നാലുവര്‍ഷം മുന്‍പ് നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ”നാളെ ഞാന്‍ മുഖ്യമന്ത്രിയായേക്കും. അതോടെ എന്റെ സ്വന്തക്കാരായി പുതിയ അവതാരങ്ങളുണ്ടാവാം. ഞാനത് ശ്രദ്ധിച്ചോളാം. നിങ്ങളുമത് ഗൗരവമായി കാണണം.” എന്തൊരു നല്ല വാഗ്ദാനവും ഉപദേശവും. മുന്‍ഗാമിയായ ഉമ്മന്‍ചാണ്ടി നേരിടേണ്ടിവന്ന ഉപദ്രവങ്ങളാകാം പിണറായിയെക്കൊണ്ട് അങ്ങനെ പറയിച്ചത്. അറിയാല്ലോ ഉമ്മന്‍ചാണ്ടിയുടെ ഭരണകാലം. മുഖ്യമന്ത്രിയുടെ ഓഫീസും വീടും തുറന്ന പുസ്തകമാണ്. എല്ലാം കാണാനുള്ള സംവിധാനം ഏര്‍പ്പെടുത്തി. ജനങ്ങളെല്ലാം കണ്ടു. ലീലാ വിലാസങ്ങള്‍ തല്‍സമയം ബോധ്യപ്പെട്ടു. അവതാരങ്ങള്‍ ഒന്നിനുപുറമെ മറ്റൊന്ന്. അതില്‍ ജനങ്ങള്‍ ഏറെ ആകാംക്ഷയോടെ കണ്ടതും നന്നായി ആസ്വദിച്ചതുമായിരുന്നു ‘സോളാര്‍’ പരമ്പര. അതിലെ നായികയായ സരിതയുടെ സാന്നിദ്ധ്യം ആഗ്രഹിക്കാത്ത മന്ത്രിമാരുണ്ടായിരുന്നില്ല. എംഎല്‍എമാരും നിരവധി.
സരിതയുടെ അഭിനയവും ഡയലോഗുകളും പിഞ്ചുകുട്ടികള്‍ക്ക് പോലും കാണാപ്പാഠം. സരിതയുടെ സഹനടനായിരുന്ന രാധാകൃഷ്ണന് ഒരു മന്ത്രിയുടെ മുഖഛായ തന്നെ മാറ്റി. സംഭവങ്ങളും സന്ദര്‍ഭങ്ങളും ഇനി ഒരിക്കലും തിരിച്ചുവരില്ലെന്ന് കരുതിയവര്‍ക്ക് തെറ്റി. ഇന്നത്തെ മുഖ്യമന്ത്രിയുടെ ചുറ്റും അവതാരങ്ങളുടെ ഘോഷയാത്ര തന്നെയായിരുന്നു കാണാനായത്. ആരോപണങ്ങളുടെ പെരുമഴയെ തടുക്കാന്‍ വര്‍ണക്കുടകള്‍ തന്നെ നിരന്നു. സര്‍ക്കാരിനെ വെള്ള പൂശാനും മുഖ്യമന്ത്രിയുടെ പ്രതിച്ഛായ കൂട്ടാനും അണിനിരന്ന ഏജന്‍സികള്‍ നിരവധി. ഇതും പ്രതിപക്ഷം ആരോപണമായി ഉയര്‍ത്തിയപ്പോള്‍ ഒരു ചാനല്‍ അസമയത്ത് നടത്തിയ അഭിപ്രായവോട്ടെടുപ്പും വരാന്‍ പോകുന്ന നേട്ടങ്ങളും കോട്ടങ്ങളും വലിയ ചര്‍ച്ചയായി. പിണറായി വിജയന് പകരം വയ്ക്കാന്‍ ഭരണമുന്നണിയിലോ പ്രതിപക്ഷത്തോ ഒരു കുട്ടി പോലുമില്ലെന്ന നിഗമനം. ‘ഞാനാരാ മോന്’ എന്ന് പിണറായി വിജയന് പറഞ്ഞില്ലെങ്കിലും അഭ്യുദയകാംക്ഷികളുടെ ഭാവം അങ്ങനെയൊക്കെ പ്രകടമാവുന്നുണ്ടായിരുന്നു.
കേരളം ദൈവത്തിന്റെ സ്വന്തം നാടല്ലേ. മാളിക മുകളിലേറിയ മന്നന്റെ തോളില്‍ മാറാപ്പ് കേറ്റുന്നത് ദൈവമെന്നുണ്ടല്ലൊ. മതത്തിലും ദൈവത്തിലും വിശ്വാസമില്ലാത്ത പിണറായി വിജയന് വിനയാകുന്നത് പഴയ സരിതയുടെ പുതിയ അവതാരം. കാലം മാറുമ്പോള്‍, പേരും മാറുമല്ലൊ. സരിതയ്ക്ക് പകരം സ്വപ്ന. കേരളമാകെ വെളിച്ചം സൃഷ്ടിക്കാമെന്ന് സരിതയ്ക്ക് പദ്ധതിയുണ്ടായിരുന്നെങ്കില്‍ കേരളത്തെ ബഹിരാകാശം വരെ എത്തിക്കാനുള്ള ദൗത്യമായിരുന്നു സ്വപ്നയ്ക്ക് ലഭിച്ചത്. അതിനായുള്ള പ്രയത്നത്തിന് മുഖ്യമന്ത്രിയുടെ പിന്തുണയുണ്ടോ? അതല്ല ഏതെങ്കിലും മന്ത്രിമാര്‍ അവരെ ആകാശത്തോളം ഉയരത്തിലെത്താന്‍ സഹായിച്ചോ എന്നൊക്കെ തെളിയേണ്ടിയിരിക്കുന്നു. ഏതായാലും മുഖ്യമന്ത്രിയുടെ പ്രധാന സഹായിയും മന്ത്രിമാരെപ്പോലും വരുതിയില്‍ നിര്‍ത്തിപ്പോന്ന പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ശിവശങ്കറിന്റെ അദ്ധ്വാനം വിലപ്പെട്ടതായിരുന്നു. വിവാദം കൊഴുത്തപ്പോള്‍ ശിവശങ്കര്‍ പെട്ടു.
ദുബായിയില്‍ നിന്നും തിരുവനന്തപുരത്തെ അവരുടെ നയതന്ത്ര കാര്യാലയം വഴി എത്തിയ 35 ഓളം കിലോ ഭാരമുള്ള സ്വര്‍ണ കള്ളക്കടത്ത് പലരുടെയും തലവര മാറ്റി മറിക്കുമെന്നുറപ്പാണ്. ശിവശങ്കരന് മാത്രമല്ല, മുഖ്യമന്ത്രിയും വിവാദനായികയുമായി പല വേദിയും പങ്കിട്ടു. പൊതുവേദിയില്‍ സരിത ഉമ്മന്‍ചാണ്ടിയുടെ ചെവിയില്‍ ഓതിക്കൊടുക്കുന്ന ചിത്രം പലരുടെയും നെറ്റിചുളിപ്പിച്ചിരുന്നു. പിണറായി വിജയന്റെ ചെവിയില്‍ സ്വപ്നസുന്ദരി പൊതുവേദിയില്‍നിന്നു തന്നെ പറഞ്ഞ രഹസ്യമെന്താകും? സ്പീക്കര്‍ ശ്രീരാമകൃഷ്ണന് മന്ത്രിമാരായ ഇ.പി. ജയരാജന്, കടകംപള്ളി സുരേന്ദ്രന്, കെ.ടി. ജലീല്‍ എന്നിവരുമായി അടുത്തിടപഴകി സംസാരിക്കുന്ന ചിത്രങ്ങളും ഇപ്പോള്‍ വൈറലായിരിക്കുന്നു. സരിതയെപ്പോലെ സ്വപ്നയും ഉണ്ടാക്കിയ അരക്കിട്ടുറപ്പിച്ച ബന്ധങ്ങള്‍ ഭൂകമ്പങ്ങളുണ്ടാക്കുമോ?
കേരളത്തിലെ രണ്ടാമത്തെ മന്ത്രിസഭയില്‍ കരുത്തനായ ആഭ്യന്തരമന്ത്രിയായിരുന്നു പി.ടി. ചാക്കോ. അദ്ദേഹം തൃശൂരിലെ പീച്ചിയിലേക്ക് ഒരു അവധിക്കാല യാത്ര നടത്തിയതും തൃശൂര്‍ നഗരത്തില്‍ ആള്‍ക്കൂട്ടത്തിനിടയിലൂടെ പാ
ഞ്ഞുപോയ ചാക്കോ ഓടിച്ച കാര്‍ കാളവണ്ടിയില്‍ തട്ടിയതും വലിയ കോലാഹലം സൃഷ്ടിച്ചതാണ്. ചാക്കോ ഓടിച്ച കാറില്‍ ഒരു സ്ത്രീ ഉണ്ടായിരുന്നു എന്ന സാക്ഷ്യപ്പെടുത്തലാണ് ചാക്കോക്ക് മന്ത്രിസ്ഥാനം നഷ്ടപ്പെടുത്തുന്നതിലെത്തിയത്. മുഖ്യമന്ത്രി ശങ്കറും ചാക്കോയും തമ്മിലുള്ള മൂപ്പിളമ തര്‍ക്കത്തിനിടയില്‍ വീണു കിട്ടിയ സ്ത്രീ വിഷയം ചാക്കോക്ക് വിനയായി. അന്ന് കോണ്ഗ്രസുകാരന് തന്നെയായ പ്രഹ്ലാദന് ഗോപാലന് സത്യഗ്രഹമിരുന്നു. ചാക്കോയുടെ അനുയായികള്‍ പിന്നീട് കേരളാ കോണ്‍ഗ്രസുണ്ടാക്കി. ആ പാര്‍ട്ടിയും ഇപ്പോള്‍ സജീവ ചര്‍ച്ചയുമാണ്. എന്തും സംഭവിക്കാം കേരളത്തില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: