Categories: Literature

കൈ വിറയ്‌ക്കുന്നു

കവിത

കൈ വിറയ്‌ക്കുന്നു ഗുരുനാഥാ

എന്റെ തൊണ്ടക്കുഴിയില്‍ സങ്കടം നിറയുന്നു

പഞ്ചാരമണലില്‍ എഴുതിപ്പഠിച്ചൊരാ

അക്ഷരമൊക്കെയും മാഞ്ഞുപോയി

കല്ലിനോടൊക്കെയും പ്രാര്‍ത്ഥിച്ചു പ്രാര്‍ത്ഥിച്ചു

ഹൃദയം കരിങ്കല്ലായ് മാറിപ്പോയി

നമ്മിലേക്കെത്തുന്ന സ്‌നേഹദൂരങ്ങള്‍ക്ക്

ഒരേ മുഖമല്ലെന്ന് ഞാനറിഞ്ഞു

ഹൃദയത്തിലെന്തോ കൊളുത്തിവലിക്കുന്നേരം

മൃദുവായ് തലോടുന്ന വിരലിലായ് മുള്ളുകള്‍

കൈലാസപതിപോലും നിനയാത്ത നേരത്ത്

കാലന്മാര്‍ വരുന്നു കാമത്തിന്‍ രൂപത്തില്‍

ചൊല്ലെഴും നല്‍ പുരാണങ്ങളെപ്പോലും

ഫാസിസമെന്നു നവസാക്ഷരര്‍ വിളിക്കുന്നു

കവിതയുടെ മഴപ്പെയ്‌ത്ത് മിന്നിച്ച സുകൃതികള്‍

കീര്‍ത്തിമുദ്രകള്‍ക്കു വരിയായി നില്‍ക്കുന്നു

കാലത്തെഴുന്നേറ്റ് കിഴക്കോട്ടു വന്ദിച്ച്

ഭസ്മം തൊടുമ്പോള്‍ ‘ഭക്തിമൂത്തല്ലോ ഭ്രാന്തായി’

ഭാഗവതമഹിമയോ ഗീതയോ ചൊല്ലിയാല്‍

സംസ്‌കൃതം സവര്‍ണന്റെ പുരപ്പുറത്തായി

മദ്യം മണക്കുന്നു തിരിതെളിയേണ്ട സന്ധ്യകള്‍

ജ്യേഷ്ഠാ ഭഗവതി ചൂലുമായ് നില്‍ക്കുന്നു

ദശപുഷ്പമില്ലാത്ത മുറ്റത്ത് കാര്‍ത്തികയില്‍

‘അരിയോര’ ആര്‍ക്കുന്ന കുട്ടിയില്ല അവന്‍

നെല്ലു കണ്ടിട്ടില്ല ഹരിനാമം ചൊല്ലുവാന്‍

അരിയട നേദിക്കാന്‍ അമ്മൂമ്മയില്ല

നാലുപേര്‍ കേള്‍ക്കെ നാമം ജപിക്കുവാന്‍

നാണക്കേടല്ലോ ഞാന്‍ വിദ്യാസമ്പന്നന്‍

വാക്കിന്റെ വരസമുദ്രത്തിനായ് പ്രാര്‍ത്ഥിച്ച്

എഴുത്തിന്റെ ഏഴുകടലും കടന്നൊരാ

തുഞ്ചത്തെ ആചാര്യന്‍ തുഞ്ചന്‍ പറമ്പില്‍

പ്രതിമയായ് മൂടിപ്പുതച്ചൊരു മൂലയില്‍

കിടപ്പുള്ളതും അങ്ങ് അറിയുന്നുവോ ഗുരുനാഥാ

പറയട്ടേ, കൈ വിറയ്‌ക്കുന്നു അക്ഷരം കൊത്തുവാന്‍

ധന്യാലയം പ്രമോദ്

9746363220

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക