കുമ്പള: കാലവര്‍ഷത്തിന്റെ തുടക്കം തന്നെ കടലിന് കലിയിളകി. ഇതോടെ കുമ്പള തീരദേശ മേഖല കടലാക്രമണം രൂക്ഷമായി. കാലങ്ങളായി കരയിടിച്ചില്‍ നേരിടുന്ന കുമ്പള കോയിപ്പാടി പെര്‍വാഡ് പ്രദേശങ്ങളില്‍ ഇത്തവണ കാലവര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ കടല്‍ പ്രക്ഷുബ്ദമായി കരയിടിയുന്ന സ്ഥിതിയാണ്.
കടല്‍ഭിത്തികളൊക്കെ കടലെടുത്തുകൊണ്ടിരിക്കുന്നു. മഴ കനത്തതോടെ തീരദേശമേഖലയില്‍ കടലാക്രമണം രൂക്ഷമായി. കരയിടിച്ചില്‍ തടയാന്‍ കരിങ്കല്ലുകള്‍ പാകി സ്ഥാപിച്ച കടല്‍ഭിത്തികള്‍ മുന്‍വര്‍ഷങ്ങളില്‍ തന്നെ ഏതാണ്ട് കടലെടുത്തിരുന്നു. ഇപ്പോള്‍ അത് പൂര്‍ണമാകുകയാണ്. പെര്‍വാഡും, മൊഗ്രാല്‍ നാങ്കിയിലും സ്ഥാപിച്ച കടല്‍ ഭിത്തികള്‍ ഇപ്പോള്‍ കാണാനേയില്ല. കോടികളുടെ കരിങ്കല്ലുകളാണ് ഇവിടെ കടലെടുത്തത്.
ജില്ലയിലെ 82 കിലോമീറ്റര്‍ തീരദേശ മേഖലയില്‍ 40 കിലോമീറ്റര്‍ പ്രദേശം കടല്‍ക്ഷോഭം നേരിടുന്ന പ്രദേശങ്ങളാണ്. ഇതില്‍ 25 കിലോ മീറ്ററുകള്‍ ഇതിനകം കടല്‍ ഭിത്തികള്‍ നിര്‍മ്മിച്ചുവെങ്കിലും ഒന്നിനും നിലനില്‍പ്പ് ഉണ്ടായിട്ടില്ല. അശാസ്ത്രീയമായ നിര്‍മാണ രീതികളാണ് ഇതിന് കാരണമായിട്ടുള്ളതെന്ന് തീരദേശ വാസികള്‍ പറയുന്നു. രൂക്ഷമായ കടലാക്രമണം തീരദേശത്തെ അനേകം വീടുകള്‍ക്ക് ഇതിനകം തന്നെ ഭീഷണിയായിട്ടുണ്ട്.
തീരമേഖലയിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ കഴിഞ്ഞ ആറ് മാസക്കാലമായി വറുതിയിലാണ്. കോവിഡ് നിയന്ത്രണവും, മത്സ്യബന്ധന നിയന്ത്രണവുമെല്ലാം മത്സ്യത്തൊഴിലാളികളെ പട്ടിണിയിലാക്കിയിട്ടുണ്ട്. ഇതിനിടയിലാണ് രൂക്ഷമായ കടല്‍ക്ഷോഭവും. കടല്‍ക്ഷോഭം നേരിടാന്‍ ശാസ്ത്രീയമായ വഴികള്‍ കണ്ടെത്താന്‍ സര്‍ക്കാറുകള്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. പ്രഖ്യാപിക്കുന്ന കോടികളുടെ കടല്‍ഭിത്തി പദ്ധതികള്‍ വര്‍ഷാ വര്‍ഷം കടലെടുക്കുന്ന സ്ഥിതിയാണ് തീരദേശമേഖലയിലുള്ളത്.
മണല്‍ചാക്കുകള്‍ വെച്ച് കടലാക്രമണത്തെ ചെറുക്കാനാണ് അധികൃതര്‍ ഇപ്പോള്‍ പരീക്ഷിക്കുന്നത്. ജില്ലയിലെ ചില ഭാഗങ്ങളില്‍ ഇത്തരത്തിലുള്ള ജംബോ മണല്‍ ചാക്കുകള്‍ കടലാക്രമണത്തില്‍ തകര്‍ന്നിട്ടുമുണ്ട്. ഇത് പ്രദേശവാസികളില്‍ ആശങ്ക ഉളവാക്കിയിട്ടുണ്ട്. രൂക്ഷമായ കടലാക്രമണം ചെറുക്കാന്‍ തീരദേശമേഖലയില്‍ അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് കരയിടിച്ചില്‍ തടയുന്നതിന് ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കണന്ന് തീരദേശവാസികള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: