തിരുവനന്തപുരം: ആയൂര്‍വേദ സ്ഥാപനമായ പങ്കജ കസ്തൂരിയുടെ കോവിഡിനുള്ള ആയൂര്‍വേദ മരുന്ന് -സിങ്കിവീര്‍ വിജയത്തിലേയക്ക്. രോഗികള്‍ക്കിടയില്‍ സിങ്കിവീര്‍-എച്ച് പ്രതീക്ഷാര്‍ഹമായ ഇടക്കാല ക്ലിനിക്കല്‍ ട്രയല്‍ ഫലങ്ങള്‍ നല്‍കിയതായി പങ്കജ കസ്തൂരി ഹെര്‍ബല്‍സ് ഇന്ത്യ പ്രഖ്യാപിച്ചു. പങ്കജ കസ്തൂരി ഹെര്‍ബല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ സ്ഥാപകനായ ഡോ. ജെ ഹരീന്ദ്രന്‍ നായര്‍ വികസിപ്പിച്ചെടുത്ത ഏഴ് ഘടകങ്ങളില്‍ നിന്നു നിര്‍മിച്ച ഹെര്‍ബോ-മിനറല്‍ ഔഷധമാണ് സിങ്കിവീര്‍-എച്ച്. കോവിഡ് 19 പോലുള്ള ആരോഗ്യ അവസ്ഥകളില്‍ ചെലവു കുറഞ്ഞതും മികച്ചതുമായ പരിഹാരമായി ആയുര്‍വേദത്തിനുള്ള സാധ്യതയാണ് ഇതിലൂടെ കമ്പനി പ്രതീക്ഷിക്കുന്നത്.
പ്രതിദിന അലര്‍ജി മുതല്‍ കൂടുതല്‍ സങ്കീര്‍ണമായ ഓട്ടോഇമ്യൂണ്‍ രോഗങ്ങള്‍ പോലുള്ളവയ്‌ക്കു വരെ ചികില്‍സയ്‌ക്കു സഹായകമായ ദീര്‍ഘവും വിവിധ തലങ്ങളിലുള്ളതുമായ പാരമ്പര്യമാണ് ആയുര്‍വേദത്തിനുള്ളതെന്ന് പങ്കജ കസ്തൂരി ഹെര്‍ബല്‍സ് ഇന്ത്യ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ഡോ. ജെ. ഹരീന്ദ്രന്‍ നായര്‍ ചൂണ്ടിക്കാട്ടി. ആഗോള മഹാമാരിയായി മാറിയ ഒരു രോഗത്തിനെതിരെ പോരാടുന്നതില്‍ നമ്മുടെ പ്രതിരോധ ശേഷിക്ക് വളരെ നിര്‍ണായക സ്ഥാനമുള്ള അസാധാരണമായ ഒരു സാഹചര്യത്തിലൂടെയാണു നാം കടന്നു പോകുന്നത്. ഫലപ്രദവും ചെലവു കുറഞ്ഞതും മികച്ചതുമായ ചികില്‍സ വികസിപ്പിക്കുന്നതിനു സഹായിക്കാന്‍ ആയുര്‍വേദത്തിനു ശക്തിയുണ്ടെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പങ്കജ കസ്തൂരിയുടെ പുതിയ ഔഷധമായ സിങ്കിവീര്‍എച്ച് 112 രോഗികളില്‍ അഡ്ജങ്ക്ട് ചികില്‍സയായും മറ്റു 135 രോഗികളില്‍ സ്റ്റാന്റ് എലോണ്‍ ചികില്‍സയായും ഒരു ഡബിള്‍ ബ്ലൈന്റ് പഠനത്തില്‍ ക്ലിനിക്കല്‍ ട്രയല്‍ നടത്തി വരികയാണ്.
96 രോഗികളില്‍ അഡ്ജങ്ക്ട് ചികില്‍സ പുരോഗമിക്കുകയാണ്. ഇതില്‍ 42 പോരുടെ ഫലമാണ് ഇടക്കാല റിപോര്‍ട്ടായി പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഈ 42 പേരില്‍ 22 പേര്‍ക്ക് സിങ്കിവീര്‍-എച്ച് ചികില്‍സയാണ് നല്‍കിയത്. 20 പേരെ പ്ലാസിബോ ചികില്‍സയ്‌ക്കാണു വിധേയരാക്കിയത്. സിങ്കിവീര്‍-എച്ച് ചികില്‍സ നല്‍കിയവരെ നാലാം ദിവസം ഡിസ്ചാര്‍ജ് ചെയ്തപ്പോള്‍ മറ്റ് 20 പേര്‍ അഞ്ചു മുതല്‍ 11 വരെ ദിവസങ്ങള്‍ കോവിഡ് 19 പോസിറ്റീവ് ആയി തുടര്‍ന്നു.
ഫലങ്ങള്‍ വളരെ പോസിറ്റീവ് ആണെന്നും ട്രയല്‍ തുടരുകയാണെന്നും ഡോ. നായര്‍ പറഞ്ഞു. ഔഷധം അംഗീകരിക്കപ്പെട്ടാല്‍ കോവിഡ് 19 ചികില്‍സയ്‌ക്കുള്ള ടാബ്ലറ്റ് നല്‍കാന്‍ തങ്ങള്‍ സജ്ജരാണെന്നും ഫലപ്രദമായ വേഗത്തിലുള്ള വിതരണത്തിനു സര്‍ക്കാര്‍ സംവിധാനങ്ങളുമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: