ചിതറ: റോഡിന് സമീപമുള്ള കുഴിയില്‍വീണ് കാലൊടിഞ്ഞ ടാപ്പിങ് തൊഴിലാളിയായ കുട്ടപ്പനെ നാട്ടുകാര്‍ ചുമന്നത് എട്ടുകിലോമീറ്റര്‍. മറ്റൊന്നിനുമല്ല, ആശുപത്രിയില്‍ പ്രാഥമികചികിത്സയ്‌ക്കായി. റോഡിന്റെ ദുര്‍ഗതിയാണ് കാരണം.
ചിതറ പഞ്ചായത്തിലെ നാലാം വാര്‍ഡിലെ തുമ്പമണ്‍തൊടി ഇരുതോട് റോഡിന്റെ ശോചനീയാവസ്ഥ വിവരണാതീതമായി. പരാതികളും നിവേദനങ്ങളും നല്‍കിയിട്ടും ഫലം കാണാത്തതില്‍ പൊറുതിമുട്ടിയിരിക്കുകയാണ് ജനങ്ങള്‍. മഴക്കാലമായതോടെ സഞ്ചാരയോഗ്യമല്ലാതായ റോഡ് ജനങ്ങള്‍ക്ക് സമ്മാനിക്കുന്ന ദുരിതം ചെറുതല്ല.
കഴിഞ്ഞദിവസം കാലിന് പരിക്കേറ്റ തുമ്പമണ്‍തൊടി സ്വദേശി കുട്ടപ്പനെ കിലോമീറ്ററുകളോളം നടന്നാണ് ആശുപത്രിയിലെത്തിച്ചത്. വാഹനങ്ങളൊന്നും ഇതുവഴി സഞ്ചരിക്കാന്‍ ഇപ്പോള്‍ തയ്യാറാകുന്നില്ല. കുട്ടപ്പന്റെ അവസ്ഥയ്‌ക്ക് തൊട്ടുമുമ്പ് സമാനരീതിയിലാണ് പനി പിടിച്ച് അവശനിലയിലായ മറ്റൊരാളെയും നാട്ടുകാര്‍ ചുമന്ന് കാല്‍നടയായി ആശുപത്രിയിലെത്തിച്ചത്.
മൂന്ന് പട്ടികജാതി കോളനികള്‍ ഉള്‍പ്പെടുന്ന പ്രദേശമാണിത്. ആയിരക്കണക്കിനുപേര്‍ താമസിക്കുന്ന പ്രദേശം പൂര്‍ണമായി അവഗണിക്കപ്പെടുകയാണ്. സിപിഐയുടെതാണ് പഞ്ചായത്തംഗം. പത്തുലക്ഷം രൂപയുടെ റോഡുനിര്‍മാണം പ്രഖ്യാപിച്ചിട്ട് വര്‍ഷങ്ങളായി. ഇത് ഉടന്‍ ഉണ്ടാകുമെന്ന വാഗ്ദാനമല്ലാതെ യാതൊരു നടപടിയും പഞ്ചായത്തിന്റെ ഭാഗത്തുനിന്നും നാളിതുവരെ ഉണ്ടായിട്ടില്ല. അഞ്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് നാട്ടുകാരുടെ പങ്കാളിത്തത്തോടെ നാലാംവാര്‍ഡ് മുന്‍മെംബറും ഇപ്പോഴത്തെ പഞ്ചായത്തംഗവും ബിജെപി നേതാവുമായ പേഴുംമൂട് സണ്ണിയുടെ നേതൃത്വത്തിലാണ് ഏകദേശം രണ്ടരകിലോമീറ്റര്‍ നീളവും മൂന്നരമീറ്റര്‍ വീതിയും കലുങ്കുമൊക്കെ ഉള്‍പ്പെട്ട ഈ റോഡ് ആറുലക്ഷത്തോളം രൂപ മുതല്‍ മുടക്കി നിര്‍മിക്കുന്നത്.
ഇതിനായി നിരവധി നാട്ടുകാര്‍ സ്വന്തം ഭൂമി വിട്ടു കൊടുക്കുകയും സ്വന്തം നിലയില്‍ സാമ്പത്തികസഹായം ചെയ്യുകയും ചെയ്തു. എന്നാല്‍ മഴയത്തുണ്ടായ കുത്തൊഴുക്കില്‍ റോഡില്‍ വന്‍കുഴികള്‍ രൂപപ്പെടുകയും തോടിന് കുറുകെയുള്ള കലുങ്ക് തകരുകയും ചെയ്ത് റോഡ് സഞ്ചാരയോഗ്യമല്ലാതായി. റോഡ് ഉടന്‍ ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭത്തിലേക്ക് നീങ്ങാനാണ് നാട്ടുകാരുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: