തൊടുപുഴ: ജനങ്ങളെ ആക്രമിച്ച ശേഷം മോഷണം നടത്തി വന്നിരുന്ന സംഘത്തിലെ മൂന്ന് പേര് പിടിയില്‍, തൃശൂര്‍ വടക്കാംചേരി പനങ്ങാട്ടുകര വരയാട്ട് അനുരാഗ് (20) കോട്ടയം ഏഴാച്ചേരി കുന്നേല്‍ വിഷ്ണു (26), ഓണക്കൂര്‍ അഞ്ചല്‍പ്പെട്ടി ചിറ്റേത്തറ ശിവകുമാര്‍ (32) എന്നിവരാണ് പിടിയിലായത്. ഇവരുടെ സഹായികള്‍ക്കായി അന്വേഷണം വ്യാപിപ്പിച്ചു.
കൂത്താട്ടുകുളത്ത് നിന്നാണ് ഇവര്‍ പിടിയിലായത്. പ്രതികള്‍ ആനപ്പാപ്പാന്മാരും, സഹായികളും ആയതിനാല്‍ പാപ്പാന് റൈഡേഴ്സ് എന്ന പേരിലായിരുന്നു ഓപ്പറേഷന്. എറണാകുളം, കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലെ മാല മോഷണം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതികളാണിവര്‍.
വിവിധ കേസുകളില്‍ പ്രതികളായ ഇവര്‍ ജയിലില്‍ വെച്ചാണ് പരിചയപ്പെടുന്നത്. ഇതില്‍ വിഷ്ണു 17 കേസുകളിലെ പ്രതിയാണ്.
മാരകായുധങ്ങളുമായി ക്രൂരമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ച ശേഷമാണ് പ്രതികള്‍ മോഷണം നടത്തിയിരുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ മാത്രം പ്രതികള്‍ നടത്തിയ ആക്രമണത്തില്‍ 7 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്.
ഓട്ടോ തടഞ്ഞും ആക്രമണം
പാലക്കുഴ കുന്നുമേല്‍ സ്റ്റീഫന്‍ ജോര്‍ജിനെ ആക്രമിച്ച് ഒപ്പമുണ്ടായിരുന്ന സഹോദരന്റെ മകന് ആദിത്തിന്റെ(17) ഒന്നേകാല്‍ പവന് മാലയാണ് പ്രതികള്‍ കവര്‍ന്നത്. സംഭവത്തില്‍ കേസെടുത്ത തൊടുപുഴ പോലീസ് കൂത്താട്ടുകുളത്തെത്തി പ്രതികളെ തിരിച്ചറിഞ്ഞു. ഞായറാഴ്ച വൈകിട്ട് 5.30 ഓടെയായിരുന്നു സംഭവം. സ്റ്റീഫനും ആദിത്തും ഓട്ടോയില്‍ സഞ്ചരിക്കുന്നതിനിടെ റോഡിന് നടുവിലായി കാര്‍ കിടക്കുന്നത് കണ്ടു.
വിവരം അന്വേഷിക്കാന്‍ നിര്‍ത്തിയതോടെ ഇവര്‍ അസഭ്യം പറഞ്ഞു. ഇത് ചോദ്യം ചെയ്തതോടെ പ്രതികള്‍ കൈയേറ്റത്തിന് മുതിര്‍ന്നു. വണ്ടിയെടുത്ത് പോകാന്‍ ശ്രമിച്ചെങ്കിലും പിന്നാലെ എത്തി ഓട്ടോയുടെ ചില്ലടിച്ച് തകര്‍ക്കുകയും മാല അപഹരിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: