ന്യൂദല്‍ഹി: യുഎഇയില്‍ നിന്ന് സ്വര്‍ണം കൊണ്ടുവന്ന ബാഗ് ഡിപ്ലോമാറ്റിക് ബാഗേജ് അല്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. വിദേശരാജ്യത്ത് നിന്ന് എംബസികളിലേക്ക് ആ രാജ്യം ഔദ്യോഗികമായി അയക്കുന്നത് മാത്രമാണ് ഡിപ്ലോമാറ്റിക് ബാഗേജ്. സര്‍ക്കാര്‍ നേരിട്ട് മറ്റു രാജ്യങ്ങളിലെ എംബസികളിലെ നയതന്ത്ര പ്രതിനിധികളുടെ പേരില്‍ അയക്കുന്നത് മാത്രമാണ് ഡിപ്ലോമാറ്റിക് ബാഗേജ്. എന്നാല്‍ ഇത് ഒരു വ്യക്തിക്ക് വന്ന പാഴ്‌സലാണ്. അതിന് മുകളില്‍ ഡിപ്ലോമാറ്റിക് ബാഗേജെന്ന് എഴുതിയിരുന്നു.
ബാഗേജ് ഏറ്റുവാങ്ങുന്നതിനായി സമര്‍പ്പിക്കേണ്ട യഥാര്‍ത്ഥ ഫോമല്ല കസ്റ്റംസില്‍ സമര്‍പ്പിച്ചത്. ഇതാണ് സംശയത്തിന് ഇടയാക്കിയത്. ഇന്ത്യയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഒരു രാജ്യത്തിന്റെ പ്രതിനിധിക്ക് വന്ന ബാഗേജ് എന്ന നിലയിലാണ് തുറന്നു പരിശോധിക്കുന്നതിന് കസ്റ്റംസ് വിദേശകാര്യ മന്ത്രാലയത്തിന് അപേക്ഷ നല്‍കിയത്. വെള്ളിയാഴ്ച വന്ന പാഴ്‌സല്‍ ഞായറാഴ്ച ഉച്ചയ്‌ക്ക് മുമ്പ് തന്നെ തുറന്ന് പരിശോധിച്ചു.
നയതന്ത്ര നടപടികളെല്ലാം പൂര്‍ത്തിയാക്കി അതിവേഗത്തിലാണ് വിദേശകാര്യ വകുപ്പ് അനുമതി നല്‍കിയത്. യുഎഇ സര്‍ക്കാര്‍ പ്രതിനിധിയുടെ സാന്നിധ്യത്തിലാണ് പരിശോധന നടത്തിയത്. യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥനില്‍ നിന്ന് വിവരങ്ങള്‍ ആരായണമെന്ന് കസ്റ്റംസ് ആവശ്യപ്പെട്ടിട്ടുണ്ട്. ആ അപേക്ഷ വിദേശകാര്യ വകുപ്പിന്റെ പരിഗണനയിലാണ്. ചില നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചാലുടന്‍ യുഎഇ പ്രതിനിധിയെ കസ്റ്റംസ് ചോദ്യം ചെയ്യും, വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: