ശ്ലോകം 219
ഘടംജലം തദ്ഗതമര്‍ക്കബിംബം
വിഹായസര്‍വ്വം വിനിരീക്ഷ്യതേ/ര്‍ക്കഃ
തടസ്ഥ ഏതത് ത്രിതയാവഭാസകഃ
സ്വയം പ്രകാശോ വിദുഷാ യഥാ തഥാ
കുടവും വെള്ളവും സൂര്യപ്രതിബിംബവുമൊക്കെ വിട്ട് ഇവ മൂന്നിനേയും പ്രകാശിപ്പിക്കുന്ന സൂര്യനെ അറിയണം. സൂര്യന്‍ സ്വയം പ്രകാശകനും ഇവയോട് ചേരാതെ സ്വതന്ത്രമായി നില്‍ക്കുന്നവനുമാണ്. സൂര്യനെ ഇത്തരത്തില്‍ അറിയുന്നതുപോലെ ആത്മാവിനെ വിവേകി ദര്‍ശിക്കും.
കുടത്തിലെ വെള്ളത്തില്‍ സൂര്യ പ്രതിബിംബം കാണുമ്പോള്‍ മൂന്ന് കാര്യങ്ങള്‍ കാണണം. ഒന്ന് കുടം ,പിന്നെ വെള്ളം, അതിലുള്ള സൂര്യനും. വെള്ളത്തില്‍ പ്രതിബിംബിച്ചിരിക്കുന്ന സൂര്യനെ നോക്കിക്കൊണ്ടിരുന്നാല്‍ യഥാര്‍ത്ഥ സൂര്യനെ കാണാനാവില്ല. നമ്മള്‍ ഇതെല്ലാം വിട്ട് മുകളിലേക്ക് മാത്രം നോക്കിയാല്‍ ശരിക്കുള്ള സൂര്യനെ കാണാം. അപ്പോള്‍ കുടമെവിടെ? വെള്ളവും സൂര്യന്റെ പ്രതിബിംബവും ഒന്നുമില്ല. ആത്മാവിനെ അറിയാന്‍ പല രീതികള്‍ ഉപയോഗിക്കാറുണ്ട്. അതിലൊന്നാണ് ‘തടസ്ഥ ലക്ഷണം’. അറിയാവുന്ന ഒന്നിനെ ചൂണ്ടിക്കാട്ടി അറിയാത്തതിനെ മനസ്സിലാക്കിത്തരുന്ന രീതിയാണിത്. കുടം വെള്ളം, പ്രതിബിംബം എന്നിവയെ ചൂണ്ടിക്കാട്ടി വാസ്തവത്തിലുള്ള സൂര്യനെ മനസ്സിലാക്കിത്തരുന്ന രീതി.’കാക്കയിരിക്കുന്ന വീട്’ എന്ന ഉദാഹരണം സാധാരണ പറയാറുണ്ട്. മറ്റ് വീടുകളില്‍ നിന്ന് ഒരു വീടിനെ പ്രത്യേകം തിരിച്ചറിയാന്‍ വേണ്ടിയാണ് ഇങ്ങനെ പറയുന്നത്.വീട് ഏതെന്ന് മനസ്സിലായാല്‍ കാക്ക പറന്ന് പോയാലും പിന്നെ കുഴപ്പമില്ല. പിന്നെ കാക്കയ്‌ക്ക് പ്രസക്തിയില്ല. അറിയേണ്ട വസ്തുവിനെ അതുമായി ബന്ധപ്പെട്ടിരിക്കുന്ന മറ്റ് വസ്തുക്കളുടെ സഹായത്താല്‍ അറിയുന്ന വിധമാണിത്. തടസ്ഥ ലക്ഷണത്തിലൂടെ ആവശ്യമായതിനെ അറിഞ്ഞാല്‍ പിന്നെ മറ്റുള്ളവയ്‌ക്ക് പ്രസക്തിയില്ല.
സൂര്യന്റെ പ്രകാശം കൊണ്ടാണ് കുടവും വെള്ളവും പ്രതിബിംബവുമൊക്കെ കാണാനായത് എന്ന് ബോധ്യമാകും. അത് എല്ലാറ്റിനേയും പ്രകാശിപ്പിക്കുന്ന സ്വയംപ്രകാശമാണ്. അതിനെ ആരും പ്രകാശിപ്പിക്കേണ്ട. കുടം മുതലായവയുമായി ചേരാതെ നില്‍ക്കുന്നതും സ്വതന്ത്രമായിരിക്കുന്നതുമാണ് സൂര്യന്‍ എന്നറിയാം. അത് ആകാശത്ത് ഒന്നും ബാധിക്കാതെ തെളിഞ്ഞ് വിളങ്ങിക്കൊണ്ടേയിരിക്കും. ഇതു പോലെ തന്നെ ആത്മ സൂര്യന്റെ കാര്യവും.
വിവേകയായ ഒരാള്‍ക്ക് ആത്മാവിനെ ഇത്തരത്തില്‍ വളരെ എളുപ്പത്തില്‍ അറിയാം. കുടത്തെ ശരീരമായും വെള്ളത്തെ അന്തഃകരണ വൃത്തികളായും സൂര്യപ്രതിബിംബത്തെ ജീവനായും സൂര്യനെ സ്വയം പ്രകാശകനായ പരമാത്മാവായും അറിയണം.
ആത്മസൂര്യന്റെ പ്രകാശമില്ലെങ്കില്‍ ശരീരമാകുന്ന കുടത്തിന് നിലനില്‍പ്പില്ല. അന്തഃകരണവൃത്തികളാകുന്ന വെള്ളത്തിനും അങ്ങനെ തന്നെ. പരമാത്മാവിന്റെ പ്രതിഫലനമാണ് ജീവനായിരിക്കുന്നത്. അതിനാല്‍ ഇവയില്‍ നിന്നൊക്കെ വേറിട്ട് ഹൃദയാകാശത്തില്‍ നിലകൊള്ളുന്നതായ ആത്മസൂര്യനായ് തന്നെ പരമാത്മാവിനെ അറിയണം. അതാണ് വിവേകം, ശരിയായ കാഴ്ചപ്പാടും. സാധകരായ ആളുകള്‍ വളരെ എളുപ്പത്തില്‍ വേദാന്ത തത്ത്വത്തെ മനസ്സിലാക്കിത്തരുന്നതാണ് ഈ ഉദാഹരണം. തപോവന സ്വാമിയെപ്പോലുള്ളവര്‍ ഇതിനെ തങ്ങള്‍ക്ക് വളരെ പ്രയോജനപ്പെട്ടതായി പറഞ്ഞിട്ടുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: