ഇരിട്ടി : മൂന്നു വർഷങ്ങൾ നീണ്ട പ്രതിസന്ധികൾ തരണം ചെയ്ത് ഇരിട്ടി പാലത്തിന്റെ നിർമ്മാണം അവസാന ഘട്ടത്തിലേക്ക്. പാലത്തിന്റെ മൂന്ന് ഘട്ടങ്ങളിൽ അവസാനത്തേതും ഏറെ പ്രതിസന്ധി നിറഞ്ഞതുമായ പുഴയുടെ മദ്ധഭാഗത്തെ സ്‌പാനിന്റെ വാർപ്പിനായുള്ള എൻട്രൻസുകൾ സ്ഥാപിച്ചു കഴിഞ്ഞു. അതുകൊണ്ടു തന്നെ ഉരുൾപൊട്ടലോ പ്രളയമോ ഉണ്ടായാൽ തന്നെ മുടങ്ങാതെ പ്രവർത്തികൾ മുന്നോട്ടു കൊണ്ടുപോകുവാൻ കഴിയും. സെപ്തംബർ മാസത്തോടെ പാലത്തിന്റെ നിർമ്മാണം പൂർത്തീകരിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
2017 ൽ നിർമ്മാണം ആരംഭിച്ച പാലം പ്രവർത്തി മൂന്ന് വർഷം കഴിഞ്ഞിട്ടും പൂർത്തിയാക്കാൻ കഴിയാത്തതിൽ ഏറെ വിമർശനങ്ങളും പരാതികളും ഉയർന്നിരുന്നു. എന്നാൽ അവസാനഘട്ടത്തിനുള്ള വാർപ്പിനായുള്ള എൻട്രസ് സ്ഥാപിച്ചതോടെ ആർക്കും ആശങ്കക്ക് ഇടനൽകാത്തവിധം ഇനി രണ്ടു മാസം കൊണ്ട് പ്രവർത്തി പൂർത്തിയാക്കാൻ കഴിയും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.
പഴയ പാലത്തിനു സമാന്തരമായി നിർമ്മിക്കുന്ന 144 നീളമുള്ള പാലത്തിന് 48 മീറ്റർ വീതം നീളമുള്ള മൂന്ന് സ്പാനുകളായാണ് നിർമ്മിക്കുന്നത്. ഇതിൽ ഇരു കരകളേയും ബന്ധിപ്പിക്കുന്ന രണ്ട് സ്പാനുകളുടെ വാർപ്പ് പൂർത്തിയായിക്കഴിഞ്ഞു. ഇപ്പോൾ മദ്ധ്യഭാഗത്തുള്ള സ്പാനിന്റെ പ്രവർത്തിയാണ് നടന്നു കൊണ്ടിരിക്കുന്നത്. ഈ കാലാവർഷത്തിന് മുന്നേ തീരേണ്ട പ്രവർത്തി ലോക്ക് ഡൗൺ കാരണം നീണ്ടു പോവുകയായിരുന്നു. പുഴയിൽ ഇരു ഭാഗത്തും നിക്ഷേപിച്ച മണ്ണ് കഴിഞ്ഞ രണ്ട് കാലവർഷത്തിലും ഒഴുകി പോയിരുന്നു.
പാലത്തിന്റെ പുഴയിൽ നിർമ്മിക്കേണ്ട ഉപരിതല വാർപ്പിനുള്ള അടിത്തറ ഒരുക്കൽ പ്രവ്യത്തി പൂർത്തിയായി. വലിയ ക്രെയിൻ , ബാർജ് എന്നിവ ഉപയോഗിച്ചാണ് സ്ട്രച്ചർ ഒരുക്കിയത്. പുഴയിൽ കൂടുതൽ വെള്ളം ഒഴുകി എത്തുന്നതിന് മുൻപ് എൻട്രസ് സ്ഥാപി കഴിഞ്ഞതാണ് ആശ്വാസമായത്. അന്യ സംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ സ്വദേശത്തേക്ക് മടങ്ങിയത് നിർമ്മാണ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നുണ്ടെങ്കിലും നിലവിൽ പ്രതികൂല കാലവസ്ഥയിലും പ്രവർത്തി തുടരുന്നതിൽ യാതൊരു തടസ്സവും നേരിടില്ലെന്നും കരാറുകാർ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: