കാസര്‍കോട്: കൊറോണ വൈറസ് ബാധിച്ച് സംസ്ഥാനത്ത് ഒരാൾ കൂടി മരിച്ചു. കാസര്‍കോട് സ്വദേശിയായ അബ്ദുള്‍ റഹ്മാനാണ് മരിച്ചത്. കര്‍ണാടക ഹുബ്ലിയില്‍ നിന്നും നാട്ടിലേക്ക് എത്തിയതായിരുന്നു ഇയാള്‍. ഇദ്ദേഹത്തിന്റെ ട്രൂനാറ്റ് ഫലം നേരത്തെ പോസിറ്റീവായിരുന്നു. ഇയാള്‍ക്ക് കൊറോണ ഉണ്ടായിരുന്നോ എന്ന് സ്ഥിരീകരിക്കാനായി സാമ്പിള്‍ വീണ്ടും അയക്കുകയായിരുന്നു.
ഇയാള്‍ക്ക് കേരളത്തില്‍ ആരുമായും സമ്പര്‍ക്കം ഉണ്ടായിരുന്നില്ലെന്നും കര്‍ണാടകയില്‍ വച്ചാണ് രോഗം പിടിപെട്ടതെന്നുമാണ് ആരോഗ്യ വകുപ്പ് നല്കുന്ന വിശദീകരണം. ഇയാളെ പരിശോധിച്ച കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ നാല് ജീവനക്കാര്‍ നിരീക്ഷണത്തില്‍ പോയി. ആശുപത്രിയിലെ അത്യാഹിത വിഭാഗം അണുവിമുക്തമാക്കി.
വ്യാപാരിയായ ഇദ്ദേഹം കഴിഞ്ഞ ദിവസമാണ് ആംബുലന്‍സ് വഴി അതിര്‍ത്തിയായ തലപ്പാടിയിലെത്തിയത് അവിടെ നിന്നും ടാക്സിയില്‍ ജില്ലാ ആശുപത്രിയിലെത്തുകയായിരുന്നു. പനി കൂടുതലാണെന്ന് പറഞ്ഞാണ് ഇയാള്‍ ആശുപത്രിയിലേക്ക് എത്തിയത്. മരണം സംഭവിച്ചതോടെ ഡോക്ടര്‍മാര്‍ സ്രവം പരിശോധനയ്ക്ക് അയക്കുകയായിരുന്നു. ബന്ധുക്കളടക്കമുള്ളവരോട് നിരീക്ഷണത്തില്‍ പോകാന്‍ ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: