ചെറുതോണി: കാലവര്‍ഷമാരംഭിച്ചതോടെ ചെറുതോണിടൗണിലെ താത്ക്കാലിക ബസ് സ്റ്റാന്‍ഡ് ചെളിക്കുണ്ടായി മാറി. സ്റ്റാന്‍ഡിലെത്തുന്ന ബസുകളും യാത്രക്കാരും ടൗണിലെ വ്യാപാരികളും ദുരിതത്തിലായിരിക്കുകയാണ്.
2018ലെ പ്രളയത്തില്‍ തകര്‍ന്ന ചെറുതോണി ബസ് സ്റ്റാന്‍ഡ് പൊതുജന പങ്കാളിത്തത്തോടെ താല്കാലികമായിട്ടാണ് നിര്‍മ്മിച്ചത്. മണ്ണിട്ട് നിര്‍മ്മിച്ച ബസ്സ് സ്റ്റാന്‍ഡ് മഴ ആരംഭിച്ചതോടെ ചെളിക്കുണ്ടായി മാറുകയായിരുന്നു. ബസ്സുകള്‍ക്ക് സ്റ്റാന്‍ഡില്‍ പ്രവേശിക്കാന്‍ പറ്റാത്ത അവസ്ഥയിലാണിപ്പോള്‍.
ചെറുതോണി പോലിസ് സ്റ്റേഷനു സമീപം റോഷി അഗസ്റ്റിന് എംഎല്‍എയുടെ പ്രദേശിക വികസന ഫണ്ടില്‍ നിന്ന് 50 ലക്ഷവും ജില്ലാ പഞ്ചായത്ത് 15 ലക്ഷവും മുടക്കി പുതിയ ബസ്സ് സ്റ്റാന്‍ഡ് നിര്‍മ്മാണം ആരംഭിച്ചുവെങ്കിലും നിര്‍മ്മാണം പാതിവഴിയില്‍ നിലച്ച അവസ്ഥയിലാണ്. മണ്ണ് മാറ്റല്‍ നടപടികള്‍ മാത്രമാണ് പൂര്‍ത്തിയായത്. ഫണ്ടിന്റെ അപര്യാപ്തതയാണ് നിര്‍മ്മാണം നിലക്കാന് കാരണമെന്ന് പറയപ്പെടുന്നു.
താല്കാലിക സ്റ്റാന്‍ഡില്‍ ബസ്സുകള്‍ കയറാതായതോടെ ചെറുതോണിടൗണില് ഗതാഗത കുരുക്ക് രൂക്ഷമായിരിക്കയാണ്. അടിയന്തരമായി താല്‍ക്കാലിക ബസ് സ്റ്റാന്‍ഡില്‍ മക്ക് നിരത്തി ബസ് കയറിയിറങ്ങാന്‍ വേണ്ട നടപടി സ്വീകരിക്കണെമെന്നാണ് വ്യാപാരികളുടെയും നാട്ടുകാരുടെയും ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: