മലപ്പുറം: കേരള ചരിത്രത്തിലെ കറുത്ത അദ്ധ്യായമായ 1921ലെ മാപ്പിള ലഹളയുടെ നൂറാം വാര്‍ഷികം പടിവാതിലില്‍. മതമൗലികവാദികള്‍ വാര്‍ഷികം ആഘോഷിക്കാനുള്ള നീക്കം സജീവമാക്കുമ്പോഴും സംസ്ഥാനം ഭരിക്കുന്ന സിപിഎം സ്വീകരിക്കുന്ന നിലപാട് അണികള്‍ക്കിടയില്‍ ആശങ്കയ്ക്ക് വഴിവയ്ക്കുന്നു.
മാപ്പിള ലഹള സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമല്ലെന്നും കരുതിക്കൂട്ടിയ വര്‍ഗീയ കലാപമാണെന്നും ചരിത്രകാരന്മാര് വ്യക്തമാക്കുമ്പോഴും ഇഎംഎസിന്റെ കാര്‍ഷിക വിപ്ലവമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഇപ്പോഴും സിപിഎം. മാപ്പിള ലഹളയെ മലബാര്‍ കലാപമെന്ന പേരില്‍ പാഠപുസ്തകങ്ങളില്‍ നിറച്ചാലും പാര്‍ട്ടി പത്രത്തിലൂടെ ന്യായീകരിച്ചാലും സത്യമറിയുന്ന ആരും വിശ്വസിക്കില്ലെന്നാണ് മലപ്പുറത്തെ പ്രാദേശിക സിപിഎം നേതാക്കള്‍ പറയുന്നത്.
ഭീകരരെ വെള്ളപൂശുന്ന പാര്‍ട്ടിയുടെ നിലപാട് ഏറെ ബുദ്ധിമുട്ടിലാക്കിയിരിക്കുന്നതും പ്രാദേശിക നേതാക്കളെയാണ്. 2021ല്‍ നൂറാം വാര്‍ഷികത്തില്‍ വീണ്ടുമൊരു വര്‍ഗീയലഹള നടക്കുമോയെന്ന ഭീതിയിലാണ് സിപിഎം അനുഭാവികളടക്കമുള്ള ഹിന്ദുക്കള്‍. സിപിഐയുടെ പോഷക സംഘടനയായ യുവകലാസാഹിതിയടക്കം മാപ്പിള ലഹള നൂറു ശതമാനം വര്‍ഗീയ കലാപമായിരുന്നെന്നും ഹിന്ദുക്കള്‍ ക്രൂരമായി വേട്ടയാടപ്പെട്ടിരുന്നെന്നും തുറന്നു പറഞ്ഞിരുന്നു.
ലഹളയ്ക്ക് നേതൃത്വം നല്കിയ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കേന്ദ്ര കഥാപാത്രമാക്കി ഇടത് സഹയാത്രികനായ സംവിധായകന് ആഷിക് അബു സിനിമ പ്രഖ്യാപിച്ചതോടെയാണ് വിഷയം വീണ്ടും ചര്‍ച്ചയായത്. വോട്ടുകള്‍ മാത്രം ലക്ഷ്യമിട്ട് മുസ്ലിം തീവ്രവാദികളെ പിന്തുണയ്ക്കുന്ന സിപിഎം നിലപാടിനെതിരെ സാധാരണ പ്രവര്‍ത്തകരും അനുഭാവികളും പ്രതിഷേധസ്വരം ഉയര്‍ത്തിക്കഴിഞ്ഞു.
വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മലപ്പുറം ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ട് പോലുള്ള സംഘടനകള്‍ ആയുധ പരിശീലനം ആരംഭിച്ചതായി നേരത്തെ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു. എന്നാല്‍ ഇതിനെ ഗൗരവമായി കാണാനോ നടപടി സ്വീകരിക്കാനോ സംസ്ഥാന സര്‍ക്കാര്‍ തയാറായിട്ടില്ല. മലപ്പുറം നഗരസഭയുടെ നിയന്ത്രണത്തിലുള്ള ടൗണ്‍ ഹാളിന് ഹിന്ദുക്കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്കിയ വാരിയന്‍കുന്നന്റെ പേര് നല്കിയപ്പോള് വാക്കുകള്‍കൊണ്ട് പോലും എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ സിപിഎം ശ്രമിച്ചില്ല. സിപിഎമ്മില്‍ നിന്ന് മതേതരപട്ടം ചാര്‍ത്തിക്കിട്ടിയ മുസ്ലിംലീഗാണ് കാലങ്ങളായി നഗരസഭ ഭരിക്കുന്നത്.
വാരിയന്‍കുന്നനെ നിയമസഭയില്‍ ഏറ്റവും കൂടുതല്‍ ന്യായീകരിച്ചതും സിപിഎം ജനപ്രതിനിധികളാണ്. മലപ്പുറം സ്വദേശിയും തൃപ്പുണ്ണിത്തുറ എംഎല്‍എയുമായ എം. സ്വരാജ് നിയമസഭയില്‍ വാരിയംകുന്നനെ സ്വാതന്ത്ര്യസമര സേനാനിയായി വാഴ്ത്തിയിരുന്നു. ഈ വീഡിയോ മതമൗലികവാദികള്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിച്ചു. മാപ്പിള ലഹളയെന്ന വര്‍ഗീയ കലാപത്തില്‍ ജീവനും സ്വത്തും നഷ്ടപ്പെട്ട ഏറനാട്ടിലേയും വള്ളുവനാട്ടിലേയും ഹിന്ദുക്കളുടെ പിന്തലമുറക്കാര് 2021ലെ നൂറാം വാര്‍ഷികത്തെ ഭീതിയോടെയാണ് കാണുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: