പത്തനംതിട്ട: വ്യാസപൂർണിമയായ ഞായറാഴ്ച ബാലഗോകുലം കേരളത്തിലെ 2500 സ്ഥലങ്ങളിൽ ഗുരുപൂജ സംഘടിപ്പിക്കും. ബാലഗോകുലം ഈ വർഷം ഗുരുപൂജ, കോവിഡ് പോരാളികൾക്കു സമർപ്പിക്കുതിന്റെ ഭാഗമായി രോഗ ഭീതിയിൽ കരുതലാവുന്ന ആരോഗ്യ, സുരക്ഷാ, സേവന മേഖലകളിലെ ഉദ്യോഗസ്ഥരെയും സന്നദ്ധ സേവകരെയും വീട്ടിലെത്തി ആദരിക്കും.
ഇതിന്റെ സംസ്ഥാന തല ഉദ്ഘാടനം പത്തനംതിട്ട കടമ്മനിട്ട പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഡോക്ടർ ജേക്കബ് കുരുവിളയെയും സ്റ്റാഫിനെയും ആദരിച്ച് ബാലഗോകുലം സംസ്ഥാന അദ്ധ്യക്ഷൻ ആർ. പ്രസന്നകുമാർ നിർവ്വഹിച്ചു.
അതിർത്തിയിലെ സേനകളെപ്പോലെ ആരോഗ്യ പ്രവർത്തകർ യുദ്ധമുഖത്തു നിൽക്കുമ്പോൾ ബാലഗോകുലം പോലെയുള്ള കുട്ടികളുടെ പ്രസ്ഥാനം നൽകുന്ന ആദരവ് ഏറെ പ്രചോദനവും ഊർജ്ജവും നൽകുന്നതാണെന്ന് ഡോക്ടർ പറഞ്ഞു. ലോക്ഡൗൺ കാലത്തെ സർഗാവിഷ്‌ക്കാരമായ വീട്ടു വെളിച്ചം കൈയെഴുത്തു മാസിക പ്രകാശിപ്പിച്ചു. കടമ്മനിട്ട വിവേകാനന്ദ ബാലഗോകുലം സഹരക്ഷാധികാരി രഞ്ജിൻ രാജു, ബാലമിത്രം അനന്ദു, സഹ ബാലമിത്രം വിഷ്ണു, കാര്യദർശി സി.ദേവനാരായണൻ, ഉപാദ്ധ്യക്ഷ വൃന്ദ ഹരിദാസ് എന്നിവർ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: