ഹരിപ്പാട്: ക്യാന്‍സര്‍ രോഗിയായ സഹോദരിയെ മര്‍ദ്ദിച്ച ഭര്‍ത്താവിനെ വയോധികന് വെട്ടി കൊലപ്പെടുത്തി. കുമാരപുരം എരിയ്ക്കാവ് പഞ്ചാരമുക്കിന് സമീപം മൂന്നു കുളങ്ങരയില്‍ ശ്രീകുമാരപിള്ള (67)യാണ് കൊല്ലപ്പെട്ടത്. ഭാര്യാ സഹോദരന് കൃഷ്ണ പിള്ള(63)യെ പോലീസ് അറസ്റ്റു ചെയ്തു.
വെള്ളിയാഴ്ച രാത്രി പത്തോടെയായിരുന്നു സംഭവം. ശ്രീകുമാരപിള്ളയുടെ ഭാര്യ ലളിത ക്യാന്‍സര്‍ രോഗത്തിന് ചികിത്സയിലാണ്. ദിവസവും മദ്യപിക്കുന്ന ശീലമുള്ള ഇദ്ദേഹം ലളിതയെ മര്‍ദ്ദിക്കുകയും കുത്തിന് പിടിച്ച് മുറിക്കുള്ളില്‍ നിന്നും പുറത്തേക്ക് വലിച്ചിറക്കാനും ശ്രമിച്ചു. ഇത് കണ്ട് കൃഷ്ണപിള്ള കത്തിയുടെ മാടു കൊണ്ട് അടിച്ചെങ്കിലും പിടി വിടാന്‍ ഇയാള്‍ തയ്യാറായില്ല, പിന്നീട് കത്തിയുടെ മൂര്‍ച്ച ഭാഗം കൊണ്ട് തലയ്ക്കും കൈക്കുമായി ഏഴോളം പ്രാവശ്യം വെട്ടി. സംഭവസ്ഥലത്ത് കിടന്ന് രക്തം വാര്‍ന്നാണ് ശ്രീകുമാരപിള്ള മരിച്ചത്.
അവിവാഹിതനായ കൃഷ്ണ പിള്ളയും സഹോദരിയും ശ്രീകുമാരപിള്ളയും ഒരു വീട്ടിലായിരുന്നു താമസം. ലളിതയുടെ മക്കളായ രണ്ട് പെണ്‍കുട്ടികളെ വിവാഹം കഴിച്ച് അയച്ചു. മദ്യപിച്ചെത്തുന്ന ശ്രീകുമാര പിള്ള ദിവസവും രാത്രിയില്‍ ബഹളം വെയ്ക്കുന്നത് കാരണം അയല്‍വാസികളാരും ഇവിടേക്ക് പോകാറില്ല.
കൊലപാതകത്തിന് ശേഷം കൃഷ്ണ പിള്ള തന്നെയാണ് തൃക്കുന്നപ്പുഴ പോലീസിനെ വിവരം അറിയിച്ചത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ശ്രീകുമാരപിള്ളയുടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു. മക്കള്‍: അഞ്ജന, അഞ്ജലി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: