ബദിയടുക്ക: റോഡ് നന്നാക്കിയിട്ടും അപകടാവസ്ഥയിലായ പാലം നന്നാക്കാത്തതിനാല്‍ യാത്രക്കാര്‍ ഭീതിയില്‍. പള്ളത്തടുക്ക പാലത്തിന്റെ ഒരു സ്പാന്‍ അപകടാവസ്ഥയിലായിട്ട് 3 വര്‍ഷമായിട്ടും നടപടിയായില്ല. ഇതിന്റെ നിലവിലെ അവസ്ഥയെക്കുറിച്ചു പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് ജില്ലാ ബ്രിജസ് വിഭാഗം സര്‍ക്കാരിനു അപേക്ഷ സമര്‍പ്പിച്ചിട്ട് നാളേറെയായെങ്കിലും പരിശോധന നടത്തിയിട്ടില്ലെന്ന ആക്ഷേപം ശക്തമാണ്. പാലത്തിന് ബലക്ഷയമുള്ളതിനാല്‍ ഇതു വഴി പോകുന്ന വാഹനങ്ങള്‍ വേഗത കുറച്ചു പോകേണ്ടതാണെന്നും എട്ട് ടണ്ണില്‍ കൂടുതല്‍ ഭാരമുള്ള വാഹനങ്ങള്‍ ഇതു വഴി പോകരുതെന്നും ബോര്‍ഡ് വെച്ചിട്ടും ഭാരം കയറ്റി പോകുന്ന വാഹനങ്ങള്‍ക്ക് കുറവൊന്നുമില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
പാലത്തിന്റെ മാതൃക തയാറാക്കുന്ന കോഴിക്കോട്ടെ സ്ഥാപനത്തിലേക്കറിയിച്ചപ്പോള്‍ പരിശോധന നടത്തുന്നതിന് സര്‍ക്കാരിനെ സമീപിക്കാനാണ് ആവശ്യപ്പെട്ടത്. ബലക്ഷയമുള്ള ഭാഗത്ത് കുഴി നികത്തി താല്‍ക്കാലിക പരിഹാരം കണ്ടത്താനാവുമെങ്കിലും സ്ഥിരമായ പരിഹാരത്തിനാണ് ജില്ലാ ബ്രിജസ് വിഭാഗം കാത്തിരിക്കുന്നത്. സ്പാനിന്റെ അടിയില്‍ കോണ്‍ക്രീറ്റ് ഇളകി വീഴുന്നത് മാത്രമല്ല മുകള്‍ ഭാഗത്ത് കുഴിയുമുണ്ട്. കുഴിനികത്തി സ്പാനുകള്‍ കൂട്ടിയോജിപ്പിച്ചാല്‍ താല്‍ക്കാലിക പരിഹാരമാകുമെന്നാണ് അധികൃതര്‍ പറയുന്നത്.
സ്പാന്‍ പൊളിച്ചു ശരിയാക്കണമെങ്കില്‍ മാസങ്ങള്‍ കഴിയും. പരിശോധനയ്ക്ക് അഡ്മിനിസ്ട്രേറ്റീവ് അനുമതിയായിട്ടില്ല. തുടര്‍ന്നു സാങ്കേതിക അനുമതി ലഭിച്ചാല്‍ മാത്രമേ പരിശോധനയ്ക്കുള്ള നടപടിയാകൂ. സ്പാന്‍ മാറ്റാന്‍ തീരുമാനമായാല്‍ വാഹനങ്ങള്‍ വഴി തിരിച്ചുവിടേണ്ടി വരും. ഇതിനു പള്ളത്തടുക്ക പുഴയിലിറങ്ങി പോകണം. പഴയപാലമാണ് മറ്റൊരു ആശ്രയം. ചെര്‍ക്കള-കല്ലടുക്ക അന്തര്‍സംസ്ഥാനപാതയിലെ പാലമായതിനാല്‍ ഭാരം കയറ്റിയ നിരവധി വാഹനങ്ങള്‍ ഇതുവഴിപോകുന്നുണ്ട്.
ഇത്രയും വാഹനങ്ങള്‍ക്ക് താഴെയിറങ്ങി പോകാനാവില്ല. വീതികുറവുള്ള സമീപത്തെ പഴയപാലത്തിലൂടെയും പോകാനാവാത്ത സ്ഥിതിയാകും. 14 വര്‍ഷത്തിനു ശേഷമാണ് ഇതിനോടനുബന്ധിച്ചുള്ള റോഡില്‍ ബിഎംബിസി ടാറിങ് ചെയ്തത്. അപകടാവസ്ഥയിലായതിനാല്‍ പാലത്തിന്റെ മുകളില്‍ ടാറിങ് നടത്തിയിട്ടില്ല. നവീകരിച്ച റോഡായതിനാല്‍ അമിതവേഗതയിലാണ് വാഹനങ്ങള്‍ കടന്നുപോകുന്നത്. റോഡ് നിര്‍മിക്കുമ്പോള്‍ തന്നെ പാലത്തിന്റെ അപാകത പരിഹരിക്കാത്തതില്‍ നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: