കൊട്ടിയം: ചന്ദനത്തടികടത്ത് സംഘാംഗത്തെ പോലീസ് പിടികൂടി. മയ്യനാട് നടുവിലക്കര സിംലാ മന്‍സിലില്‍ സുല്‍ഫി(30) ആണ് അറസ്റ്റിലായത്. ആക്കോലില്‍ നഗര്‍ 130 തുഷാരയില്‍ സുജേഷിന്റെ വീട്ടുവളപ്പില്‍ നിന്നും ചന്ദനമരം മുറിച്ചുകടത്തിയ കേസിലാണ് ഇയാള്‍ പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ നേരത്തേ പോലീസ് പിടികൂടിയിരുന്നു. ഇവരില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈബര്‍ സെല്ലിന്റ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് കേസിലെ പ്രധാന പ്രതിയായ സുള്‍ഫി പിടിയിലായത്.
കിണര്‍ വൃത്തിയാകുന്നതിനും കൂലിപ്പണികള്ക്കുമായി വീടുകളില്‍ എത്തുന്ന സംഘം വീട്ടുപുരയിടത്തിലുള്ള ചന്ദനമരം ഉള്‍പ്പടെയുള്ള മരങ്ങളുടെ വിവരം മനസ്സിലാക്കി വച്ച ശേഷം മരങ്ങള്‍ വിലയ്ക്ക് ആവശ്യപ്പെടുകയും കൊടുക്കാതെ വരുമ്പോള്‍ മരങ്ങള്‍ മുറിച്ചു കടത്തുന്നതിനുള്ള പ്ലാന്‍ തയ്യാറാക്കി രാത്രിയിലെത്തി മരങ്ങള്‍ മോഷ്ടിക്കുകയുമാണ് പതിവെന്ന് പൊലീസ് പറഞ്ഞു. മോഷ്ടിച്ചു കൊണ്ടുവരുന്ന തടികള്‍ ചെറുകഷണങ്ങളാക്കി ആളൊഴിഞ്ഞ പുരയിടത്തില്‍ സൂക്ഷിച്ച ശേഷം അന്തര്‍ സംസ്ഥാന ബന്ധമുള്ള ചന്ദനത്തടികടത്തു സംഘങ്ങളെ വിളിച്ചു വരുത്ത കൈമാറുകയാണ് ചെയ്യുന്നത്.
ജില്ലയിലുംപുറത്തുമായി അടുത്തിടെ നടന്നിട്ടുള്ള ചന്ദന മരമോഷണ കേസുകളുമായി ഇപ്പോള്‍ പിടിയിലായ സുല്ഫിക്ക് ബന്ധമുണ്ടോയെന്ന് പൊലീസ് പരിശോധിച്ചു വരികയാണ്. പാലക്കാട് സ്വദേശി കാക്ക ജലീല്‍ എന്ന അബ്ദുല്‍ ജലീല്‍(54), മയ്യനാട് തെക്കുംകര കൊന്നേല്‍ മുക്കിന് സമീപം കാട്ടുവിള കിഴക്കതില്‍ ഇല്യാസ്(49), മയ്യനാട് തെക്കുംകര സന്തോഷ് ഭവനില്‍ സുരേഷ്(39) എന്നിവരാണ് നേരത്തെ പിടിയിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: