കോഴിക്കോട്: പത്രപ്രവര്‍ത്തക പെന്ഷന് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഫോട്ടോഗ്രാഫര്‍ വീട്ടില്‍ നിരാഹാരസമരത്തില്‍. വെള്ളിമാടുകുന്ന് ചാലുംപാട്ടില് ലെയ്കയില്‍ ഡൊമിനിക് സെബാസ്റ്റ്യനാണ് മൂന്നു ദിവസമായി നിരാഹാര സമരം നടത്തുന്നത്.
വിവിധ പത്രസ്ഥാപനങ്ങളില്‍ ന്യൂസ് ഫോട്ടോഗ്രാഫറായി പ്രവര്‍ത്തിച്ച ഡൊമിനിക് സെബാസ്റ്റ്യന്‍ 20 വര്‍ഷം പത്രപ്രവര്‍ത്തക പെന്ഷന് പദ്ധതിയില്‍ അംശാദായം അടച്ചിട്ടുണ്ട്. ആരോഗ്യ കാരണങ്ങളാല്‍ നാല് വര്‍ഷം മുമ്പ് ജോലി ഉപേക്ഷിച്ചത് മുതല്‍ പെന്ഷന് അനുവദിച്ചു കിട്ടാനായി വിവിധ ഓഫീസുകള്‍ കയറി ഇറങ്ങിയെങ്കിലും ഫലമുണ്ടായില്ല.
2019 ജനുവരി 17ന് പത്രപ്രവര്‍ത്തക പെന്ഷന് മാനേജ്മെന്റ് കമ്മറ്റി യോഗം 50 ശതമാനം പെന്ഷന് അനുവദിക്കാന്‍ തീരുമാനിച്ചെങ്കിലും ഇതേവരെയും നടപ്പായിട്ടില്ല. പ്രമേഹരോഗിയായ ഡൊമിനിക്കിന് ഒരു ദിവസം മൂന്നുനേരം ഇന്‍സുലിനും ഗുളികയും വേണം. മരുന്നിനും ഭക്ഷണത്തിനും പണമില്ലാത്ത അവസ്ഥയാണ്. ദുരിതാവസ്ഥ കാണിച്ച് മുഖ്യമന്ത്രിക്കും പിആര്‍ഡി ഡയറക്ടര്‍ക്കും രണ്ടു തവണ കത്ത് അയച്ചിട്ടും മറുപടി ലഭിക്കാത്തതിനെതുടര്‍ന്നാണ് നിരാഹാരസമരം ആരംഭിച്ചത്.
പെന്ഷന് കാര്യത്തില്‍ തീരുമാനം ആകുന്നതുവരെ നിരാഹാരസമരം തുടരാനാണ് ഡൊമിനിക്കിന്റെ തീരുമാനം. നിരാഹാര സമരത്തിലൂടെ അധികൃതരുടെ കണ്ണ് തുറപ്പിക്കാന്‍ കഴിയുമെന്നാണ് ഡൊമനിക്ക് കരുതുന്നത്. ഡൊമിനിക്കിന്റെ ജീവന് രക്ഷിക്കാന്‍ സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന് കോഴിക്കോട് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: