കേരളം കണ്ടതില്‍ വച്ച് ഏറ്റവും വലിയ രാഷ്‌ട്രീയ പ്രതിസന്ധിയാണ് ഇപ്പോഴുള്ളത്. ഭരണക്കാരും സ്ത്രീവിഷയങ്ങളും പലകുറി ചര്‍ച്ച ചെയ്യപ്പെട്ടതാണ്. അതിന്റെ പേരില്‍ പല മന്ത്രിമാര്‍ക്കും സ്ഥാന ‘ത്യാഗം’ ചെയ്യേണ്ടിയും വന്നിട്ടുണ്ട്. ഇപ്പോഴത്തെ പ്രതിസന്ധിയിലും സ്ത്രീ സാന്നിദ്ധ്യം പ്രധാനം തന്നെയാണ്. പക്ഷേ അതിനേക്കാള്‍ അധികം അപകടകരമായ മാനം ഇപ്പോഴുണ്ട്. കെ.കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഉദ്ഭവിച്ച ചാരക്കേസിനെക്കാള്‍ പ്രാധാന്യം ഇന്നുണ്ട്. ചാരക്കേസില്‍ രണ്ട് വിദേശ വനിതകളാണ് വില്ലത്തികളായത്. നമ്മുടെ ബഹിരാകാശ രംഗത്തെ ഫല ഗവേഷണ രഹസ്യങ്ങളും കൈമാറപ്പെട്ടു എന്ന പരാതി രാജ്യമാകെ കോളിളക്കം സൃഷ്ടിച്ചു. അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവു നേരിട്ടിടപെട്ട് ചില അട്ടിമറികള്‍ നടത്തി എന്ന പരാതിപോലും ഉയര്‍ന്നു. ചാരക്കേസ് വിവാദത്തില്‍ കെ. കരുണാകരന്റെ മുഖ്യമന്ത്രി സ്ഥാനം പോലും തെറിച്ചു. ചാരക്കേസും കെ.കരുണാകരനും തമ്മില്‍ ഒരു ബന്ധവുമില്ല. അദ്ദേഹത്തിനെതിരെ ഇതിന്റെ പേരില്‍ ആരും വിരല്‍ ചൂണ്ടിയിട്ടുമില്ല.
ചാരക്കേസിലെ ഒരു വിവാദ നായകനായിരുന്നു കരുണാകരന്റെ വിശ്വസ്തനായിരുന്ന ഐപിഎസുകാരന്‍ രമണ്‍ ശ്രീവാസ്തവ. അദ്ദേഹത്തെ എന്തു വില കൊടുത്തും സംരക്ഷിക്കാനുള്ള കരുണാകരന്റെ നീക്കങ്ങള്‍ തന്നെയാണ് വിനയായത്. ഒടുവില്‍ ശ്രീവാസ്തവയെ സസ്‌പെന്റ് ചെയ്തിട്ടും പിടിച്ചുനില്‍ക്കാനായില്ല എന്നത് വിസ്മരിച്ചുകൂട. കരുണാകരന്റെ രാജിക്ക് കാരണക്കാരനായ ശ്രീവാസ്തവ ഇപ്പോള്‍ പിണറായിയുടെ ഉപദേശകനാണ്. ഇപ്പോഴത്തെ വിവാദം രാജ്യദ്രോഹത്തോളം വളര്‍ന്ന വിഷയത്തെ ചൊല്ലിയാണ്. വിമാനത്താവളത്തിലെ നയതന്ത്ര വഴിയിലൂടെ സ്വര്‍ണക്കടത്ത് നടത്തുക എന്നത് കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ്. രാജ്യത്തിന്റെ സമ്പദ്ഘടനയെ ബാധിക്കുന്ന, രാജ്യരക്ഷയ്‌ക്ക് ദോഷമായി ഭവിക്കുന്ന കള്ളക്കടത്തിലെ പ്രതികളെന്ന് ഇതിനകം ആരോപിക്കപ്പെട്ട് കസ്റ്റംസ് കസ്റ്റഡിയിലായി. അവരും മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള ബന്ധമാണ് രാജ്യം ഇപ്പോള്‍ സജീവമായി ചര്‍ച്ച ചെയ്യുന്നത്. മികവാര്‍ന്ന തന്റെ ഭൂതകാല ചരിത്രത്തെയും ഓഫീസിന്റെ മേന്മയേയും ഇല്ലാതാക്കാനുള്ള സംഘടിത ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ആദ്യ പ്രതികരണം. കള്ളക്കടത്തിലെ മുഖ്യ കണ്ണിയായ സ്ത്രീയുമായി ബന്ധപ്പെട്ട് തന്റെ സെക്രട്ടറി ശിവശങ്കരനെതിരെ ഉയര്‍ന്ന ആരോപണവും പിണറായി വിജയന്‍ പുച്ഛത്തോടെ തള്ളുകയും ചെയ്തതാണ്. ഒടുവില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് ആദ്യവും പിന്നീട് ഐടി സെക്രട്ടറി സ്ഥാനത്തുനിന്നും ശിവശങ്കറിനെ നീക്കേണ്ടി വന്നു.
ഉയരുന്ന വിവാദങ്ങള്‍ പുകമറയാണെന്ന് പിണറായി വിജയന്‍ പറയുന്നു. സമൂഹത്തില്‍ വിമര്‍ശനം ഉയര്‍ന്നതുകൊണ്ടാണ് സെക്രട്ടറിയെ നീക്കിയതെന്നും ന്യായീകരണം. നേരത്തെയും പല ആരോപണങ്ങളും ഉയര്‍ന്നതാണ്. അന്നൊന്നും ഇല്ലാത്ത തീരുമാനം ഇപ്പോള്‍ സ്വീകരിക്കേണ്ടിവന്നത് അസ്വാഭാവിക സാഹചര്യം ഇപ്പോള്‍ ഉണ്ടെന്ന് മുഖ്യമന്ത്രിക്കും ബോദ്ധ്യപ്പെട്ടു എന്നതുകൊണ്ടു തന്നെയാണല്ലൊ. ഏതന്വേഷണവും വന്നോട്ടെ. സംസ്ഥാന സര്‍ക്കാര്‍ അതിനെ സ്വാഗതം ചെയ്യുന്നുപോലും. മുഖ്യമന്ത്രി പറഞ്ഞതുപോലെ കസ്റ്റംസിന്റെ ജോലി സംസ്ഥാനത്തിന് ചെയ്യാനാവില്ലെന്നത് ശരി. അവര്‍ ചെയ്യേണ്ടത് അവര്‍ ചെയ്തുകൊള്ളും. പക്ഷേ സംസ്ഥാനം ചെയ്യേണ്ട മറ്റ് അന്വേഷണങ്ങളും നടപടികളുമുണ്ടല്ലൊ. സ്വപ്‌ന സുരേഷ് എന്ന പ്രതിക്ക് എങ്ങനെ ഐടി വകുപ്പിന്റെ ഒരു പ്രോജക്ടിന്റെ തലപ്പത്ത് ജോലി കിട്ടി. പത്താം ക്ലാസ്സ് പോലും ജയിച്ചിട്ടില്ലെന്ന് സഹോദരന്‍ സാക്ഷ്യപ്പെടുത്തുന്ന ഒരു സ്ത്രീക്ക് ഒന്നരലക്ഷത്തോളം പ്രതിമാസ ശമ്പളം നല്‍കുന്ന തസ്തികയെക്കുറിച്ച് മുഖ്യമന്ത്രിക്ക് അറിയില്ലെന്ന് പറഞ്ഞാല്‍ വിശ്വസിക്കണോ? തന്റെ സെക്രട്ടറി അസമയത്ത് വിവാദനായികയുടെ ഫഌറ്റില്‍ പോയി മറ്റ് താമസക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നു എന്ന പരാതി അവഗണിക്കേണ്ടതാണോ? പോക്കും വരവും സര്‍ക്കാര്‍ വാഹനത്തിലാണെന്ന് റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ ആവര്‍ത്തിക്കുമ്പോള്‍ അതില്‍ ഗൗരവമില്ലേ? സ്വര്‍ണം പിടിക്കപ്പെട്ടപ്പോള്‍ കസ്റ്റംസിലേക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നും പോയ മൂന്ന് ഫോണ്‍ വിളികള്‍ ഏതെന്ന് അന്വേഷിക്കേണ്ടത് ബാഹ്യ ഏജന്‍സികളാണോ? ഞാനൊന്നും അറിഞ്ഞില്ലെന്ന് കൈമലര്‍ത്തുന്ന മുഖ്യമന്ത്രി കണക്ക് പറയേണ്ടിവരുന്ന കാലം വിദൂരത്താകില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: