കൊല്ലം: കേരളീയ തനതുകലാരൂപങ്ങളായ തെയ്യം ഉള്‍പ്പെടെയുള്ള അനുഷ്ഠാനകലകളെയും കേവലം സ്റ്റേജ് ഷോകളാക്കി പരിമിതപ്പെടുത്താനുള്ള സര്‍ക്കാര്‍ശ്രമം അപഹാസ്യമെന്ന് തപസ്യ. കണ്ണൂര്‍ തെക്കുംപാട് ദ്വീപില്‍ തെയ്യം ക്രൂയിസ് എന്ന പേരില്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനായി പെര്‍ഫോമിംഗ് യാര്‍ഡ് നിര്‍മിച്ച് സ്റ്റേജ് ഷോകള്‍ സംഘടിപ്പിക്കാന്‍ കേരള ടൂറിസം വകുപ്പ് നീക്കം നടത്തുകയാണ്.
സ്ഥലപരവും ആചാരാനുഷ്ഠാനപരവുമായ ഘടകങ്ങള്‍ ഒത്തുചേരുമ്പോഴാണ് തെയ്യം പോലുള്ള അനുഷ്ഠാനകലകളുടെ തനത് ആവിഷകാരം നടക്കുന്നത്. ഏതെങ്കിലും പ്ലാറ്റ്ഫോമിലേക്ക് പറിച്ചു നട്ടാല്‍ പ്രകൃതിയോടിണങ്ങി രൂപപ്പെടേണ്ട തെയ്യംതിറകളുടെ തനിമ നഷ്ടപ്പെടുകയാവും ഫലം.
ദൈവസങ്കല്പ്പത്തില് അധിഷ്ഠിതമായ ഇത്തരം പ്രാക്തന കലകളെ ബോണ്സായിവത്കരിച്ച് സ്റ്റേജിലൊതുക്കി കച്ചവടവത്കരിക്കാനുളള സര്‍ക്കാരിന്റെ ശ്രമം സങ്കുചിതവും പരിഹാസ്യവുമാണ. കേരളീയ സംസ്കൃതിയുടെ ഈടുവയ്പുകളായ കലാവിഷകാരങ്ങള്‍ കാവുകളും ക്ഷേത്രപരിസരങ്ങളും ഉള്‍പ്പെടെയുള്ള സഹജപ്രകൃതിയില്‍ നിന്ന് വേര്‍പെടുത്താനുള്ള ഗൂഢശ്രമങ്ങളുടെ ഭാഗമായി മാത്രമേ ഈ നീക്കത്തെ കാണാനാകൂ. കേരളീയ തനിമയുടെ പ്രതീകങ്ങളായ അനുഷ്ഠാനകലകളെ ആവാസ പരിസരങ്ങളില്‍ നിന്നും അകറ്റി അപഹസിക്കുന്ന നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്ന് തപസ്യ ജില്ലാ സമിതി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: