‘പോടാ, പോ നീ രാജ്യോക്കെ ചുറ്റി ഒന്ന് പഠിച്ചിട്ടു വാ. മനസ്സിലായോ’ ‘ഇല്ല! പോ!’ ബാപ്പ അലറി. ആ ശബ്ദം ലോകത്തിന്റെ അറ്റം വരെ മജീദിനെ ഓടിക്കുവാന്‍ പര്യാപ്
തമായിരുന്നു. ഉഗ്രശാസനായ പിതാവിന്റെ വാക്കുകള്‍ കേട്ട് ഹൃദയത്തില്‍ ഇരമ്പുന്ന പ്രതിഷേധത്താല്‍ പ്രേരിതനായി വീടുവിട്ടിറങ്ങിയ ‘ബാല്യകാല സഖി’യിലെ മജീദിനെപ്പോലെ ഫിഫ്ത് ഫോറത്തില്‍ പഠിക്കുമ്പോല്‍ വീടുവിട്ടിറങ്ങി ഉപ്പുസത്യഗ്രഹത്തിനും തുടര്‍ന്നു ദേശാടനത്തിനുമിറങ്ങിയ തലയോലപ്പറമ്പ് പുത്തന്‍ കാഞ്ഞൂര്‍ വീട്ടില്‍ മുഹമ്മദ് ബഷീറിന് ജീവിതം ഒരിക്കലും അവസാനിക്കാത്ത യാത്രയായിരുന്നു.
അനുഭവത്തിന്റെ ഒരു പുതിയ വന്‍കരയെയാണ് മലയാളത്തിലേക്ക് ബഷീര്‍ കൊണ്ടുവന്നത്. വികാരങ്ങളുടെ പഴയ അടയാളങ്ങളെയും സ്വന്തം മൂക്കിന്റെ വിശ്വവൈരുദ്ധ്യത്തെയും കഷണ്ടിയുടെ ആജന്മ ശൂന്യതയെയും കുറിച്ച് ഈ എഴുത്തുകാരന്‍ തന്റെ സ്ലേറ്റില്‍ മായ്‌ച്ചെഴുതിക്കൊണ്ടിരുന്നു. ജീവിതത്തിന്റെ പൊരുളും മഹത്വവും അന്വേഷിച്ചുകൊണ്ട് യൗവനകാലം മുഴുവന്‍ അവധൂതനെപ്പോലെ അലഞ്ഞ ബഷീര്‍ സൂഫിസത്തിന്റെ ആത്മീയ പരിമളവും, നാടന്‍ നര്‍മബോധത്തിന്റെ പ്രസാദമധുരിമയും കലര്‍ന്ന കൃതികളിലൂടെ സ്വന്തം അനുഭവങ്ങളത്രയും പകര്‍ന്നുതന്നു. തന്നെപ്പറ്റിയാണ് സ്വന്തം അനുഭവങ്ങളെപ്പറ്റിയാണ് അദ്ദേഹം എഴുതിയതധികവും.
അനുഭവത്തിന്റെ ചൂടു പകരുന്ന ഒരു ശൈലിയാണ് ബഷീര്‍ സാഹിത്യത്തിന്റെ ഒരു നേട്ടം. മലയാളത്തിന്റെ മധുരവും സത്യസന്ധതയുടെ തെളിവും ഭാഷയുടെ ചൈതന്യവും ആ ശൈലിയില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. പണ്ഡിതനോടും പാമരനോടും ഒരുപോലെ സംവദിക്കുവാന്‍ ആ ഭാഷാ രീതി പ്രാപ്തമാകുന്നു. നര്‍മത്തിന്റെ നിലാവും നാടന്‍ ചുവപ്പും ഹാസ്യഭാവവും ഇതിവൃത്തത്തിലും പാത്രസൃഷ്ടിയിലും സംഭാഷണത്തിലും പ്രതിപാദനത്തിലുമെല്ലാം ഒഴുകിപ്പരന്നു കിടക്കുന്നു. ഒന്നിനെയും കൂട്ടാക്കാതെ എല്ലാറ്റിനെയും ചോദ്യം ചെയ്യുന്ന ഒരു സ്വഭാവം ബഷീര്‍ കൃതികളിലുണ്ട്. മതം തത്ത്വശാസ്ത്രം സാമുദായികാചാരങ്ങള്‍ ഇവയുടെയെല്ലാം മറവിലൊളിച്ചിരിക്കുന്ന കള്ളനാട്യങ്ങളെപ്പറ്റി ബഷീറിന് ഒത്തിരി പറയാനുണ്ട്. വളരെ ജീവിതാനുഭവങ്ങളുള്ള ആളാണ് ബഷീര്‍. അതിനെപ്പറ്റിയൊക്കെ ദുര്‍ലഭമായിട്ടു മാത്രമേ എഴുതിയിട്ടുള്ളൂ. പക്ഷേ എഴുതിയതിലെല്ലാം ആ അനുഭവങ്ങളുണ്ട്. ഏത് ജീവിതം ചിത്രപ്പെടുത്തുമ്പോഴും തകര്‍ച്ചയുടെ ഒരു ദീനരോദനം അവിടെനിന്നും മുഴങ്ങി കേള്‍ക്കാം. അനന്തവും അഭംഗുരവുമായി നീണ്ടുപോകുന്ന ദീനദീനമായ ഒരു ചൂളംവിളിയാണ് ബഷീര്‍ കൃതികളുടെ പശ്ചാത്തലസംഗീതം. അധികസമയവും അത് കരയിക്കും. ചിലപ്പോള്‍ അത് ഞെട്ടിക്കുകയും ചെയ്യും.
എത്ര ദുരിതം അനുഭവിച്ച ആളാണെങ്കിലും ബഷീര്‍ ഒരിക്കലും ‘കഷ്ടമായ ജീവിതം’ എന്നു പറഞ്ഞിട്ടില്ല. സുരഭിലമായ സുലഭകാലഘട്ടം എന്നു മാത്രമേ അദ്ദേഹം ജീവിതത്തെപ്പറ്റി പറഞ്ഞിട്ടുള്ളൂ. ഈ പറച്ചിലിലുണ്ട് ബഷീറിന്റെ ജീവിതവീക്ഷണവും മതവും തത്ത്വശാസ്ത്രവുമെല്ലാം.
”എല്ലാ ലോകങ്ങളെയും എല്ലാ ജീവരാശികളെയും സാഗരങ്ങളെയും പര്‍വ്വതങ്ങളെയും താങ്കളെയും എന്നെയും എല്ലാറ്റിനെയും സൃഷ്ടിച്ച ആദ്യന്ത വിഹീനനായ സര്‍വേശാ, ലോകങ്ങളെ എല്ലാം ആലംബമില്ലാതെ നി
ര്‍ത്തിയിരിക്കുന്ന അങ്ങയുടെ അനുഗ്രഹം ഞങ്ങളില്‍ ഉണ്ടാകണമേ!” എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് എഴുതിയ ബഷീറിന്റെ കഥകള്‍ ഒരിക്കലും അവസാനിക്കുന്നില്ല. ജീവിതത്തെ മറ്റാര്‍ക്കുമാവാത്തവിധം നോക്കിക്കാണുവാനും
സ്‌നേഹിക്കുവാനും കഴിഞ്ഞ അസാധാരണ പ്രതിഭയായിരുന്നു ബഷീര്‍. തനി മലയാളത്തിന്റെ ഭാഷയിലൂടെ അനശ്വര കഥാപാത്രങ്ങളെയും കാലാതിവര്‍ത്തികളായ കഥാസന്ദര്‍ഭങ്ങളെയും ഈ സാഹിത്യകാരന്‍ ആവിഷ്‌കരിച്ചു. ‘ബാല്യകാല സഖി’യില്‍ പ്രണയം വ്യക്തികളുടെ സ്വകാര്യമായ അനുഭവത്തില്‍ നിന്നുയര്‍ന്ന് ഒരു നവോത്ഥാന വികാരമായിത്തീരുന്നുണ്ട്. നരകത്തിന്റെ ദ്വീപില്‍ സ്വര്‍ഗ്ഗം പണിയുകയാണ് സ്‌നേഹത്തിന്റെ നിയോഗം. ഓര്‍മകളുടെ ഭൂതകാലത്തില്‍ കുരുങ്ങിപ്പോയ ഒരു തലമുറയും, പ്രകൃതിയെപ്പോലെ സ്വച്ഛവും നിഷ്‌കളങ്കവുമായ മറ്റൊരു തലമുറയും ഇതില്‍ കാണാം.
‘മതിലുകള്‍’ എന്ന നോവല്‍ നമ്മുടെ ഭാഷയുടെ മഹത്തായ നേട്ടങ്ങളിലൊന്നാണ്. ഇതിലും ബഷീര്‍ തന്നെയാണ് കഥാപാത്രം. അദ്ദേഹം ജയിലില്‍ കിടക്കുമ്പോള്‍ തൊട്ടപ്പുറത്തുള്ള പെണ്‍ജയിലില്‍ കിടക്കുന്ന നാരായണിയെ പ്രേമിച്ച് കഥ. തമ്മില്‍ കാണാതെ മണം അനുഭവിച്ചും ശബ്ദം കേട്ടും മാത്രമാണിവര്‍ പ്രേമിക്കുന്നത്.
”തമ്മിലൊന്നു കാണാനെന്തു വഴി?”
ഞാന്‍ പറഞ്ഞു.
”ഞാനൊരു വഴിയും കാണുന്നില്ല.”
നാരായണി പറഞ്ഞു.
”ഞാനിന്നു രാത്രി കിടന്നോര്‍ത്തു കരയും!”
”ജയിലിന്റെ പടുകൂറ്റന്‍ വാതില്‍ ഭയങ്കര ശബ്ദത്തോടെ എന്റെ പിറകില്‍ അടഞ്ഞു.
ഞാന്‍ തനിച്ചായി. ആ സുഗന്ധം പരത്തുന്ന ചുവന്ന റോസാപ്പൂവു കൈയിലെടുത്തു നോക്കിക്കൊണ്ട് ആ പെരുവഴിയില്‍ സ്തബ്ധനായി വളരെ നേരം നിന്നു.”
സഫലമാകാതെ പോയ ആ പ്രേമകഥ മനുഷ്യമനസ്സിനെപ്പറ്റി, സ്‌നേഹബന്ധങ്ങളെപ്പറ്റി, സ്വാതന്ത്ര്യത്തെപ്പറ്റി, ജീവിതത്തെപ്പറ്റി നമുക്കുള്ള പല സങ്കല്‍പങ്ങളെയും കീഴ്‌മേല്‍ മറിച്ചുകളഞ്ഞു. സ്‌നേഹത്തിന്റെ പുതിയ അടയാളങ്ങള്‍ കേരളീയര്‍ക്ക് നല്‍കുകയാണ് ബഷീര്‍ കഥകള്‍ ചെയ്തത്. സ്‌നേഹത്തിന് എത്ര വര്‍ണങ്ങളുണ്ട് എന്ന് ‘ബാല്യകാല സഖി’യും മതിലുകളുമൊക്കെ പതുക്കെ പറയുമ്പോള്‍ സ്‌നേഹം എത്ര കഠിനമാണെന്ന് പ്രേമലേഖനത്തില്‍ ബഷീര്‍ ഉറക്കെപ്പറയുന്നു ‘പരിശുദ്ധപ്രേമം-ചപ്ലാച്ചി സാധനം!’ പെണ്ണിന്റെ ആയിരം ഡബിള്‍ ക്രൂരഹൃദയം! എന്നാണ്.
കേശവന്‍ നായര്‍ എന്ന യുവാവ് സാറാമ്മ എന്ന യുവതിയില്‍ അനുരക്തനാവുന്നതാണ് ‘പ്രേമലേഖന’ത്തിലെ ഇതിവൃത്തം. രണ്ടു കഥാപാത്രങ്ങള്‍ മാത്രമുള്ള നിര്‍ദോഷമായ ഫലിതരസം ഓരോ പുറത്തും തുളുമ്പുന്ന ഇതുപോലൊരു ചെറുകൃതി അക്കാലത്തെങ്ങും മലയാളികള്‍ വായിക്കാന്‍ സംഗതിയായിട്ടില്ല. ചുമ്മ അങ്ങ് ഇരുന്നും കിടന്നും നടന്നുമൊക്കെ സ്‌നേഹിച്ചാല്‍ പോരെ? അങ്ങനെ സ്‌നേഹിക്കുന്ന ജോലി സാറാമ്മയ്‌ക്ക് തരപ്പെടുത്തിക്കൊടുത്ത ബഷീര്‍ തന്റെ നെഞ്ചുകൊണ്ട് തന്റെ വാക്യങ്ങള്‍കൊണ്ട് തന്റെ ഭാഷകൊണ്ട് സ്‌നേഹത്തെ പ്രാര്‍ത്ഥനയെ ജീവിതത്തെ അളന്ന ഒരാളായതുകൊണ്ട് ഒരു വലിയേ ബഷീറആയി നാം അറിയാതെ സ്‌നേഹിച്ചുപോകുന്നു. ബഹുമാനിക്കുന്നു. പ്രേമലേഖനത്തിലെ കേശവന്‍ നായര്‍ സ്‌നേഹം കിട്ടാതെ വന്നപ്പോള്‍ വേറൊരു വഴി തന്നെ കണ്ടുപിടിച്ചു. ”ഇവിടെ ഞാന്‍ കെട്ടിത്തൂങ്ങിച്ചാകും. ചത്തു കിടക്കുമ്പോള്‍ കാലില്‍ വലിയ ഒരു കടലാസ് എഴുതിത്തൂക്കിയിരിക്കും;” ലോകമേ എന്റെ മരണവും ക്രൂഹൃദയമായ സാറാമ്മയുമായി യാതൊരു ബന്ധുവുമില്ല!
സാറാമ്മയ്‌ക്കുവേണ്ടി
ചത്ത കേശവന്‍
എന്ന്
പാവത്താന്‍ (ഒപ്പ്)
ശ്രമം കൂടാതെയുള്ള ശൈലിയും സാമാന്യങ്ങളായ സംഭവങ്ങളെക്കൂടി രസകരവും ആകര്‍ഷകവുമാക്കുന്ന പ്രതിപാദന രീതിയും ബഷീര്‍ കഥകളെ സജീവങ്ങളായ കലാസൃഷ്ടികളാക്കുന്നു. ‘സെക്കന്‍ഡ് ഹാന്‍ഡ്’ എന്ന കഥയില്‍ മാതാവായ ശാരദ എന്ന സ്ത്രീ ഭൂതസൃഷ്ടിയാകുന്നു. വ്യവസ്ഥകളുടെ പി
തൃത്വവും മാതൃത്വവും ഇവിടെ ചോദ്യം ചെയ്യപ്പെടുന്നു. ഗോപിനാഥന്‍ എന്ന പത്രാധിപരുടെ മുറിയില്‍ അഭയം തേടി വന്ന ശാരദയ്‌ക്ക് അയാള്‍ രാത്രിയില്‍ അഭയം കൊടുക്കുന്നതോടൊപ്പം ശാരദയില്‍ സുന്ദരമായ ആത്മാവിനെയും കാണുന്നു. സ്‌നേഹിക്കുന്നു.
ശാരദ പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു:
”ഞാന്‍ ചീത്ത സ്ത്രീയാണ്”
ഗോപിനാഥന്‍ പൊട്ടിച്ചിരിച്ചു.
സുദീര്‍ഘമായ നിശ്ശബ്ദതയ്‌ക്കുശേഷം ഗോപിനാഥന്‍ ചോദിച്ചു.
”എന്നിട്ട് കുഞ്ഞെവിടെ”
”മരിച്ചുപോയി. ഞാന്‍ അവിവാഹിതയാണ്.”
”ആ മനുഷ്യന്‍ എവിടെ?”
ആ മനുഷ്യന്‍ ശാരദയെ ഉപേക്ഷിച്ചു. ഗോപിനാഥന്റെ ഹൃദയം ശൂന്യമായിരുന്നു. പ്രേമമില്ല. അവര്‍ രജിസ്ട്രാര്‍ മുന്‍പാകെ ഭാര്യാഭര്‍ത്താക്കന്മാരായി. ഗോപിനാഥനെ ശാരദ ഈശ്വരനെപ്പോലെ കണ്ടുജീവിച്ചു. ജീവിതാനുഭവത്തിലുണ്ടാകുന്ന അനുരാഗദര്‍ശനത്തിന്റെ ഈ മാറ്റം ജീവിതത്തിന്റെ സാമാന്യസ്വഭാവമാണ്. സ്‌നേഹത്തെക്കുറിച്ച് വിവരിക്കുന്ന നമ്മുടെ ബോധങ്ങളെല്ലാം തെറ്റിക്കാന്‍ ബഷീര്‍ തന്റെ കൃതികളില്‍ ശ്രമിക്കുന്നുണ്ട്.
‘ഒരു ജയില്‍പ്പുള്ളിയുടെ ചിത്രം’ എന്ന കഥയിലെ കത്ത് വായിക്കാം. ”സഹോദരീ, നിങ്ങളെന്നെ മറന്നു കളയുക. വല്ലപ്പോഴും നിങ്ങളെന്റെ വീട്ടില്‍ പോവുകയാണെങ്കില്‍ എന്റെ അമ്മച്ചിയോടും അപ്പച്ചനോടും പറയണം. അവിടെ ഇരിക്കുന്ന എന്റെ ചിത്രം നശിപ്പിച്ചു കളയുവാന്‍…. ഈ സത്യം അറിയിക്കരുത്. എന്റെ തലമുടി അധികവും കൊഴിഞ്ഞുപോയിരിക്കുന്നു. ബാക്കിയുള്ളത് നരച്ചും. എനിക്ക് രണ്ടു കണ്ണുകള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ വലത്തേതു മാത്രമേയുള്ളൂ. ചുവന്നു തുറിച്ച് രക്തനക്ഷത്രം പോലെ-
മംഗളാശംസകളോടെ,
നിങ്ങളുടെ ജയില്‍പ്പുള്ളി നമ്പര്‍. 1051
ബഷീര്‍ സഞ്ചരിച്ചിരുന്ന ലോകം ദാരിദ്ര്യത്തിന്റെയും ഉന്മാദത്തിന്റെയും വിശപ്പിന്റെതുമായിരുന്നു. വിശപ്പ് ഒരു അനുഭവമാണെന്നും, വിശപ്പ് ഒരു കാലഘട്ടത്തിന്റെ അനുഭവമാണെന്നും, വിശപ്പിന്റെ നീറ്റലും പു
കച്ചിലും അനുഭവിച്ചിട്ടുള്ളവര്‍ക്കു മാത്രമേ അറിയൂ. വിശക്കുമ്പോള്‍ വയറ് വലുതാകുമെന്നും വയറ് ആകാശമാകുമെന്നും ഇന്നു പലര്‍ക്കും അറിയില്ല. പക്ഷേ ബഷീറിനറിയാം. ഇന്നോര്‍ക്കുമ്പോള്‍ ഫലിതമായി തോന്നുന്ന ജീവിതത്തിലെ വലിയ സത്യങ്ങളാണ് ഈ എഴുത്തുകാരന്‍ നമ്മെ അറിയിച്ചത്. ജീവിത നിഴല്‍പ്പാടിലെ നായകന്‍ ഒരു നേരത്തെ ആഹാരത്തിനായി പലരോടും കേണപേക്ഷിക്കുന്നുണ്ട്. ഒട്ടിയ വയറു തടവിക്കൊണ്ട് വരണ്ട തൊണ്ടയിലൂടെ പതറുന്ന സ്വരത്തില്‍ അയാള്‍ യാചിച്ചു.
”എനിക്ക് വിശക്കുന്നു വല്ലതും തരിക.”
വിധിയുടെ ക്രൂരതയില്‍ ഉഗ്രമായ വിശപ്പിന്റെ മുന്‍പില്‍ എല്ലാം മറന്നുപോയ ആളാണ് ബഷീര്‍. അദ്ദേഹത്തിന്റെ രചനകളില്‍ ചിലത് കെട്ടുകഥകളാവാം. യാഥാര്‍ത്ഥ്യം എന്നു പറയുന്നത് ആത്മകഥാപരം എന്നതിനു സമാനമാണ്. ബഷീര്‍ ഭാഷയുടെ അതിരുകള്‍ തേടിപ്പോകുകയല്ല. അനുഭവത്തിന്റെ അതിരുകള്‍ തേടിപ്പോകുകയാണ്. തന്റെ കൃതികളില്‍ നമുക്ക് കേട്ട് പരിചയമുള്ള അനുഭവങ്ങളെ ചിത്രീകരിക്കുവാന്‍ അതിനേക്കാള്‍ രൂക്ഷമായ സമ്പന്നമായ സജീവമായ ഒരു ചിഹ്ന വ്യവസ്ഥ മലയാള ഭാഷയിലേക്ക് സംക്രമിപ്പിക്കുകയാണ് ഈ എഴുത്തുകാരന്‍ ചെയ്തത്. ‘ജന്മദിനം’ എന്ന കഥയില്‍ ബഷീര്‍ ഇങ്ങനെ എഴുതി: ”ഇന്ന് എന്റെ ജന്മദിനമാണ്. ഞാന്‍ പായ് വിരിച്ചു കിടന്നു. പക്ഷേ കണ്ണുകള്‍ അടയുന്നില്ല… എവിടെയെല്ലാം എത്രയെത്ര കോടി സ്ത്രീപുരുഷന്മാര്‍ ഈ സുന്ദരമായ ഭൂഗോളത്തില്‍ പട്ടിണികിടക്കുന്നു! അക്കൂട്ടത്തില്‍ ഞാനും. എനിക്കെന്താണ് പ്രത്യേകത? ഒരു ദരിദ്രന്‍.
പി.ജെ. വര്‍ഗീസ് മലമേല്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: