വണ്ടിപ്പെരിയാര്‍: മേഖലയില്‍ വന്യജീവികളുടെ ശല്യം രൂക്ഷമാകുന്നു. ഇന്നലെ തേയിലത്തോട്ടത്തില്‍ ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളെ കാട്ടുപോത്ത് ആക്രമിച്ചു. കഴിഞ്ഞ ദിവസം കടുവയെ കണ്ടതിന് സമീപം മ്ലാവിനെ ചത്ത നിലയിലും കണ്ടെത്തി.
ഇന്നലെ ഉച്ചകഴിഞ്ഞ് 2.30യോടെ വണ്ടിപ്പെരിയാര്‍ അരണക്കല്‍ എസ്‌റ്റേറ്റിലെ തൊഴിലാളികളെയാണ് കാട്ടുപോത്ത് ആക്രമിച്ചത്. കാട്ടുപോത്തിനെ കണ്ട തൊഴിലാളികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന രണ്ട് ബൈക്കും ഒരു സ്‌കൂട്ടറും കാട്ടുപോത്ത് ഇടിച്ച് തെറിപ്പിച്ചു. വാഹനങ്ങള്‍ നിരങ്ങി എട്ട് അടിയോളം താഴെയുള്ള കെട്ടിന് താഴേക്ക് വീണു. അരണക്കല്‍ എസ്‌റ്റേറ്റിലെ ഏശുരാജ്, രാജ്കുമാര്‍, കുമാര സ്വാമി എന്നിവരുടെ വാഹനങ്ങളാണ് കാട്ടുപോത്ത് തകര്‍ത്തത്. മൂന്ന് വണ്ടികള്‍ക്കും സാരമായ തകരാര്‍ ഉള്ളതായി ഉടമകള്‍ പറയുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചെങ്കിലും ഏറെ വൈകിയാണ് ഇവരെത്തിയത്.
കഴിഞ്ഞവാരം വള്ളക്കടവിന് സമീപത്തെ ജനവാസ മേഖലയില്‍ കടുവ എത്തിയിരുന്നു. ആളുകള്‍ കൂടിയിട്ടും ബഹളം വെച്ചിട്ടും സ്ഥലം വിടാതെ കടുവ മേഖലയില്‍ തന്നെ തുടര്‍ന്നത് നാട്ടുകാരെ ആകെ ഭീതിയിലാഴ്‌ത്തിയിരുന്നു. ഇവിടെ നിന്ന് ഒരു കിലോ മീറ്ററോളം മാറിയാണ് ഇന്നലെ രാവിലെ മ്ലാവിനെ ചത്ത നിലയില്‍ കണ്ടെത്തിയത്. ആറ്റുപറമ്പില്‍ ശ്രീധരന്‍ എന്നയാളുടെ സ്ഥലത്താണ് പിന്‍വശത്ത് എന്തോ കടിച്ച ചത്ത നിലയില്‍ മ്ലാവിനെ കാണുന്നത്.
ഇരു സംഭവങ്ങളും പെരിയാര്‍ വന്യജീവി സങ്കേതത്തിനുള്ളില്‍ വരുന്ന മേഖലകളിലാണ്. എരുമേലി ഡിവിഷന് കീഴില്‍ വരുന്ന മേഖലയാണ് മ്ലാവിന് ചത്ത നിലയില്‍ കണ്ടെത്തിയത്. കടുവയോ പുലിയോ കൊന്നിട്ടതാകാം ഇതെന്നാണ് നാട്ടുകാര്‍ പറയുന്നത്. സാധാരണയായി ഇത്തരത്തില്‍ കൊന്ന ശേഷം ചീഞ്ഞ ശേഷമാകും ഇവയെ കടുവ ആഹാരമാക്കുന്നത്. സ്ഥലത്ത് വൈകിട്ടോടെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമെ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകുകയുള്ളു.
അതേ സമയം വണ്ടിപ്പെരിയാര്‍ മേഖലയില്‍ വന്യജീവി ശല്യം അടുത്ത നാളുകളിലായി ഏറി വരികയാണെന്ന് നാട്ടുകാര്‍ പറയുന്നു. അടുത്തിടെ ഏഴോളം പശുക്കളെ കടുവ കടിച്ച് കൊന്നിരുന്നു. വള്ളക്കടവ്, മാട്ടുപ്പെട്ടി, അരണക്കല്‍ മേഖലയിലാണ് കൂടുതല്‍ മൃഗങ്ങളിറങ്ങുന്നത്. ആന, കടുവ, പുലി, കരടി, കാട്ടുപന്നി, കാട്ടുപോത്ത് തുടങ്ങിയ വന്യജീവികളാണ് അധികമായി എത്തുന്നത്. ഇവ മനുഷ്യനെ ആക്രമിക്കുമെന്നതിനാല്‍ പ്രദേശവാസികള്‍ ഏറെ ഭയത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: