കൊട്ടാരക്കര: അപ്രതീക്ഷിതമായി ഭീതിയുടെ മുള്‍മുനയിലായി തേവലപ്പുറം ഗ്രാമം. വിദേശത്ത് നിന്നുമെത്തി ഗൃഹനിരീക്ഷണത്തില്‍ കഴിഞ്ഞ യുവാവ് മരിച്ചത് കോവിഡ് ബാധിച്ചാണെന്ന് പരന്നതോടെ ഗ്രാമവാസികളാകെ ആശങ്കയിലായി.
സമൂഹ വ്യാപനത്തിന്റെ സാദ്ധ്യതകള്‍ ഒട്ടും തള്ളാന്‍ ആരോഗ്യവകുപ്പിനും കഴിയുന്നില്ല. തേവലപ്പുറം മനോജ് ഭവനില്‍ മനോജ്(23) ആണ് മരിച്ചത്. ഈ മാസം രണ്ടിനാണ് ദുബായിയില്‍ നിന്നും മനോജ് എത്തിയത്. അയല്‍വാസികളും സുഹൃത്തുക്കളുമായ മറ്റ് രണ്ട് യുവാക്കളും കൂടെ വന്നിരുന്നു. ഇതില്‍ ഒരാള്‍ മനോജിനൊപ്പം ഒരു വീട്ടിലും രണ്ടാമന് സ്വന്തം വീട്ടിലുമാണ് കഴിഞ്ഞുവന്നത്. സുഹൃത്തുക്കള്‍ ഗൃഹനിരീക്ഷണ കേന്ദ്രത്തില്‍ പലപ്പോഴും വന്നുപോയിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് ലഭിച്ച വിവരം.
വിദേശത്ത് നിന്നും വന്ന് രണ്ടാം ദിനംമുതല്‍ മനോജിന് വയറിളക്കവും മറ്റ് അസ്വസ്ഥതകളും കണ്ടുതുടങ്ങിയിരുന്നു. ആരോഗ്യവകുപ്പ് അധികൃതരെത്തി ഇതിന് മരുന്ന് നല്‍കിയതായാണ് വിവരം. ഇന്നലെ രാവിലെ സാധാരണപോലെ കഞ്ഞി കുടിച്ച മനോജ് പിന്നീട് അവശനായി മാറുകയായിരുന്നു. ഒപ്പമുള്ളയാള്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അയല്‍ക്കാരും ബന്ധുക്കളും ഈ വീട്ടിലേക്ക് ഓടിയെത്തിയിരുന്നു. മനോജിന്റെ മരണം സ്ഥിരീകരിച്ചശേഷവും നിരവധിപേര്‍ ഈ വീട്ടിലെത്തി.
സമ്പര്‍ക്കത്തിലൂടെ രോഗവ്യാപനത്തിന് വലിയ സാദ്ധ്യതയുണ്ടാക്കുന്ന വിധത്തിലാണ് ആളുകളെത്തിയത്. രോഗത്തിന്റെ ഭീതിയില്ലാത്തതിനാല്‍ നിയന്ത്രണങ്ങളുമുണ്ടായില്ല. വൈകിട്ടോടെ മനോജിന്റെ സ്രവപരിശോധനാഫലം കോവിഡ് പോസിറ്റീവെന്ന് വാര്‍ത്ത പരന്നതോടെ ഗ്രാമം മുഴുക്കെ ആശങ്ക പരന്നത്.
ജനം പുറത്തിറങ്ങാത്ത സ്ഥിതിയിലേക്ക് മാറിയിട്ടുണ്ടെങ്കിലും കൊറോണ സ്ഥിരീകരിക്കുകയാണെങ്കില്‍ സ്ഥിതി ഗുരുതരമാകും. വൈകിട്ടുവരെയും പോലീസും വേണ്ടത്ര ജാഗ്രത കാട്ടിയിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: