ചാതുര്‍മാസ്യപുണ്യകാലം… ഇതു പേരു സൂചിപ്പിക്കുന്നപോലെ നാലുമാസത്തെ വ്രതാനുഷ്ഠാനകാലമാണ്. ആഷാഢമാസത്തിലെ ശുക്ലപക്ഷഏകാദശി മുതല്‍ കാര്‍ത്തികമാസത്തിലെ ശുക്ലപക്ഷ ഏകാദശിവരെയാണ് വ്രതകാലം. ഗ്രീഷ്മഋതു കഴിഞ്ഞ് വര്‍ഷം, ശരത് ഋതുക്കളുടെ കാലം. ആഷാഢശുക്ല ഏകാദശി ദേവശയനീ ഏകാദശിയെന്നും, കാര്‍ത്തികശുക്ല ഏകാദശി ദേവോത്ഥാന ഏകാദശിയെന്നും അറിയപ്പെടുന്നു. പുരാണകഥകളില്‍ ഭഗവാന്‍ ശ്രീമഹാവിഷ്ണു ശയ്യയിലേക്കു പോകുന്നതും ശയ്യവിട്ടെഴുന്നേല്ക്കുന്നതുമായ പുണ്യദിനങ്ങള്‍. അതിനാല്‍ ഭഗവാന്റെ നിദ്രയ്‌ക്ക് ഭംഗമുണ്ടാകാതെ നാമജപത്തിലൂടെയും ശാസ്ത്രസ്വാധ്യായത്തിലൂടെയും ഇക്കാലം ചെലവഴിക്കണമെന്നാണ് വിശ്വാസം.
ദേശസഞ്ചാരിമാരായ സംന്യാസിവര്യന്മാരും മറ്റു മഹാത്മാക്കളും ഇക്കാലയളവില്‍ ഒരു ദേശത്ത് സ്ഥിരവാസമാക്കുകയും ശാസ്ത്രസ്വാധ്യായാദികള്‍ ചെയ്ത് ആ ദേശത്തെ ജനങ്ങളെ ധര്‍മ്മാചരണോത്സുകരാക്കുകയും ചെയ്യുന്നു. ഇന്ന് ഈ നാലുമാസത്തെ ആചരണക്രമം ചുരുങ്ങി രണ്ടുമാസമായാണ് ഭാരതത്തിലെ പ്രമുഖ പീഠങ്ങളും ആശ്രമങ്ങളും സംന്യാസിമാരുമെല്ലാം ആചരിച്ചുവരുന്നത്. ചില സമ്പ്രദായത്തില്‍ നാലുമാസത്തെ ആചരണങ്ങള്‍ രാവുംപകലുമായി രണ്ടുമാസത്തില്‍ത്തന്നെ ഉള്‍പ്പെടുത്തി ആചരിക്കുന്ന പതിവുമുണ്ട്. വൈവിധ്യമാര്‍ന്നതും സര്‍വതന്ത്രസ്വതന്ത്രവുമായ ഭാരതസംസ്‌കാരത്തില്‍ വിവിധ സമ്പ്രദായങ്ങളിലുള്ളവരും ഇക്കാലം സാധനാകാലമായി സമാചരിക്കാറുണ്ട്. ജൈന-ബൗദ്ധ-സിക്ക് ധര്‍മ്മവിശ്വാസികളും ഇക്കാലം യഥാവിധി സമാചരിക്കുന്നു. ഏകാദശി, ദ്വാദശി, പൗര്‍ണമി, കൃഷ്ണപക്ഷ അഷ്ടമി, സംക്രാന്തി ഇത്യാദി പലരുടെയും ആരംഭാവസാനങ്ങള്‍ക്ക് ചെറിയ വ്യത്യാസമുണ്ടാകാറുണ്ടെന്നുമാത്രം.
ദേവന്മാരുടെ ദിനരാത്രങ്ങള്‍
സൂര്യന്‍ മകരസംക്രാന്തിയിലാരംഭിക്കുന്ന തന്റെ വടക്കോട്ടുള്ള സഞ്ചാരം (ഉത്തരായനം) പൂര്‍ത്തിയാക്കി കര്‍ക്കിടകസംക്രാന്തി മുതല്‍ തിരികെ തെക്കോട്ടേയ്‌ക്കുള്ള യാത്ര (ദക്ഷിണായനം) ആരംഭിക്കുന്നു. ഇതിനെ യഥാക്രമം ദേവന്മാരുടെ പകലും രാവുമായാണ് പുരാണങ്ങളുദ്‌ഘോഷിക്കുന്നത്. അങ്ങനെ ദേവന്മാരുടെ രാത്രി ആരംഭിക്കുന്ന കാലമെന്നതും ചാതുര്‍മാസ്യവ്രതാരംഭകാലത്തിന്റെ പ്രത്യേകതയാണ്. മനുഷ്യരുടെ ഒരുവര്‍ഷം ദേവതകളുടെ ഒരു ദിവസമാണല്ലോ. അതിനാലാണ് ദേവതകള്‍ ഉണര്‍ന്നിരിക്കുന്ന സമയമായ ഉത്തരായനകാലമാണ് സര്‍വപുണ്യകര്‍മ്മങ്ങള്‍ക്കും ശ്രേഷ്ഠമായി നാം കരുതുന്നത്. ഇതില്‍നിന്നുതന്നെ ദക്ഷിണായനകാലം വിശേഷകര്‍മ്മങ്ങള്‍ക്കൊന്നുംതന്നെ പറ്റിയ കാലമല്ലെന്നും സൂചിതമാകുന്നു.
വര്‍ഷകാലം നമ്മുടെ ദഹനശക്തിയെയും മറ്റു ശാരീരികപ്രവര്‍ത്തനങ്ങളെയും സ്വാധീനിക്കുന്നുവെന്നതിനാലും ശരീരക്ഷോഭങ്ങളുള്‍പ്പെടെ പുറത്തുവരുന്നതിനാലും പിത്താധിക്യമുണ്ടാകുന്നതിനാലും ആരോഗ്യശാസ്ത്രപ്രകാരവും വളരെ പ്രാധാന്യമുള്ള സമയമാണിത്. ഈ സമയത്താണ് പല ആയുര്‍വേദചികിത്സകളും പാരമ്പര്യചികിത്സകളും കളരിചികിത്സകളും മൃഗചികിത്സകളും എല്ലാം നടത്തുന്നതെന്നത് നമുക്കെല്ലാം പ്രത്യക്ഷാനുഭവമാണല്ലോ. ഇക്കാലയളവില്‍ സൂര്യപ്രകാശം ശരിയായ അളവില്‍ ചെടികള്‍ക്കും മറ്റും ലഭ്യമാകുന്നില്ല. തത്ഫലമായി സസ്യലതാദികളില്‍ വിഷാംശം അധികമായുള്ളതിനാല്‍ പൂര്‍വികര്‍ ഇക്കാലത്ത് ഇലകള്‍ ഭക്ഷ്യയോഗ്യമല്ലായെന്നു വിധിച്ചിരിക്കുന്നു. ആയുര്‍വേദമരുന്നു ചേരുവകളില്‍ ഇക്കാലയളവിലെ സസ്യലതകള്‍ വര്‍ജ്യവുമാണ്.
രാമായണമാസാചരണം
കേരളത്തില്‍ ചാതുര്‍മാസ്യവ്രതാചരണം ഇടക്കാലത്ത് നിലച്ച മട്ടായിരുന്നു. എന്നാലിപ്പോള്‍ പല സമ്പ്രദായത്തിലൂടെയുള്ള ശാസ്ത്രസ്വാധ്യായത്തിലൂടെ ജനങ്ങളില്‍ ചാതുര്‍മാസ്യവ്രതാചരണ മഹിമ പ്രചരിതമാവുകയും പല പീഠാധിപതികളും തങ്ങളുടെ ചാതുര്‍മാസ്യാചരണം കേരളത്തിന്റെ വിവിധ സ്ഥാനങ്ങളില്‍ നടത്തുകയും അത്തരം വാര്‍ത്തകളിലൂടെ വ്രതമാഹാത്മ്യം മനസ്സിലാക്കി നല്ലൊരു മാറ്റത്തിലേക്ക് കേരളജനതയെത്തുന്നുണ്ടെന്നത് സന്തോഷകരമാണ്. മലയാളികളെല്ലാം പറയുന്ന പഞ്ഞമാസക്കാലമായ കര്‍ക്കിടകത്തിലെ പീഡകളകറ്റാനും ചാതുര്‍മാസ്യത്തിലെ പുണ്യം നുകരാനുമായാണ് ഈ ചാതുര്‍മാസ്യകാലത്തിന്റെ ചുരുക്കരൂപമായി കേരളത്തില്‍ കഴിഞ്ഞ നാലുപതിറ്റാണ്ടുകളിലായി വ്യാപകമായി രാമായണമാസാചരണം സമാചരിച്ചുവരുന്നത്.
വ്രതനിഷ്ഠയുടെ ചാതുര്‍മാസ്യം
ചാതുര്‍മാസ്യവ്രതാനുഷ്ഠാനം ഇന്ന് ശ്രദ്ധാ പൂര്‍വമനുഷ്ഠിക്കുന്നത് സംന്യാസിവര്യന്മാരാണ്. അവരോട് സംന്യസിച്ച കാലമറിയാന്‍ ചോദിക്കാറുള്ളത്, എത്ര ചാതുര്‍മാസ്യമായി? എന്നാണ്. ഇത് പാരമ്പര്യ സംന്യാസിക്ക് ചാതുര്‍മാസ്യാനുഷ്ഠാനം നിര്‍ബന്ധമാണെന്നത് സൂചിപ്പിക്കുന്നു.
ശ്രീശങ്കരപരമ്പരയിലെ ശൃംഗേരി, ദ്വാരക, ബദരി, പുരി എന്നീ നാല് ആമ്‌നായപീഠങ്ങളും, ഇന്നത്തെ ആശ്രമവ്യവസ്ഥകളുടെ മാതൃസ്ഥാനമലങ്കരിക്കുന്ന ഹിമാലയത്തിലെ ഋഷികേശിലുള്ള കൈലാസാശ്രമവുമെല്ലാം നാലുമാസത്തിനുപകരം രണ്ടുമാസക്കാലയളവാണ് ഇപ്പോള്‍ വ്രതാനുഷ്ഠാനങ്ങള്‍ക്കായി സ്വീകരിക്കുന്നത്. ഗുരുപൂര്‍ണിമാദിനമായ ആഷാഢപൂര്‍ണിമയില്‍ വ്യാസപൂജയോടെ അവരവരുടെ ഗുരുനാഥന്മാരെ നമസ്‌കരിച്ച് ആശീര്‍വാദംവാങ്ങി വ്രതാനുഷ്ഠാനം സമാരംഭിക്കുന്നു.
നിഷ്ഠകള്‍
ഒരു ദേശത്തുതന്നെ ഇക്കാലയളവു മുഴുവന്‍ (ദീക്ഷാകാലം) താമസിക്കുന്നു. ഒഴുകുന്ന ജലത്തെ മറികടക്കില്ല (നീര്‍ചാലായാലും വലിയ നദികളായാലും). ആഹാരകാര്യങ്ങളില്‍ സന്ന്യാസാശ്രമധര്‍മ്മാനുസരണമുള്ള ക്രമം പാലിക്കുന്നതോടൊപ്പം ഇലക്കറികള്‍, തൈര്, ചില പരിപ്പുവര്‍ഗ്ഗങ്ങള്‍ (കടല) എന്നിവ ഒഴിവാക്കുന്നു. ചിലര്‍ ഫലാഹാരം മാത്രം കഴിക്കുന്നു. രാത്രിയാഹാരം ത്യജിക്കുന്നു. നഖം, മുടി ഇവ മുറിയ്‌ക്കില്ല രുദ്രാഭിഷേകം, വൈഷ്ണവപൂജ, ജപതപാദികള്‍ ഇവ യഥാവിധി പാലിക്കുന്നു. ദീക്ഷാകാലത്തിനിടയില്‍ വരുന്ന വിശേഷദിനങ്ങളെല്ലാം യഥോചിതം ആചരിക്കുന്നു.
യതിയുടെ പുണ്യം
സംന്യാസിമാര്‍ മുന്‍നിശ്ചയപ്രകാരം ഒരു ദേശത്ത് ഗൃഹസ്ഥാശ്രമാശ്രയത്തില്‍, അവരുടെ സേവയില്‍, ഭിക്ഷാന്നം സ്വീകരിച്ച് ചാതുര്‍മാസ്യമാചരിക്കുന്നു. ഇതില്‍ മറ്റനുഷ്ഠാനങ്ങളോടൊപ്പം ശാസ്ത്രസ്വാധ്യായവും ഉണ്ടാകും. ഇവിടെ സാധനയിലൂടെയുള്ള യതിയുടെ പുണ്യം, ചാതുര്‍മാസ്യാചരണത്തിന് സേവചെയ്യുന്ന ഭക്തര്‍ക്കും സാധനയനുഷ്ഠിക്കുന്ന ഗ്രാമത്തിനും പൂര്‍ണ്ണമായി ലഭിക്കുന്നു എന്നതിനാല്‍ ധാരാളം ഗൃഹസ്ഥര്‍ ഉത്തമ സന്ന്യാസിമാര്‍ക്കുള്ള സേവ യഥായോഗ്യം ഇന്നും ചെയ്തുവരുന്നു. ഇതിഹാസങ്ങളിലും സ്മൃതികളിലും പുരാണങ്ങളിലും ഇത്തരം അനുഷ്ഠാനങ്ങളെക്കുറിച്ച് സവിസ്തരം പ്രതിപാദിക്കുന്നുണ്ട്.
മഹാഭാരതത്തിലെ വനപര്‍വത്തില്‍ മാര്‍ക്കണ്ഡേയസമാസ്യാപര്‍വമെന്ന ഉപപര്‍വത്തില്‍ പാണ്ഡവരുടെ വനവാസകാലത്ത് ദൈ്വതവനത്തില്‍ ചാതുര്‍മാസ്യമാചരിച്ചതിനെ സൂചിപ്പിച്ചിരിക്കുന്നു.
ചാതുര്‍മാസ്യകാലത്തെയും അപ്പോഴത്തെ പ്രകൃതിയെയും വര്‍ണിച്ചതിനുശേഷം
പുണ്യകൃദ്ഭിര്‍മഹാസത്തൈ്വ
സ്താപസൈഃ സഹ പാണ്ഡവാഃ
തത് സര്‍വേ ഭരതശ്രേഷ്ഠാഃ
സമൂഹുര്‍യോഗമുത്തമം (മ.ഭ.വ.പ.182.17)
ആ സമയം ഭരതശ്രേഷ്ഠരായ പാണ്ഡവര്‍ മഹത്തായ സത്ത്വഗുണത്താല്‍ സമ്പന്നരും പുണ്യാത്മാക്കളും തപസ്വികളുമായ മുനിമാരോടൊപ്പം സ്‌നാനദാനാദികള്‍ ചെയ്ത് ആ ഉത്തമാവസരത്തിന്റെ പൂര്‍ണത കൈവരിച്ചു.
ഗൃഹസ്ഥര്‍ മുന്‍കാലങ്ങളില്‍ ചാതുര്‍മാസ്യേഷ്ടികള്‍ (യജ്ഞം) ചെയ്തിരുന്നതായുള്ള ധാരാളം വിവരണങ്ങള്‍ കാണാന്‍ സാധിക്കും.
ചാതുര്‍മാസ്യവ്രത സമാചരണം
പദ്മ ഏകാദശിയെന്ന ഹരിശയനീ ഏകാദശി(2020 ജൂലായ് 1)യ്‌ക്ക് സമാരംഭിച്ച് ദേവോത്ഥാന ഏകാദശിയെന്ന പ്രബോധിനീ ഏകാദശി (2020 നവംബര്‍ 25) യ്‌ക്ക് സമാപിക്കുന്നു ഈ വര്‍ഷത്തെ ചാതുര്‍മാസ്യ പുണ്യകാലം. സമാപന ദിവസമാണ് ഗീതാദിനമായും നാം സമാചരിക്കുന്നത്. ഗുരുവായൂരിലും ഈ ദിവസം വിശേഷമാണ്(ഗുരുവായൂര്‍ ഏകാദശി).
ഇപ്പോള്‍ ശ്രീശങ്കരപീഠമുള്‍പ്പെടെ ആശ്രമങ്ങളില്‍ സമാചരിക്കുന്ന രണ്ടുമാസക്കാലം, 2020 ജൂലായ് 5 വ്യാസപൂര്‍ണിമ മുതല്‍ 2020 സപ്തംബര്‍ 2 ഭാദ്രപദപൂര്‍ണിമ വരെയാണ്.
ശ്രീശങ്കരപരമ്പരയിലെ ആമ്‌നായ പീഠങ്ങളിലെ ശങ്കരാചാര്യസ്വാമിമാരുടെ ഈ വര്‍ഷത്തെ ചാതുര്‍മാസ്യാചരണക്രമം ഇങ്ങനെയാണ്. പീഠം, നാമം, സ്ഥലം എന്നീ ക്രമത്തില്‍.
ദക്ഷിണാമ്‌നായമായ ശൃംഗേരി ശാരദാപീഠാധീശ്വര്‍ ജഗദ്ഗുരു ശങ്കരാചാര്യ ശ്രീശ്രീ ഭാരതീതീര്‍ത്ഥമഹാസ്വാമിജി, ഉത്തരാധികാരി ജഗദ്ഗുരു ശ്രീശ്രീ വിധുശേഖരഭാരതി സ്വാമിജി- നരസിംഹവനം (ശാരദാപീഠം), ശൃംഗേരി, കര്‍ണാടക.
പശ്ചിമാമ്‌നായമായ ദ്വാരകാശാരദാപീഠാധീശ്വരനും ഉത്തരാമ്‌നായമായ ബദരി പീഠാധീശ്വരനുമായ ജഗദ്ഗുരു ശങ്കരാചാര്യ ശ്രീശ്രീ സ്വരൂപാനന്ദസരസ്വതി മഹാസ്വാമിജി- പരമഹംസി ഗംഗാ ആശ്രമം, നരസിംഹ്പൂര്‍, മധ്യപ്രദേശ്. പൂര്‍വാമ്‌നായമായ പുരി ഗോവര്‍ധനപീഠാധീശ്വര്‍ ജഗദ്ഗുരു ശങ്കരാചാര്യ ശ്രീശ്രീ നിശ്ചലാനന്ദസരസ്വതി മഹാസ്വാമിജി- ഗോവര്‍ധനപീഠം,പുരി, ഒറീസ.
മലയാളികളെ സംബന്ധിച്ച് ഇത്തവണ മറ്റൊരു പ്രത്യേകതകൂടി ഈ രണ്ടുമാസക്കാലത്തെ ചാതുര്‍മാസ്യാചരണത്തിനുണ്ട്. വ്യാസപൂര്‍ണിമയായ ഗുരുപൂര്‍ണിമയ്‌ക്ക് സമാരംഭിച്ച് ശ്രീനാരായണഗുരുദേവന്റെ ജയന്തി സുദിനമായ പൂര്‍ണിമയ്‌ക്കാണ് സമാപിയ്‌ക്കുന്നത് എന്നതാണത്.
വി.എം. അജയകുമാര്‍
(ആര്‍ഷവിദ്യാപ്രതിഷ്ഠാനം)
9747931007
പ്രതികരിക്കാൻ ഇവിടെ എഴുതുക: