കോഴിക്കോട്: ഉറവിടമറിയാത്ത കോവിഡ് രോഗബാധയെതുടര്‍ന്ന് ജില്ലയിലെ പ്രധാന വ്യാപാരകേന്ദ്രമായ വലിയങ്ങാടിയില്‍ കര്‍ശന നിയന്ത്രണങ്ങള്‍. തിരക്കൊഴിവാക്കാനും രോഗവ്യാപനം തടയാനും സെന്‍ട്രല്‍ മാര്‍ക്കറ്റിലും ഇന്ന് മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വലിയങ്ങാടിയിലെ കുണ്ടായിത്തോട് സ്വദേശിയായ വ്യാപാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളുമായി നേരിട്ട് ആറ് പേര്‍ക്ക് സമ്പര്‍ക്കമുണ്ടായതെന്നാണ് കരുതുന്നത്. മോഡല്‍ ഗവ. ഹൈസ്‌കൂളില്‍ നിന്ന് വലിയങ്ങാടിയിലെ അറുപത് പേരുടെ സാമ്പിളുകള്‍ പരിശോധനയ്‌ക്കെടുത്തിട്ടുണ്ട്.
ആരോഗ്യവകുപ്പും പോലീസും ഇന്നലെ വലിയങ്ങാടിയില്‍ പരിശോധന നടത്തി. മാസ്‌ക് ധരിക്കാതിരിക്കല്‍, സാമൂഹിക അകലം പാലിക്കാതിരിക്കുക തുടങ്ങി കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ ആരോഗ്യ വിഭാഗം കേസെടുത്തു. മൂന്ന് കടകളുടെ ലൈസന്‍സ് റദ്ദാക്കിയിട്ടുണ്ട്. ലൈസന്‍സ് ഇല്ലാത്ത ഒരു കട അടപ്പിച്ചു. 28 പേര്‍ക്ക് പിഴ ചുമത്തിയിട്ടുണ്ട്. കടകള്‍ തുറക്കുന്നത് സംബന്ധിച്ച് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ വ്യാപാരികളുമായി ചര്‍ച്ച നടന്നു.
വ്യാപാരിയുടെ സ്വദേശമായ കുണ്ടായിത്തോടില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്. ജൂണ്‍ 25 ന് സ്വന്തം വാഹനത്തില്‍ കാസര്‍കോഡ് പോയി തിരിച്ചെത്തിയ വ്യാപാരിക്കാണ് 28 നാണ് പനി ബാധിച്ചത്. ജൂലൈ 2 ന് മറ്റ് രോഗലക്ഷണങ്ങള്‍ കണ്ടതോടെ സ്വകാര്യ ആശുപത്രിയില്‍ പരിശോധനയ്‌ക്ക് വിധേയമാവുകയായിരുന്നു. ഇദ്ദേഹത്തിന്റെ പിതാവിനും പനി ബാധിച്ചിട്ടുണ്ട്.
നഗരസഭാ സെക്രട്ടറി ബിനു ഫ്രാന്‍സിസിന്റെ ചേംബറില്‍ ചേര്‍ന്ന കച്ചവടക്കാരുടെയും ജീവനക്കാരുടെയും യോഗത്തിലാണ് സെന്‍ട്രല്‍ മാര്‍ക്കറ്റിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. സെന്‍ട്രല്‍ മാര്‍ക്കറ്റിലെത്തുന്ന എല്ലാ മത്സ്യവണ്ടികളും രജിസ്റ്റര്‍ ചെയ്യണം. വണ്ടിയിലെ ജീവനക്കാരെ തെര്‍മല്‍ സ്‌കാനര്‍ കൊണ്ട് പരിശോധിക്കും. അവരുടെ പൂര്‍ണമായ വിവരവും എവിടെ നിന്ന് എേപ്പാള്‍ വന്നുവെന്നും പോകുന്നുവെന്നും രേഖപ്പെടുത്തും. മാര്‍ക്കറ്റ് രണ്ട് ഷിഫ്റ്റ് ആയി പ്രവര്‍ത്തിക്കും.
രാവിലെ മൂന്ന് മുതല്‍ ആറ് വരെയും രാവിലെ ആറ് മുതല്‍ എട്ട് വരെയുമാണ് ഷിഫ്റ്റ്. ഓരോ ഷിഫ്റ്റിലും 15 വണ്ടികള്‍ മാത്രമേ ഉണ്ടാകാവൂ. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന ലോറികളിലെ ജീവനക്കാര്‍ മാര്‍ക്കറ്റിന് അകത്തും പുറത്തും കറങ്ങി നടക്കുന്നത് ഒഴിവാക്കണം. ഓരോ മണിക്കൂര്‍ ഇടവിട്ട് മൂത്രപ്പുരയും കക്കൂസും അണുനശീകരണം നടത്തും. 60 വയസിന് മുകളിലുള്ളവര്‍ മാര്‍ക്കറ്റില്‍ കച്ചവടം നടത്തരുത്. കണ്ടെയിന്‍മെന്റ് സോണില്‍ നിന്നുള്ളവര്‍ മീന്‍ വാങ്ങാനോ വില്‍ക്കാനോ വരരുതെന്നും യോഗം തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: