കാസര്‍കോട്: ജില്ലയിലെ അതിര്‍ത്തികളിലുള്ള പിഎച്ച്സികളില് ചികിത്സയ്ക്കെത്തുന്ന ഇതര സംസ്ഥാനങ്ങളിലെ ആളുകളിലും കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ പാണത്തൂര്‍ പോലുള്ള അതിര്‍ത്തി പ്രദേശങ്ങളിലെ പിഎച്ച്സികളില് ചികിത്സയ്ക്കെത്തുന്നവര്‍ മേല്‍വിലാസം തെളിയിക്കുന്ന തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമായും കരുതണം. കൃത്യമായ മേല്‍വിലാസം തെളിയിക്കുന്ന രേഖകള്‍ ഇല്ലാത്തവര്‍ക്ക് ചികിത്സ അനുവദിക്കില്ല.
വിവാഹ ചടങ്ങുകള്‍ക്ക് ജൂലൈ 31 വരെ പാസ് അനുവദിക്കില്ല
ഇത രസംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പുതിയതായി ജൂലൈ 31 വരെ പാസ് അനുവദിക്കില്ല. നിലവില്‍ പാസ് അനുവദിച്ചവരില്‍ അഞ്ച് പേര്‍ക്ക് മാത്രമാണ് അനുമതി നല്‍കുക.
65 ന് മുകളിലും 10 താഴെയുമുള്ളവര്‍ക്ക് പൊതുഗതാഗതത്തിന് വിലക്ക്
പ്രായമായവരില്‍ കോവിഡ് വ്യാപന സാധ്യത കൂടുതല്‍ ഉള്ളതിനാല്‍ പൊതു ഗതതാഗതം സംവിധാനമായ കെഎസ്ആര്‍ടിസി, പ്രൈവറ്റ് ബസുകളിലും പൊതു ഇടങ്ങളിലും 65 വയസിന് മുകളില്‍ പ്രായമുള്ളവരെയും 10 വയസില്‍ താഴെയുള്ളവരെയും കയറ്റാന്‍ പാടില്ലെന്ന് ജില്ല കോറോണ കോര്‍ കമ്മിറ്റി യോഗം തിരുമാനിച്ചു.
പൊതുപരിപാടികള്‍ക്ക് നിയന്ത്രണം
സുഭിക്ഷ കേരളം പോലുള്ള പരിപാടികളില്‍ ഉദ്ഘാടന ചടങ്ങുകള്‍ ഉള്‍പ്പെടെയുള്ളവ ജൂലൈ 31 വരെ ഒഴുവാക്കണം. കോവിഡ് മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി ആളുകള്‍ കൂട്ടം കൂടുന്നത് തടയാനാണിത്.
കായിക മത്സരങ്ങള്‍ പാടില്ല
ഫുട്ബോള്‍, ക്രിക്കറ്റ് തുടങ്ങിയ കായിക മത്സരങ്ങള്‍ ജൂലൈ 31 വരെ അനുവദിക്കില്ല. ഇത് സംബന്ധിച്ച് ജില്ലയിലെ ക്ലബ്ബുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിര്‍ദ്ദേശം ലംഘിച്ച് കായിക മത്സരങ്ങള്‍ നടത്തുന്ന ക്ലബുകള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കും. മത്സരങ്ങളില്‍ പങ്കെടുക്കുന്നത് 18 വയസില്‍ താഴെയുള്ളവരാണെങ്കില്‍ അവരുടെ രക്ഷിതാക്കള്‍ക്കെതിരെയും 18 വയസിന് മുകളിലുള്ളവരാണെങ്കില്‍ അവര്‍ക്കെതിരെയും കേസെടുക്കും.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ അനാവശ്യ യാത്രകള്‍ നടത്തുന്നത് പരിശോധിക്കുന്നതിന് പോലീസിന് പുറമേ റവന്യു ഫോറസ്റ്റ്, ആര്‍ടി ഒ, എക്സൈസ് ഉദ്യോഗസ്ഥരെ നിയമിച്ചു. എന്മകജെ പഞ്ചായത്തിലെ അതിര്‍ത്തി പ്രദേശത്ത് താത്കാലിക റേഷന്‍കട ആരംഭിക്കുന്നതിന് ജില്ലാ സെപ്ലൈ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്കി. ജില്ലയില്‍ നടപ്പാക്കി വരുന്ന മാഷ് പദ്ധതിയിലെ അധ്യാപകരെ കൂടി ഉള്‍പ്പെടുത്തി കോവിഡ് നിയന്ത്രണ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതിന് ബോധവത്കരണം നല്‍കാനും തിരുമാനിച്ചു.
സംശയങ്ങള്‍ക്ക് കണ്ട്രോള് റൂം നമ്പറില്‍ വിളിക്കാം
കോവിഡ് പ്രതിരോധ പരിപാടികളുടെ ഭാഗമായി ജില്ലാ ഭരണകൂടം സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് കൂടുതല്‍ അറിയാനും സംശയദുരീകരണത്തിനും കളക്ടറേറ്റിലെ കണ്ട്രോള് റൂം നമ്പറില്‍ ബന്ധപ്പെടാം. ഫോണ്‍ 04994 255001.
പ്രതികരിക്കാൻ ഇവിടെ എഴുതുക: