണ്ട മുന്‍കരുതലുകള്‍ എടുത്തിരുന്നുവെന്ന് പറയുമ്പോഴും വീഴ്ചയുണ്ടായിട്ടുണ്ടെന്ന് ഇത് വ്യക്തമാക്കുന്നു.
ജില്ലാസ്ഥാനത്തെ മറ്റ് സമീപ പഞ്ചായത്തുകളിലും വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയ നിരവധിപേരുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര് രോഗികളാകുമെന്നാണ് വിലയിരുത്തല്‍. രോഗികളെ കിടത്തുന്നതിന് കൂടുതല്‍ കെട്ടിടങ്ങള്‍ ഏറ്റെടുക്കുന്നതിന് നടപടികളാരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: