ചെറുവത്തൂര്‍: കോവിഡ് നെഗറ്റീവായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ നിന്ന് തിരിച്ചെത്തിയ യുവാവിന് സാമൂഹിക അകലം പാലിക്കാതെ ജന്മനാട്ടില് സുഹൃത്തുക്കള്‍ നല്കിയ സ്വീകരണം വിവാദമാകുന്നു. കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ആദ്യപരിശോധനാഫലം നെഗറ്റീവായതിനാല്‍ മടക്കര സ്വദേശിയായ യുവാവ് കഴിഞ്ഞ ദിവസം നാട്ടില്‍ തിരിച്ചെത്തുകയായിരുന്നു.
വീട്ടില്‍ ക്വാറന്റൈനില്‍ കഴിയണമെന്ന് യുവാവിന് ആശുപത്രി അധികൃതര്‍ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. ആംബുലന്‍സിലെത്തിയ യുവാവിനെ സ്വീകരിക്കാന്‍ മടക്കരയില്‍ ഒരുസംഘം തടിച്ചുകൂടി. ജന്മനാടിന്റെ സ്വീകരണമെന്ന പേരില്‍ കൈകൊട്ടിയും പാട്ടുപാടിയും യുവാവിനെ ചേര്‍ത്ത് പിടിച്ചു കൊണ്ടാണ് സുഹൃത്തുക്കള്‍ വരവേറ്റത്.
ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ആരോഗ്യപ്രവര്‍ത്തകര്‍ ചന്തേര പോലീസില്‍ പരാതി നല്കി. ക്വാറന്റൈനില്‍ കഴിയേണ്ട ആളെ കോവിഡ് ജാഗ്രതയുടെ ഭാഗമായുള്ള എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍ പറത്തി വരവേറ്റത് രോഗവ്യാപനത്തിന് കാരണമാകുമെന്നും ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു. പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: