കാസര്‍കോട്: ഉദുമ ബ്ലോക്ക് പ്രസിഡണ്ട് രാജന്‍ പെരിയയുടെ രാജിക്ക് പിന്നാലെ കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് മൂര്‍ഛിക്കുന്നു. രാജന് പിന്തുണ പ്രഖ്യാപിച്ച് ആറ് വൈസ് പ്രസിഡണ്ടുമാരും ബ്ലോക്ക് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി സുകുമാരന്‍ പൂച്ചക്കാട് അടക്കം 23 ജനറല്‍ സെക്രട്ടറിമാരും രാജി പ്രഖ്യാപിച്ചു. ഇതോടെ കോണ്‍ഗ്രസിനകത്തെ പ്രശ്‌നം പൊട്ടിത്തെറിയുടെ വക്കിലെത്തിയിരിക്കുകയാണ്. ബ്ലോക്ക് കമ്മറ്റി അംഗങ്ങളുടെ പട്ടികയെച്ചൊല്ലി കോണ്‍ഗ്രസ് ഉദുമ ബ്ലോക്ക് കമ്മറ്റിയിലുണ്ടായ പൊട്ടിത്തെറി പരിഹരിക്കാന്‍ ഡിസിസി ഓഫീസില്‍ നടത്തിയ ചര്‍ച്ച ഫലം കാണാതെ പിരിഞ്ഞു.
അഭിപ്രായ ഭിന്നതയെത്തുടര്‍ന്നുള്ള രാജി പിന്‍വലിക്കില്ലെന്ന് പ്രസിഡന്റ് രാജന്‍ പെരിയ പറഞ്ഞു. കെപിസിസി ജനറല്‍ സെക്രട്ടറി ജി.രതികുമാറിന്റെ നേതൃത്വത്തിലായിരുന്നു ഇന്നലെ കാസര്‍കോട് ഡിസിസി ഓഫീസില്‍ ചര്‍ച്ച നടന്നത്. ഐ വിഭാഗക്കാരിയായ ഗീതാകൃഷ്ണനുമായുള്ള അഭിപ്രായ ഭിന്നതയാണ് എ വിഭാഗക്കാരനായ രാജന്റെ രാജിയില്‍ കലാശിച്ചത്. പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ സ്വാഭാവികമാണെന്ന് ജി.രതികുമാര്‍ പറഞ്ഞു. ഇരുവരുടെയും മൊഴിയെടുത്തിട്ടുണ്ട്. അന്തിമതീരുമാനത്തിനായി അത് കെപിസിസി.ക്ക് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. കെപിസിസിയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നതെന്നും പട്ടികയെക്കുറിച്ച് തന്റെ അഭിപ്രായങ്ങള്‍ യോഗത്തില്‍ അറിയിച്ചുവെന്നും മറ്റൊന്നും പ്രതികരിക്കുന്നില്ലെന്നും ഗീതാ കൃഷ്ണന്‍ പ്രതികരിച്ചു.
സ്വതന്ത്രമായ സംഘടനാപ്രവര്‍ത്തനം അനുവദിക്കുമെന്ന് ഉറപ്പുവരുത്തിയാല്‍ രാജി പിന്‍വലിക്കുമെന്നും രാജന്‍ പെരിയ പറഞ്ഞു. കഴിഞ്ഞയാഴ്ച ചട്ടഞ്ചാലില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നില്‍, ജനറല്‍ സെക്രട്ടറി വി.ആര്‍ വിദ്യാസാഗര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ബ്ലോക്ക് ഭാരവാഹികളുടെയും അംഗങ്ങളുടെയും പട്ടിക അംഗീകരിച്ചിരുന്നുവെന്നാണ് രാജന്‍ പെരിയ പറയുന്നത്. ഇതില്‍ വള്ളിയില്‍ കുഞ്ഞിരാമന്‍, ഭാസ്‌കരന്‍ എന്നിവരെ കമ്മറ്റിയില്‍ ഉള്‍പ്പെടുത്തിയതിനെ ചോദ്യം ചെയ്ത് ഗീതാകൃഷ്ണന്‍ വാട്‌സ് ആപില്‍ പോസ്റ്റിട്ടിരുന്നു. ഔദ്യോഗികമായി അംഗീകരിച്ച പട്ടികയെ ചോദ്യം ചെയ്തത് അംഗീകരിക്കാനാകില്ലെന്നായിരുന്നു എ വിഭാഗത്തിന്റെ മറുപടി.
ഡിസിസി ഓഫീസിലെ ഹക്കീം കുന്നിലിന്റെ ചേംബറില്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ രാജനയെും ഗീതയെയും വിളിപ്പിച്ചിരുന്നു. ചര്‍ച്ചക്കിടെ തര്‍ക്കമുണ്ടാകുകയും രാജന്‍ ക്ഷുഭിതനായി സംസാരിക്കുകയും ചെയ്തത് ഗീതാകൃഷ്ണനെ അസ്വസ്ഥതയാക്കി. രാജന്റെ പെരുമാറ്റം തന്നെ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാക്കിയെന്നും ബോധരഹിതയായി വീണുവെന്നും കെപിസിസി പ്രസിഡണ്ടിന് പരാതി നല്‍കിയ സാഹചര്യത്തില്‍ കൂടുതല്‍ വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നുമാണ് ഗീതാകൃഷ്ണന്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: