മുള്ളേരിയ: കര്‍ണാടകയിലേക്ക് മദ്യം തേടി കോവിഡ് ഭീഷണിക്കിടയിലും ദിവസവും അതിര്‍ത്തി കടന്ന് പോകുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. മംഗളൂരു ഉള്‍പ്പെടുന്ന ദക്ഷിണ കന്നഡ ജില്ലയില്‍ കോവിഡ് സമൂഹ വ്യാപനത്തിന്റെ വക്കിലെത്തിയ സ്ഥിതിക്ക് ഇതു ജില്ലയില്‍ കോവിഡ് വ്യാപനത്തിനു കാരണമാകുമെന്ന ആശങ്കയുണ്ട്. സാമൂഹിക അകലമോ മറ്റ് മുന്‍ കരുതലോ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഇത്തരം മദ്യവില്പന കേന്ദ്രങ്ങളിലെത്തുന്നവരില്‍ അധികം പേരും കാസര്‍കോട് ജില്ലക്കാരാണ്.
അധികൃതരുടെ കണ്ണ് വെട്ടിച്ച് ഊടുവഴികള്‍ കടന്നാണ് പലരും ബാറുകളിലേക്കും മദ്യ ഷാപ്പുകളിലേക്കും പോകുന്നത്. ഇവര്‍ ക്വാറന്റീനില്‍ നില്‍ക്കാറില്ല. ജില്ലയിലെ പത്തിലധികം പഞ്ചായത്തുകള്‍ കര്‍ണാടയുമായി അതിര്‍ത്തി പങ്കിടുന്നവയാണ്. ഈ പഞ്ചായത്തുകളുടെയെല്ലാം അതിര്‍ത്തിയില്‍ കര്‍ണാടകയുടെ ഒന്നിലധികം മദ്യവില്പന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ദേലംപാടി പഞ്ചായത്ത് അതിര്‍ത്തിയില്‍ മാത്രം 4 വില്പന കേന്ദ്രങ്ങളുണ്ട്. നിരവധി പേരാണ് ദിവസവും ഇവിടേക്ക് പോയി വരുന്നത്. പാവപ്പെട്ട തൊഴിലാളികളും കൂലിപ്പണിക്കാരുമാണ് ഇതില്‍ അധികവും. വൈകുന്നേരങ്ങളില്‍ മദ്യം വാങ്ങാനെത്തുന്നവരുടെ വലിയ തിരക്കാണ് ഇവിടെയൊക്കെ. പിടിക്കപ്പെടാതിരിക്കാന്‍ മദ്യം അവിടെ വച്ച് തന്നെ കഴിച്ച് വരുന്നതിനാല്‍ പോലീസിനും ഒന്നും ചെയ്യാന്‍ കഴിയുന്നില്ല.
ദക്ഷിണ കന്നട ജില്ലയില്‍ ഉറവിടം അറിയാത്ത നിരവധി പേര്‍ക്കാണ് ദിവസവും കോവിഡ് ബാധിച്ചു കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ മദ്യപന്മാരുടെ യാത്രയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയില്ലെങ്കില്‍ വലിയ വിലനല്‍കേണ്ടി വരുമെന്ന ഭീതിയിലാണ് ജനങ്ങള്‍. കര്‍ണാടകയുമായി ബന്ധപ്പെട്ട് ഇത്തരം മദ്യവില്പന കേന്ദ്രങ്ങള്‍ അടയ്ക്കാനുള്ള ഇടപെടല്‍ നടത്തുന്നതിനൊപ്പം അതിര്‍ത്തി പഞ്ചായത്തുകളില്‍ ബോധവല്‍ക്കരണവും നടത്തിയാല്‍ മാത്രമേ കോവിഡ് വ്യാപനം തടയാന്‍ കഴിയുകയുള്ളൂവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: