ന്യൂദല്‍ഹി : സംസ്ഥാന സര്‍ക്കാരിനെ തന്നെ പ്രതിക്കൂട്ടിലാക്കിയ സ്വര്‍ണ്ണക്കടത്ത് കേസില്‍ കേന്ദ്ര ഇടപെടല്‍. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നേരിട്ട് സ്വര്‍ണ്ണക്കടത്ത് കേസിന്റെ വിശദാംശങ്ങള്‍ വിലയിരുത്തി. യുഎഇ കോണ്‍സുലേറ്റ് ഡിപ്ലൊമാറ്റിക് ബാഗ്ഗേജ് വഴിയുള്ള സ്വര്ണ്ണക്കടത്തല് ദേശീയ തലത്തില്‍ വിവാദമായി. ഈ സാഹചര്യത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നേരിട്ട് ഇടപെടുന്നത്.
ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും, കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് എന്നിവര്‍ കൂടിക്കാഴ്ച നടത്തി വിഷയം ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു. അതിന് പിന്നാലെയാണ് അമിത്ഷാ നേരിട്ട് ഇടപെടല്‍ നടത്തുന്നത്. സ്വര്‍ണക്കടത്ത് കേസിന്റെ വിശദാംശങ്ങള്‍ അദ്ദേഹം വിലയിരുത്തി.
കസ്റ്റംസിന് പുറമെ മറ്റ് കേന്ദ്ര ഏജന്‍സികളെ അന്വേഷണം ഏല്‍പ്പിക്കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നാണ് സൂചന. കേസിന്റെ വിവരങ്ങള്‍ ഇന്റലിജന്‍സ് ബ്യൂറോയും റോയും പരിശോധിച്ചു വരികയാണ്. സ്വര്‍ണ്ണക്കടത്തില്‍ ഉന്നത ഉദ്യോഗസ്ഥരുടെ പങ്കാളിത്തം സംബന്ധിച്ച് കഴിഞ്ഞ ദിവസം സിബിഐ സംഘം കൊച്ചി കസ്റ്റംസ് ഓഫീസിലെത്തി പ്രാഥമിക അന്വേഷണം നടത്തിയിരുന്നു.
കേസിലെ അന്താരാഷ്ട്ര ബന്ധങ്ങള്‍, ഉന്നതതല ഇടപെടലുകള്‍ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഐബി അന്വേഷിക്കുന്നത്. കേസുമായി ബന്ധപ്പെട്ട നിഗൂഢതകളും സ്വര്‍ണ്ണത്തിന്റെ ഉറവിടവും ആര്‍ക്ക് വേണ്ടി കടത്തി എന്നതും റോ പരിശോധിച്ചു വരികയാണ്. അന്താരാഷ്ട്ര ഭീകരവാദ സംഘങ്ങളുമായോ കള്ളക്കടത്ത് മാഫിയകളുമായോ ഉള്ള ബന്ധത്തിന്റെ സൂചനകള്‍ ലഭിച്ചാല്‍ എന്‍ഐഎ ഇടപെടലിന് അമാന്തമുണ്ടാകില്ലെന്നാണ് വിവരം.
അതേസമയം സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചത് നാടകമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് അറിയിച്ചു. എന്തിനാണീ ചവിട്ടുനാടകം, കേസ് സിബിഐക്കു വിടാന്‍ ഒരു തീരുമാനം സര്ക്കാരിനെടുക്കാമായിരുന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: