കൊല്ലം: കടപ്പാക്കടയില്‍ ഹൈടെക് മത്സ്യമാര്‍ക്കറ്റ് നിര്‍മ്മാണം ഉടന്‍ തുടങ്ങും, കിഫ്ബിയില്‍ നിന്നും അനുവദിച്ച ഒന്നരക്കോടി രൂപയുടെ പദ്ധതിയ്ക്ക് അനുമതിയായി. പദ്ധതിയ്ക്ക് നേരത്തേതന്നെ ഭരണാനുമതി ലഭിച്ചിരുന്നു. നിലവിലുള്ള മത്സ്യമാര്‍ക്കറ്റ് സങ്കല്‍പ്പങ്ങളില്‍നിന്ന് തികച്ചും വ്യത്യസ്തമായി വൃത്തിയും വെടിപ്പുമുള്ള ഏറ്റവും നൂതന സംവിധാനങ്ങളുള്ള മാര്‍ക്കറ്റാകും ഇവിടെ നിര്‍മ്മിക്കുക.
518 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ അര്‍ധവൃത്താകൃതിയിലാണ് ഇതിന്റെ പ്ളാന്‍ തയ്യാറാക്കിയിട്ടുള്ളത്. പൊതുജനങ്ങള്‍ക്ക് സൗകര്യപ്രദമായി മത്സ്യം വാങ്ങാന്‍ കഴിയുംവിധമാണ് മാര്‍ക്കറ്റിന്റെ രൂപകല്‍പ്പന.
സ്റ്റീലില്‍ തീര്‍ത്ത ഡിസ്പ്ലേ ടേബിളുകള്‍, സ്റ്റീല്‍ സിങ്കുകള്‍ എന്നിവ ഓരോ മത്സ്യസ്റ്റാളിലുമുണ്ടാകും. റീട്ടെയില്‍ ഔട്ട്ലെറ്റുകള്, ബുച്ചര്‍ സ്റ്റാളുകള്‍, കോള്‍ഡ് സ്റ്റോറേജ് സംവിധാനം, പ്രിപ്പറേഷന്‍ മുറി, ശുചിമുറി, ലോഡിങ് സംവിധാനം എന്നിവയുണ്ടാകും. സ്റ്റെയിന്‍ലെസ് തറയില്‍ ഈടുനില്‍ക്കുന്ന ഇന്‍ഡസ്ട്രിയല്‍ ടൈലുകള്‍ പാകും.
മലിനജലം കെട്ടിനില്‍ക്കാത്ത അഴുക്കുചാല്‍ സംവിധാനം, ഗുണമേന്മയുള്ള പ്ലംബിങ് ഉല്‍പ്പന്നങ്ങളും അടങ്ങുന്നതാണ് നിര്‍മ്മാണ പദ്ധതി. മാലിന്യങ്ങള്‍ സംസ്കരിക്കുന്നതിന് പ്ളാന്റ് നിര്‍മ്മിക്കും. മലിനജല സംസ്കരണ പ്ലാന്റുമുണ്ടാകും. ആറ് മാസത്തിനകം നിര്‍മ്മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്യും. സംസ്ഥാന തീരദേശ വികസന ഏജന്‍സിയ്ക്കാണ് നിര്‍മാണ ചുമതല.
റെഡി ടു കുക്ക്
മത്സ്യത്തിന്റെയും മത്സ്യ ഉല്‍പ്പന്നങ്ങളുടെയും പരമ്പരാഗത വിപണന ശൈലിയില്‍നിന്ന് വ്യത്യസ്തമായി പുതുമയും ഗുണനിലവാരവുമുള്ള മത്സ്യം ‘റെഡി ടു കുക്ക്’ രൂപത്തില്‍ ഗുണഭോക്താക്കള്‍ക്ക് എത്തിക്കും. അണുവിമുക്തമായ അന്തരീക്ഷമൊരുക്കും. മത്സ്യത്തിന്റെ ഗുണമേന്മ ഉറപ്പാക്കും. ഹോള്‍സെയില്‍, റീട്ടെയില്‍ വില്‍പ്പനയ്ക്കും സംവിധാനങ്ങളുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: