ആലപ്പുഴ: സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതിക്കൂട്ടിലായതോടെ സര്‍ക്കാരും, ഇടതുപക്ഷവും രാഷ്ട്രീയ പ്രതിരോധത്തിലായി. രണ്ടു തെരഞ്ഞെടുപ്പുകള്‍ നേരിടാന്‍ മാസങ്ങള്‍ മാത്രം അവശേഷിക്കെ മുഖ്യമന്ത്രിയും, സര്‍ക്കാരും മേല്‍ക്കൈ നഷ്ടപ്പെടുത്തിയെന്നാണ് സിപിഎമ്മിലും ഇടതുമുന്നണിയിലും പൊതുവെ ഉയരുന്ന വിലയിരുത്തല്‍. മാത്രമല്ല കേന്ദ്രസര്‍ക്കാരിന്റെ നിലപാടായിരുക്കും പിണറായി വിജയന്റെ പോലും രാഷ്ട്രീയ ഭാവി നിര്‍ണയിക്കുക എന്ന ഗതികേടിലേക്ക് സ്വര്‍ണകടത്ത് വിഷയം എത്തിയച്ചതായും അഭിപ്രായം ഉയരുന്നു.
2018ലും 2019ലുമുണ്ടായ പ്രളയം, നിപ വൈറസ്, കോവിഡ് മഹാമാരി തുടങ്ങിയ പ്രതിസന്ധികളില്‍ സൈബര്‍ സഖാക്കളും, ഇടതുസാംസ്ക്കാരിക പ്രവര്‍ത്തകരും, പെയ്ഡ് പിആര്‍ ഏജന്‍സികളും ഊതിവീര്‍പ്പിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതിച്ഛായ അവസാന ലാപ്പില്‍ കാറ്റുപോയ അവസ്ഥയിലാണ്.
പൊതുപണം ധൂര്‍ത്തടിച്ച് വലിയ പരസ്യങ്ങള്‍ ദേശിയ മാദ്ധ്യമങ്ങളിലും, അന്തര്‍ദേശിയ മാദ്ധ്യമങ്ങളിലും നല്കി കോവിഡിനെതിരായ കേരള മാതൃക എന്ന പേരില്‍ പ്രചാരണം നടത്തിയെങ്കിലും ഇപ്പോള്‍ ദേശീയ മാധ്യമങ്ങളിലടക്കം കേരള മുഖ്യമന്ത്രി നിറഞ്ഞു നില്‍ക്കുന്നത് ഏതെങ്കിലും ഖ്യാതിയുടെ പേരിലല്ല, മറിച്ച് വിദേശ രാജ്യത്തു നിന്ന് നയതന്ത്ര പരിരക്ഷയുടെ മറവില്‍ വന്‍തോതില്‍ സ്വര്‍ണം കള്ളക്കടത്ത് നടത്തിയ പ്രതികള്‍ക്ക് അദ്ദേഹത്തിന്റെ ഓഫീസുമായി ബന്ധമുണ്ടെന്ന ആരോപണങ്ങളാണ്.
എത്ര നിഷേധിച്ചാലും ഉദ്യോഗസ്ഥരെ കൈയൊഴിഞ്ഞാലും സ്വന്തം പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നേരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളില്‍ നിന്ന് മുഖ്യമന്ത്രിക്ക് കൈയൊഴിയാനാകില്ല. അതിനു പുറമെയാണ്, ഇനി വരാനിരിക്കുന്ന കേന്ദ്ര അന്വേഷണ, രഹസ്യാന്വേഷണ ഏജന്‍സികളുടെ അന്വേഷണവും. രാഷ്ട്രീയപരമായും സിപിഎമ്മിനും പിണറായി വിജയന് സര്‍ക്കാരിനും കനത്ത തിരിച്ചടിയാണ്.
മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ഇത്തരമൊരു കേസില്‍ കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്യുകയോ ഇനി പ്രതി ചേര്‍ക്കുകയോ ചെയ്താല്‍ കാര്യങ്ങള്‍ അറിഞ്ഞില്ല എന്ന് പറഞ്ഞ് പിണറായി വിജയന് കൈകഴുകാനും കഴിയില്ല. സ്ത്രീ വിഷയം മാത്രമാക്കി ഇതിനെ ചുരുക്കിക്കാണിക്കാനുള്ള പ്രചരണം നടക്കുന്നുണ്ടെങ്കിലും അധികാരദുര്‍വിനിയോഗവും അഴിമതിയും, രാജ്യദ്രോഹവുമാണ് നടന്നിരിക്കുന്നത് എന്നതിനാലും, മുഖ്യമന്ത്രിയുടെ ഓഫീസ് ഭരിക്കുന്ന ഉദ്യോഗസ്ഥന് ഇതില്‍ മുഖ്യപങ്ക് ആരോപിക്കപ്പെടുന്ന സാഹചര്യത്തിലും മറുപടി പറയാന്‍ പിണറായിക്ക് ബാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: