തൃശൂര്‍: മുണ്ടൂര്‍ അവണൂരില്‍ ഇരട്ടക്കൊലക്കേസ് പ്രതിയായ വരടിയം സ്വദേശി സിജോയെ (35) വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാലു പ്രതികള്‍ പോലീസ് കസ്റ്റഡിയിലായതായി സൂചന. കാറുകളിലും ബൈക്കുകളിലുമായെത്തിയ അക്രമി സംഘം സിജോയുടെ ബൈക്കില്‍ കാറിടിച്ചു വീഴ്ത്തിയാണ് കൊലപ്പെടുത്തിയത്. തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നോടെയായിരുന്നു സംഭവം.
ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിന് കാരണം. സിജോയെ ഫോണില്‍ വിളിച്ചു വരുത്തി വെട്ടി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിനു ശേഷം പ്രതികളിലൊരാള്‍ സിജോയുടെ ബൈക്കുമായാണ് രക്ഷപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.
സംഭവസ്ഥലത്തു നിന്ന് ഒന്നര കി.മീ. അകലെ അവണൂര്‍ ശാന്ത സ്കൂളിനു സമീപത്തു നിന്ന് ബൈക്കും അമല ആശുപത്രിക്കു സമീപത്തു നിന്ന് ഒരു സീലോ കാറും ഉപേക്ഷിച്ച നിലയില്‍ പോലീസ് കണ്ടെത്തി. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചും ആക്രമണത്തില്‍ രക്ഷപ്പെട്ട സിജോയുടെ സുഹൃത്തുക്കളുടെ മൊഴികളുടെയും അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളില്‍ ചിലരെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. ഒരുമിച്ചിരുന്ന് മദ്യപിക്കാനും കഞ്ചാവ് വാങ്ങിക്കാനുമായാണ് സിജോയെ സുഹൃത്ത് വിളിച്ചത്. മറ്റു നാലു സുഹൃത്തുക്കളും സിജോയോടൊപ്പമുണ്ടായിരുന്നു. പറഞ്ഞ സ്ഥലത്ത് ആളെ കാണാതായപ്പോള്‍ ബൈക്ക് തിരിക്കാന്‍ ശ്രമിച്ചപ്പോള്‍ ഇരുട്ടത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ പാഞ്ഞു വന്ന് സിജോയുടെ ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
ബൈക്ക് 50 മീറ്റര്‍ വലിച്ചിഴച്ചു കൊണ്ടുപോയാണ് കാര്‍ നിര്‍ത്തിയത്. സിജോയുടെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ ഓടി രക്ഷപ്പെട്ടു. ഇവര്‍ നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. സിജോയുടെ ഒപ്പം ബൈക്കിലുണ്ടായിരുന്ന സുഹൃത്തിന് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇരട്ടക്കൊലപാതക കേസിലും ബോംബ് നിര്‍മ്മിച്ചതുമുള്‍പ്പെടെ 7 കേസുകളില്‍ പ്രതിയാണ് സിജോ. കഞ്ചാവ് കച്ചവടവുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ക്കിടെ രണ്ടു യുവാക്കളെ സിജോയടക്കമുള്ള സംഘം വാനിടിച്ച് വീഴ്ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
ഇവരെ ഇടിച്ചു വീഴ്ത്തിയ വാന്‍ ഓടിച്ചിരുന്നത് സിജോയായിരുന്നു. 2019 ഏപ്രില്‍ 24ന് നടന്ന ആക്രമണത്തില്‍ മുണ്ടൂര്‍ മൈലാംകുളം കൂരിയാല്‍ സ്വദേശി ശ്യാം (24), മുണ്ടത്തിക്കോട് സ്വദേശി ക്രിസ്റ്റോ (35) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇതിനു ശേഷം വധഭീഷണിയുണ്ടായിരുന്നതിനാല്‍ ഒറ്റയ്ക്ക് സിജോ സഞ്ചരിക്കാറില്ല. ഇതിനാലാണ് സംഭവ ദിവസം രാത്രിയില്‍ സുഹൃത്തുക്കളെ കൂടെ കൂട്ടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: