ആധ്യാത്മിക പണ്ഡിത ആചാര്യനായ മാധവ്ജിയെ ഓര്‍ക്കുമ്പോള്‍ പ്രഥമമായി അദ്ദേഹത്തിന്റെ നടപ്പാണ് ഓര്‍മയില്‍ വരിക. സാധാരണ എല്ലാ യാത്രയ്‌ക്കും എളമക്കര സംഘ സംസ്ഥാന കാര്യാലയത്തില്‍ നിന്നും മുണ്ടുമടക്കി കുത്തി കലൂര്‍ ബസ് സ്റ്റാന്‍ഡു വരെയും, അവിടെ മടങ്ങിയെത്തി ബസ്സിറങ്ങിയാല്‍ വീണ്ടും മുണ്ടു മടക്കിക്കുത്തി കാര്യാലയം വരെയുമുള്ള നടപ്പ്. മറ്റുള്ളതെല്ലാം വിശാല ഹിന്ദുസമ്മേളനവുമായി ബന്ധപ്പെട്ട കാര്യങ്ങളും.
തമിഴ്നാട്ടിലെ ഒരിടത്തുനിന്നും ഒട്ടേറെ ഹരിജനങ്ങള്‍ ഇസ്ലാം മതത്തില്‍ ചേര്‍ന്നു. അഥവാ ചേര്‍ത്തു. അതു സകല ഹിന്ദുക്കളേയും നടുക്കുന്ന സംഭവമായിരുന്നു. എല്‍.കെ. അദ്വാനിജി, ഡോ. മുരളീ മനോഹര്‍ ജോഷി, അടല്‍ജി തുടങ്ങിയവര്‍ സംഭവ സ്ഥലമായ മീനാക്ഷിപുരം സന്ദര്‍ശിച്ചു കാര്യങ്ങള്‍ വിലയിരുത്തി. തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവായ ഡോ. കരണ്‍സിംഗിന്റെ നേതൃത്വത്തില്‍ ദല്‍ഹിയില്‍ വലിയ തോതില്‍ ഒരു വിരാട് ഹിന്ദുസമ്മേളനം നടന്നു. പിന്നീട് അതേ മാതൃകയില്‍ കേരളത്തില്‍ സമ്മേളനം നടത്തണമെന്ന് പാലക്കാട്ടു ചേര്‍ന്ന സംസ്ഥാന സംഘശിബിരത്തില്‍ ഒരു തീരുമാനമെടുത്തു. സര്‍സംഘചാലക് പങ്കെടുത്ത യോഗമായിരുന്നു അത്. അന്ന് ഒരു സ്വാഗതസംഘവും രൂപീകരിച്ചു. എം.കെ.കെ. നായര്‍ പ്രസിഡന്റായും, റിട്ടയേര്‍ഡ് ജഡ്ജി എ.ആര്‍. ശ്രീനിവാസന്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച സ്വാഗതസംഘത്തിന്റെ വൈസ് പ്രസിഡന്റായി എന്റെ പേരും ചേര്‍ത്തു. ഈ വിവരം എന്നോടു പറയാനായി പാലക്കാട്ടു നിന്നും മാധവ്ജി എന്റെ താമസസ്ഥലത്തെത്തി.
ഞാന്‍ സ്ഥലത്തുണ്ടായിരുന്നില്ല. വൈകിട്ട് വിവരമറിഞ്ഞ ഞാന്‍ പിറ്റേന്ന് രാവിലെ എളമക്കര കാര്യാലയത്തിലെത്തി മാധവ്ജിയെ കണ്ടു. അദ്ദേഹം വിശദവിവരങ്ങള്‍ പറഞ്ഞു. അങ്ങനെ ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ തുടങ്ങി. സമ്മേളന സംഘാടനത്തിന്റെ നടത്തിപ്പും പ്രവര്‍ത്തനങ്ങളും മാധവ്ജിയുടെ കുശാഗ്രബുദ്ധിയില്‍ രൂപപ്പെട്ടുതുടങ്ങി. എല്ലാ കാര്യങ്ങളിലും എന്നോട് അഭിപ്രായം ചോദിക്കുമായിരുന്നു. ധാരാളം പ്രചാരണ യോഗങ്ങള്‍ നടത്തി. പ്രധാന സമ്മേളനങ്ങളിലെല്ലാം ഞാനും പങ്കെടുത്തു. സ്റ്റേജ് നിര്‍മാണം ഒരു പ്രത്യേക രീതിയിലായിരുന്നു. രണ്ട് സ്റ്റേജുകള്‍. മുഖ്യസ്റ്റേജില്‍ പ്രശസ്ത അതിഥികളും സ്വാഗതസംഘത്തിന്റെ ഔദ്യോഗിക ഭാരവാഹികളും സ്വാമിമാരും അഡീഷണല്‍ സ്റ്റേജില്‍ കേരളത്തിലെ ഹിന്ദുനേതാക്കളും കേരളത്തിലെയും തമിഴ്നാട്ടിലേയും കര്‍ണാടകത്തിലേയും ആവുന്നത്ര സ്വാമിമാരെ ക്ഷണിച്ചിരുന്നു. ഡോ. കരണ്‍സിംഗ്, സ്വാമി വിശ്വേശതീര്‍ത്ഥ, സ്വാമി ചിന്മയാനന്ദന്‍ എന്നിവരും മുഖ്യസ്റ്റേജില്‍ ഉണ്ടായിരുന്നു. സ്വാമിമാരെ എങ്ങനെ സ്വീകരിക്കണമെന്ന കാര്യത്തില്‍ മാധവ്ജി എന്നോടഭിപ്രായം ചോദിച്ചു.
എനിക്കു തീര്‍ത്തും ഒന്നും നിര്‍ദ്ദേശിക്കാനുണ്ടായിരുന്നില്ല. സ്വാമിമാര്‍ക്കെല്ലാം ഓരോ കാവിമുണ്ട് നല്‍കാം എന്നു മാധവ്ജി പറഞ്ഞു. വളരെ നല്ലതെന്ന് ഞാന്‍ അഭിപ്രായപ്പെട്ടു. നേതൃസമ്മേളനത്തില്‍ അവതരിപ്പിക്കേണ്ട പ്രമേയങ്ങള്‍ ഞങ്ങള്‍ നാലുപേരുംകൂടി ചര്‍ച്ച ചെയ്ത് ഡ്രാഫ്റ്റുണ്ടാക്കി. നിശ്ചയിച്ചതുപോലെ ഓരോ നിരയിലിരുന്ന സ്വാമിമാര്‍ക്ക് ഓരോരുത്തര്‍ കാവിമുണ്ട് നല്‍കാന്‍ തീരുമാനിച്ചു. മുണ്ടു നല്‍കാന്‍ പിന്നിലൊരാള്‍. എന്റെ നിരയില്‍ മുണ്ട് നല്‍കി ചെന്നപ്പോള്‍ ഒരു സ്വാമി മുണ്ടു വാങ്ങിയില്ല. ആ കാവി മടക്കി വേറെ മാറ്റിവയ്‌ക്കാന്‍ പറഞ്ഞു; വേറെ മുണ്ടുകള്‍ വാങ്ങി. ആ നിരയിലെ സ്വാമിമാര്‍ക്കെല്ലാം കാവി നല്‍കി.
സമ്മേളനത്തിന് നേരത്തെ എത്തിച്ചേര്‍ന്ന ഡോ. കരണ്‍സിംഗ് കച്ചേരിപ്പടിയിലുള്ള പ്രസിദ്ധമായ ഒരാശുപ്രതിയിലെ ഡോക്ടറുടെ വീട്ടില്‍ വിശ്രമിക്കുന്നുണ്ടെന്നും അദ്ദേഹത്തെ കണ്ടു സംസാരിക്കാന്‍ മാധവ്ജി എന്നോടു നിര്‍ദ്ദേശിച്ചു. അതുപ്രകാരം ഞാനവിടെയെത്തി ഡോ. കരണ്‍സിംഗിനെ കണ്ട് സമ്മേളനം സംബന്ധിച്ച എല്ലാ വിവരങ്ങളും ധരിപ്പിച്ചു.
സ്റ്റേജ് മഹാരാജാസ് കോളേജ് ഗ്രൗണ്ടിലായിരുന്നു. പ്രകടനം എത്തുന്നതിനു മുമ്പുതന്നെ ഗ്രൗണ്ട് ജനനിബിഡമായിരുന്നു. സമ്മേളനത്തില്‍ ആകപ്പാടെ 8 ലക്ഷം ജനങ്ങള്‍ പങ്കെടുത്തിരുന്നുവെന്നായിരുന്നു പോലീസ് റിപ്പോര്‍ട്ട്.
പിറ്റേ ദിവസം എറണാകുളം ടൗണ്‍ഹാളില്‍ നടന്ന ഹിന്ദുസമ്മേളനത്തില്‍ തലേ ദിവസം കാവിമുണ്ട് നിഷേധിച്ച സ്വാമിയും സ്റ്റേജിലെത്തിയിരുന്നു. സ്വാമിയുടെ പിന്നില്‍ വിശ്വഹിന്ദു പരിഷത്തിന്റെ ഓര്‍ഗനൈസിംഗ് സെക്രട്ടറിസ്ഥാനത്തു നിന്നും പിരിഞ്ഞുപോയ, ജനേട്ടന്‍ എന്ന വി.പി. ജനാര്‍ദ്ദനന്‍ നില്‍ക്കുന്നു. സമ്മേളനത്തിനിടയിലോ സമ്മേളനത്തിലോ ജനേട്ടനോടു ചോദിച്ചറിഞ്ഞു, ആ സ്വാമി ചെങ്കോട്ടുകോണം ശ്രീരാമദാസ മഠാധിപതി സത്യാനന്ദസരസ്വതി തിരുവടികളാണെന്നറിഞ്ഞു. പിന്നീട് അദ്ദേഹമൊന്നിച്ച് പ്രവര്‍ത്തിക്കാനും സമരങ്ങളിലും സമ്മേളനങ്ങളിലും ഒന്നിച്ചു പങ്കെടുക്കാനുമായിട്ടുണ്ട്. സമ്മേളനാനന്തരം ജന്മഭൂമി പത്രത്തിന്റെ മുഖപ്രസംഗത്തില്‍ എന്നെ ശ്ലാഘിച്ചു പരാമര്‍ശിച്ചത് ഇന്നും ഓര്‍ക്കുന്നു.
സമ്മേളനാനന്തരം, വിശാലഹിന്ദുസമ്മേളന കമ്മറ്റി അതേപേര് തന്നെ നിലനിര്‍ത്താന്‍ തീരുമാനിച്ചു. സമ്മേളനങ്ങളും കണ്‍വെന്‍ഷനുകളും സമരങ്ങളും ഒക്കെ നടന്നു. മാധവ്ജിയും കൂടെയുണ്ടായിരുന്നു. അദ്ദേഹം നിര്യാതനായ വിവരം അറിഞ്ഞു, അദ്ദേഹത്തിന്റെ ആധ്യാത്മിക താന്ത്രിക കര്‍മ്മഭൂമിയായിരുന്ന തന്ത്രവിദ്യാപീഠത്തില്‍ എത്തിയപ്പോഴേക്കും ആ ഭൗതികശരീരം എരിഞ്ഞടങ്ങുകയായിരുന്നു; കാണാനായില്ല.
ക്ഷേത്രസങ്കല്‍പം എന്ന അദ്ദേഹത്തിന്റെ അതിപ്രശസ്തമായ താന്ത്രിക തത്വഗ്രന്ഥം ഒരു വലിയ സംഭാവനയാണ്. മറ്റു സംസ്ഥാനങ്ങളിലെ ക്ഷേത്രാരാധനാ സമ്പ്രദായങ്ങള്‍ക്ക് വ്യത്യസ്തമായ നമ്മുടെ സമ്പ്രദായങ്ങള്‍ തലയുയര്‍ത്തി നിലക്കുന്നതിനും നിലനില്‍ക്കുന്നതിനും ആ ഗ്രന്ഥം ആവശ്യമത്രേ. മാധവ്ജിയുടെ പാവന സ്മരണക്കു മുമ്പില്‍ നമോവാകം.
പത്മശ്രീ എം.കെ. കുഞ്ഞോല്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: