കടുത്തുരുത്തി: എറണാകുളം കുറുപ്പംപടിയിലെ കടകുത്തിത്തുറന്ന് 400 കിലോ റബര്‍ഷീപ്പും 4500 രൂപയും മോഷ്ടിച്ചു സ്ഥലം വിട്ട അന്‍പതിലധികം മോഷണക്കേസുകളില്‍ പ്രതിയായ മൂന്നു പേര് കടുത്തുരുത്തിയില്‍ പിടിയില്‍. ഇടുക്കി തൊടുപുഴ മൂലമറ്റം ആനിക്കാട് വീട്ടില്‍ രതീഷ് (40), എറണാകുളം ഇരവിപുരം എടക്കുടി വീട്ടില്‍ ജോണ്സണ് (30), കോലഞ്ചേരി വാണിക്കാട്ടില്‍ വീട്ടില്‍ ഷിജു (40) എന്നിവരെയാണ് കടുത്തുരുത്തി സ്റ്റേഷന് ഹൗസ് ഓഫിസര്‍ ഇന്‍സ്പെക്ടര്‍ ബി.എസ് ബിനുവും എസ്ഐ ടി.എസ് റെനീഷും ചേര്‍ന്നു അറസ്റ്റ് ചെയ്തത്.
കടുത്തുരുത്തിയിലും പരിസര പ്രദേശത്തും കഴിഞ്ഞ ദിവസങ്ങളില്‍ മോഷണവും, ബൈക്കിലെത്തി മാല പൊട്ടിക്കുന്ന സംഭവവും വ്യാപകമായി നടന്നിരുന്നു. ഇതിനു പിന്നാലെ പൊലീസ് സംഘം പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിരുന്നു. ബൈക്കിലും ജീപ്പിലുമായി 24 മണിക്കൂറും കടുത്തുരുത്തി പ്രദേശത്ത് പൊലീസ് നിരീക്ഷണം നടത്തിയിരുന്നു.ഇതിനിടെയാണ് സംശയാസ്പദമായ സാഹചര്യത്തില്‍ ഗ്രേഡ് എസ്ഐ അനില്‍കുമാറും, സിവില്‍ പൊലീസ് ഓഫിസര്‍മാരായ മഹേശനും സുനിലും അടങ്ങുന്ന സംഘം മൂന്നംഗ സംഘത്തെ കണ്ടത്.
തുടര്‍ന്ന് ഇവരെ വിളിച്ചു ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെയാണ് മൂന്നു പേരും അന്‍പതോളം കേസുകളില്‍ പ്രതികളാണ് എന്നു കണ്ടെത്തിയത്. തുടര്‍ന്ന്് കുറുപ്പന്‍പടി പൊലീസുമായി ബന്ധപ്പെട്ട് ശേഷം ഇവരെ കൈമാറി. എറണാകുളം ജില്ലയിലെ കുറുപ്പംപടി, പെരുമ്പാവൂര്‍, പുത്തന്‍കുരിശ്, കരിങ്കുന്നം, കോടനാട്, പത്തിമറ്റം മൂവാറ്റുപുഴ സ്റ്റേഷനുകളിലെല്ലാം പ്രതികള്‍ക്കു മോഷണക്കേസുകള്‍ നിലവിലുണ്ട്. ഓരോരുരത്തരും അന്‍പത് വീതം മോഷണക്കേസുകളില്‍ പ്രതികളാണ്. മൂന്നു പേരും സംഘം ചേര്‍ന്നാണ് മോഷണം നടത്തുന്നത്. ഇത്തരത്തില്‍ ലഭിക്കുന്ന തുക വീതം വയ്ക്കുകയും ചെയ്യും. മഴ തുടങ്ങിയതോടെ മോഷണം ലക്ഷ്യമിട്ടാണ് മൂന്നംഗ സംഘം കോട്ടയം ജില്ലയില്‍ എത്തിയതെന്നാണ് സൂചന. മഴക്കാല മോഷണം തടയുന്നതിനായി പൊലീസ് നടത്തിയ പരിശോധനയുടെ ഭാഗമായാണ് ഇപ്പോള്‍ പ്രതികള്‍ കുടുങ്ങിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: