ആത്മതത്ത്വനിരൂപണം തുടരുന്നു.
ആത്മാവിന്റെ സവിശേഷതകള്‍
നിത്യം-
ആത്മാവ് നിത്യനും നാശമില്ലാത്തവനും, സ്ഥലം കാലം എന്നീ പരിമിതികള്‍ ഇല്ലാത്തതുമാണ്. ഒരു മാറ്റവുമില്ലാതെ എന്നും എപ്പോഴും ഒരു പോലെയുള്ളതാണ്.
വിഭു- സര്‍വശക്തനും അപാര മഹിമയുള്ളതാണ്. പഞ്ചമഹാഭൂതങ്ങളിലുള്പ്പടെ എങ്ങും നിറഞ്ഞവനാണ്. വൈഭവ ശാലിയാണ്.
സര്‍വഗതം- എല്ലായിടത്തും എത്തിച്ചേര്‍ന്നത്. സര്‍വവ്യാപി തന്നെ. എല്ലായിടത്തും വ്യാപിച്ചു നില്ക്കുന്നു എന്നതിനാല്‍ വളരെയേറെ സൂക്ഷ്മമാണ്. അത് ഇല്ലാത്ത ഇടമില്ല.
സുസൂക്ഷ്മം- ഏറ്റവും സൂക്ഷ്മമായിരിക്കുന്നത്. എത്രകണ്ട് സൂക്ഷ്മമാകുന്നു അത്രകണ്ട് വ്യാപിച്ചിരിക്കും. ഐസ് കട്ട, വെള്ളം, നീരാവി എന്നിവ നോക്കിയാല്‍ ഒന്ന് മറ്റൊന്നിനേക്കാള്‍ സൂക്ഷ്മമാണെന്നും അതു കാരണം കൊണ്ട് കൂടുതല്‍ വ്യാപിച്ചിരിക്കുന്നു എന്നും അറിയാനാകും. എല്ലായിടും നിറഞ്ഞ് നില്ക്കുന്ന ആകാശത്തേക്കാള്‍ സൂക്ഷ്മമാണത്. എല്ലാറ്റിനേയും വ്യാപിച്ചു നില്ക്കണമെങ്കില് അവയേക്കാള്‍ ഒക്കെ സൂക്ഷ്മമാകണം.
അന്തര്‍ ബഹിഃശൂന്യം- അകവും പുറവുമില്ലാതെയുളളത്. എല്ലായിടത്തും നിറഞ്ഞു നില്ക്കുന്ന ഒന്നിന് അകം പുറം ഭേദമുണ്ടാകില്ല. രണ്ടാമതൊന്നുണ്ടെങ്കിലല്ലേ അകം പുറം തുടങ്ങിയ വ്യത്യാസം തന്നെയുണ്ടാകൂ.
അനന്യം ആത്മനഃ- തന്നില്‍ നിന്ന് അന്യമല്ലാത്തത്, സ്വസ്വരൂപമായിരിക്കുന്നതാണ്. അത് മറ്റെവിടെയോ അല്ല. താന്‍ തന്നെ തന്റെ യഥാര്‍ത്ഥ സ്വരൂപമായി സ്ഥിതി ചെയ്യുന്നതാണ്.
പരമാത്മാവിനെ താന്‍ തന്നെയായി സാക്ഷാത്കാക്കണം. പരമാത്മ തത്ത്വം തന്റെ സ്വരൂപം തന്നെയാണ് അറിഞ്ഞയാള്‍ ശോകമില്ലാത്തവനായിത്തീരും. ഞാന്‍ എന്നെ വാസ്തവമായി അറിയുന്നു .എനിക്ക് എന്നെ വ്യക്തമായി അറിഞ്ഞാല്‍ പിന്നെ വേറെ എന്താണ് ഉള്ളത്. അത് ശരിയ്ക്കും അനുഭവമായി വരേണ്ട കാര്യമാണ്. പിന്നെ യാതൊരു സംശയവും ഉണ്ടാവുകയുമില്ല. നമ്മുടെ സ്വന്തം അറിവും അനുഭവവുമാണ് ഏറ്റവും പ്രധാനം. ഗ്രന്ഥങ്ങള്‍ക്കും ആചാര്യന്മാര്ക്കും ആത്മതത്ത്വത്തിനെ ചൂണ്ടിക്കാണിച്ചു തരാനാകും. പക്ഷേ അനുഭവമാക്കേണ്ടത് നമ്മളാണ്. അതിനെ നിരന്തരമായ അനുഭവമാക്കണം.
വിപാപ്മാ- ആത്മതത്ത്വത്തെ സാക്ഷാത്കരിച്ചയാള്‍ എല്ലാ പാപങ്ങളില്‍ നിന്നും മുക്തനാകും. മനസ്സിലെ അധാര്‍മ്മിക വാസനകളാണ് പാപം. ആത്മജ്ഞാനം നേടിയവരുടെ മനസ്സില്‍ അത്തരം പാപമാലിന്യങ്ങള്‍ ഉണ്ടാകില്ല.
വിരജഃ- രജസ്സ് ഇല്ലാത്തവനാകുന്നു. മനസ്സിലെ രജോ മാലിന്യങ്ങള്‍ പാടെ നീങ്ങും. രജസ്സ് എന്ന പൊടിപടലം എന്നും പറയാം. മനസ്സിന്റെ കലങ്ങി മറിഞ്ഞ അവസ്ഥയാണത്.പാപമാലിന്യങ്ങള്‍ നീങ്ങിയാല്‍ മനസ്സ് താനെ വിരജമാകും. പുണ്യവാസനകള്‍ പോലും പരമാനന്ദ അനുഭവത്തിന് തടസ്സമാണ്. പാപപുണ്യങ്ങള്‍ക്ക് അപ്പുറമാണ് പരമപദം.
വിമൃത്യുഃ- ആത്മജ്ഞാനി മരണത്തെ മറികടക്കുന്നു. മരണമില്ലെങ്കില്‍ പിന്നെ ജനനവുമില്ല. ജനനമരണങ്ങള്ക്കപ്പുറമാണ് എത്തേണ്ട പരമ സ്ഥാനം. അവിടെയെത്തില്‍ പിന്നെ തിരിച്ചുവരവില്ല.
മരണം എന്ന് പറഞ്ഞാല്‍ പരിണാമമാണ്. ആത്മസ്വരൂപമല്ലാതെ ചുറ്റും കാണുന്നതെല്ലാം നിരന്തരം മാറ്റങ്ങള്‍ക്ക് വിധേയമായതാണ്. നശ്വരമായവയാണ് ശരീര മനോബുദ്ധികളും അവയിലൂടെ അനുഭവിക്കന്ന വിഷയങ്ങളുമെല്ലാം. ജ്ഞാനി ഒരിക്കലും ഈ നശിക്കുന്നവയില്‍ പെട്ട് പോകുന്നവനല്ല. അദ്ദേഹം എല്ലാ മാറ്റങ്ങള്‍ക്കും അതീതനായവനാണ്. ആത്മസാക്ഷാത്കരമാകുന്ന പൂര്‍ണത അനുഭവിക്കുന്ന ജ്ഞാനിയ്ക്ക് മുന്നില്‍ ഈ നശ്വര ജഗത്തും സകലതും മരണ തുല്യമായവയാണ്. ആത്മജ്ഞാനി മൃത്യുവിനെ കടന്നതിനാല്‍ ഇവയൊന്നും ബാധകമല്ല. പരമപദപ്രാപ്തി അത്രമേല്‍ ശ്രേഷ്ഠമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: