തൃശൂര്‍: മുണ്ടൂര്‍ അവണൂരില്‍ ഇരട്ടക്കൊലക്കേസ് പ്രതിയായ വരടിയം തുഞ്ചന്‍ നഗറില്‍ ചിറയത്ത് വീട്ടില്‍ സിജോയെ (28) വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കുറ്റൂര്‍ തവളക്കുളം ഈച്ചരത്ത് വീട്ടില്‍ പ്രതീഷ് (27) ആണ് അറസ്റ്റിലായത്.
ഗുണ്ടാ കുടിപ്പകയുടെ ഭാഗമായി 2019 ഏപ്രില്‍ 24ന് മുണ്ടൂര്‍ അവണാവ് റോഡില്‍ ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ മുണ്ടൂര്‍ മൈലാംകുളം സ്വദേശി ശ്യാം (24), മുണ്ടത്തിക്കോട് സ്വദേശി ക്രിസ്റ്റോ (25) എന്നിവരെ പിക്ക് അപ്പ് വാന്‍ ഓടിച്ചുവന്ന് ഇടിച്ചുതെറിപ്പിച്ച് വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതിയാണ് കൊല്ലപ്പെട്ട സിജോ. കൊല്ലപ്പെട്ട ശ്യാമിന്റെ സുഹൃത്തും അനുയായിയുമാണ് കേസില്‍ അറസ്റ്റിലായ പ്രതീഷ്.
യുവാക്കളെ ഇടിച്ചു വീഴ്ത്തിയ വാന്‍ ഓടിച്ചിരുന്നത് സിജോയായിരുന്നതിനാല്‍ എതിര്‍സംഘത്തിലുള്ളവരുടെ വധഭീഷണി നേരത്തേയുണ്ടായിരുന്നു. സിജോയെ സംഭവസ്ഥലത്തേക്ക് വിളിച്ചുവരുത്തിയാണ് വെട്ടിവീഴ്ത്തിയതെന്നും സുഹൃത്തിന്റെ കൊലപാതകത്തെ തുടര്‍ന്നുള്ള വൈരാഗ്യവും സിജോയുമായുള്ള കഞ്ചാവ് കച്ചവടത്തിലെ തര്‍ക്കങ്ങളുമാണ് കൊലപാതകത്തിന് കാരണമെന്നും പോലീസിനോട് പ്രതി വെളിപ്പെടുത്തി. കൊലപാതകത്തിനു ശേഷം കുറ്റൂര്‍ എംഎല്‍എ റോഡില്‍ ഒഴിഞ്ഞ കെട്ടിടത്തില്‍ ഒളിച്ചു താമസിക്കുകയായിരുന്നു പ്രതീഷെന്ന് പോലീസ് പറഞ്ഞു.
കേസില്‍ അഞ്ചു പേരെ കൂടി പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട കൊലപാതക സമയത്ത് സിജോയുടെ കൂടെയുണ്ടായിരുന്നവര്‍ അക്രമികളില്‍ നിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു. ഇവര്‍ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മാരകായുധങ്ങളുമായി സംഘം രണ്ട് കാറുകളിലായാണ് തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നോടെ സംഭവസ്ഥലത്തേക്ക് എത്തിയത്. അക്രമികളെത്തിയ രണ്ട് കാറുകളും പിന്നീട് പോലീസ് കണ്ടെത്തി.
ഇരട്ടക്കൊലപാതക കേസിനു പുറമേ ബോംബ് നിര്‍മ്മിച്ചതുമുള്‍പ്പെടെ 7 കേസുകളില്‍ പ്രതിയാണ് കൊല്ലപ്പെട്ട സിജോ. കൊലപാതകത്തില്‍ പത്തോളം പേര് ഉള്‍പ്പെട്ടിട്ടുണ്ടെന്നും മറ്റ് പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ പി.പി. ജോയ് അറിയിച്ചു. സിജോവിനെ ഫോണില്‍ വിളിച്ചതിനെ തുടര്‍ന്നാണ് മറ്റു നാലു സുഹൃത്തുക്കളുമൊത്ത് മണിത്തറയിലെത്തിയത്. രണ്ടു ബൈക്കുകളിലായെത്തിയ ഇവരെ ബൈക്കുകളിലും രണ്ടു മാരുതി സ്വിഫ്റ്റ് കാറുകളിലുമായെത്തിയ അക്രമി സംഘം ഇടിച്ച് തെറിപ്പിച്ചു.
താഴെ വീണ ഇവരില്‍ സിജോവിനെ തെരഞ്ഞ് പിടിച്ച് വലിച്ചിഴച്ച് കൊണ്ടുവന്ന് വടിവാളും മാരകായുധങ്ങളും കൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സിജോ ഏതെങ്കിലും വിധത്തില്‍ രക്ഷപെട്ടോടിയാല്‍ വെട്ടിവീഴ്ത്താനായി ഇടവഴികളിലും കവലകളിലും ബൈക്കുകളിലായി അക്രമിസംഘത്തിലുള്ളവര്‍ ഒളിച്ചിരുന്നതായി പോലീസ് പറഞ്ഞു. സിജോവിന്റെ കൂടെയുണ്ടായിരുന്നവരുടെ മൊഴിയുടെ അടിസ്ഥാനത്തിലും മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുമാണ് കേസന്വേഷണം പുരോഗമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: