പിണറായി വിജയന് സര്‍ക്കാരിന് പെരുമ ഏറെയാണ്. ലോകമെമ്പാടും ഇത്രയേറെ തരംഗം സൃഷ്ടിച്ച മറ്റൊരു നേതാവില്ല. ചെഗുവേരയ്ക്കും ഫിഡല്‍ കാസ്ട്രോയ്ക്കും ശേഷം ലോക കമ്മ്യൂണിസ്റ്റുകള്‍ ആരാധിക്കുന്ന ചെന്താരകമാണ് സഖാവ് പിണറായി. മാര്‍ക്സ്, ഏംഗല്‍സ്, ലെനിന്, സ്റ്റാലിന്, മാവോ തുടങ്ങിയ കുലദൈവങ്ങളുടെ പരമ്പരയിലേക്കാണ് പിണറായി സഖാവിന്റെ പടയോട്ടം. സംഗതി പിആര്‍ വര്‍ക്കാണ്, ലോകതള്ളാണ് എന്നൊക്കെ ട്രോളന്മാര് കളിയാക്കുമെങ്കിലും ഒഴിവുള്ളിടങ്ങളിലൊക്കെ അള്ളിപ്പിടിച്ചുകയറണമെന്ന ആ ആക്രാന്തത്തെ നമ്മള് മാനിക്കണം.
പിണറായി വിജയന് സര്‍ക്കാരില്‍ മുഖ്യമന്ത്രിക്കൊപ്പം തള്ളിപ്പിടിച്ചുനില്‍ക്കുന്ന ഒരാള്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജയാണ്. ടീച്ചര്മാര് രണ്ടാണ് പാര്‍ട്ടിക്ക്. ഒന്ന് ശ്രീമതിയും രണ്ടാമത്തേത് ശൈലജയും. പാര്‍ട്ടിയുടെ സിഐഡിയായി ബാലന് സഖാവിനൊപ്പം ശ്രീമതി നിയമിക്കപ്പെട്ടതോടെയാണ് ശൈലജ സഖാവ് മുന്‍നിരയിലേക്ക് കടന്നുവരുന്നത്. പാര്‍ട്ടിപ്പാണന്മാര്‍ക്ക് മന്ത്രി കെ.കെ. ശൈലജ വെറും സഖാവല്ല, ടീച്ചറമ്മയാണ്. ടീച്ചറമ്മയുടെ കരുതല്‍ വല്ലാണ്ട് അസഹനീയമായപ്പോഴാണല്ലോ മുഖ്യമന്ത്രി ആറുമണിത്തള്ള് എന്ന സീരിയല്‍ പ്രഹസനവുമായി രംഗത്തിറങ്ങിയത്.
മന്ത്രി കെ.കെ. ശൈലജയും സഹായികളും ചേര്‍ന്ന് സൃഷ്ടിച്ചെടുക്കുന്ന അവാര്‍ഡ് വിപ്ലവങ്ങളാണ് ഇപ്പോള്‍ പാര്‍ട്ടിക്കാര്‍ക്ക് ഹരം. അവസാനം ടീച്ചറമ്മയെ പുരസ്കരിച്ചുകളഞ്ഞത് സാക്ഷാല്‍ ഐക്യരാഷ്ട്രസഭയാണ്.
ലോകം ടീച്ചറമ്മയുടെ വാക്ക് കേള്‍ക്കാന്‍ കാതോര്‍ത്തുനില്‍ക്കുകയാണെന്നായിരുന്നു അണികളുടെ കേമം പറച്ചില്. ലോകാരോഗ്യസംഘടനയും ഐക്യരാഷ്ട്രസഭയും ചേര്‍ന്ന് നടത്തുന്ന വെബിനാറില്‍ മന്ത്രി കെ.കെ. ശൈലജ പ്രസംഗിക്കുന്നു. കേട്ട പാതി കേള്‍ക്കാത്ത പാതി സൈബര്‍ സഖാക്കള്‍ പോസ്റ്ററടിച്ചു. പിണറായി സര്‍ക്കാരിന് പൊന്‍തൂവല്‍. ടീച്ചറമ്മയ്ക്ക് ആദരം…. പറയുന്നത് കേട്ടാല്‍ തോന്നുക പിണറായി വാഴുന്ന കേരളത്തിനകത്തുള്ള ഏതോ ചെറിയ നാടാണ് ഇന്ത്യ എന്നാണ്.
സംഭവം പക്ഷേ പൊളിഞ്ഞുവീഴാന്‍ അധിക നാളൊന്നും വേണ്ടിവന്നില്ല. ശൈലജ പ്രസംഗിക്കാന്‍ പോയ വെബിനാറിന്റെ മറ്റൊരു സെഷനില്‍ ആലപ്പുഴയിലെ ഒരു മുനിസിപ്പല്‍ കൗണ്‍സിലര്‍ മനോജ്കുമാറും പ്രസംഗിച്ചു. കൊറോണക്കാലത്തെ മാലിന്യ നിര്‍മ്മാര്‍ജനത്തെക്കുറിച്ചായിരുന്നു മനോജിന്റെ പ്രസംഗം. അത്രേയുള്ളൂ വെബിനാര്‍ ആദരം. അന്വേഷിച്ചപ്പോള്‍ സൈറ്റില്‍ നിശ്ചിത ഫോര്‍മാറ്റില്‍ അപേക്ഷിച്ചാല്‍ അനുമതി ലഭിക്കുന്നതാണ് ആ പ്രസംഗപീഠം. അതിനെയാണ് ആരോഗ്യമന്ത്രിണിയും പിണിയാളും യുഎന്‍ അവാര്‍ഡായി തള്ളിക്കയറ്റിയത്.
ലോകാരോഗ്യസംഘടനയുടെ എക്സിക്യൂട്ടീവ് ചെയറില്‍ ഇരിക്കുന്നത് രാജ്യത്തിന്റെ ആരോഗ്യമന്ത്രിയാണെന്ന സാമാന്യബോധമുണ്ടെങ്കില്‍ കേരളത്തിലെ മാര്‍ക്സിസ്റ്റുകള്‍ ഈ തള്ളിനൊരുമ്പെടുമായിരുന്നില്ല. ഡോ: ഹര്‍ഷവര്‍ധനെ അംഗീകരിക്കാനുള്ള മാര്‍ക്സിയന്‍ വൈഷമ്യമാണ് ഇമ്മാതിരി പൊള്ളത്തരത്തിലൂടെ വെളിവാകുന്നത്. നിപ്പ മഹാറാണിയെന്നും കൊറോണാ രാജകുമാരിയെന്നുമൊക്കെ അവാര്‍ഡിതയും ലോകപ്രിയയുമായ മന്ത്രി ശൈലജയെ വിശേഷിപ്പിച്ചതിന്റെ പേരിലാണ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ കമ്മ്യൂണിസ്റ്റുകള്‍ ഉറഞ്ഞുതുള്ളിയത്. മുല്ലപ്പള്ളിയല്ല മറിച്ച് പാര്‍ട്ടിയുടെ സൈബര്‍ പോരാളികള്‍ തന്നെയാണ് അത്തരം അധികപ്രസംഗത്തിന് വഴി വെക്കുന്നതന്ന് അറിയണം.
നിപ്പയെ നിയന്ത്രിച്ചത് ശൈലജയാണെന്ന് പറഞ്ഞായിരുന്നു ആദ്യത്തെ തള്ള്. അതിന്റെ പേരില്‍ പിണറായിയും ശൈലജയും അമേരിക്കയില്‍ പോയി അവാര്‍ഡ് വാങ്ങിയെന്നും അമേരിക്ക രണ്ടുപേരെയും ആദരിച്ചുവെന്നുമൊക്കെ ബഡായി പാടി നടക്കലായിരുന്നു കുറേനാള്‍. ആ അവാര്‍ഡ് നേട്ടമാണ് പിന്നീട് സോഷ്യല്‍ മീഡിയയില്‍ ‘പിഞ്ഞാണം’ എന്ന പേരില്‍ ഖ്യാതി നേടിയത്.
പിന്നെ കേട്ട കീര്‍ത്തനം ബിബിസിയില്‍ ശൈലജമന്ത്രിയുടെ കൊറോണ നിയന്ത്രണ വായ്ത്താരിയാണ്. അന്നാണ് ഗോവയ്ക്കെതിരെ മന്ത്രി ഇംഗ്ലീഷില്‍ കള്ളം പറഞ്ഞത്. പിന്നീടാണ് അതും പിആര്‍ വര്‍ക്കിന്റെ ഭാഗമായി തരപ്പെടുത്തിയതാണെന്ന് മലയാളികള്‍ക്ക് തിരിയുന്നത്. അധികാരത്തിലേറുന്നതിന് മുമ്പേ ഒരു നൂറ് ചുവന്ന പരസ്യങ്ങള്‍ രാജ്യത്തിനകത്തും പുറത്തുമുള്ള പത്രങ്ങള്‍ക്ക് നല്‍കിയതാണ് പിണറായി സര്‍ക്കാരിന്റെ തുടക്കം. തള്ളാനാണ് തീരുമാനം എന്ന് പ്രഖ്യാപിച്ച് തന്നെയാണ് അധികാരത്തിലേറിയതെന്ന് ചുരുക്കം. അപ്പോള്‍ ഇമ്മാതിരി അവാര്‍ഡുകള്‍ നമ്മള് ഇനിയും പ്രതീക്ഷിക്കണം.
വന്ന് വന്ന് പിണറായിക്കും ശൈലജമന്ത്രിക്കുമൊന്നും ആരും കത്തയയ്ക്കേണ്ട എന്ന ഗതിയായിട്ടുണ്ട്. അതിലെങ്ങാനും അറ്റത്തൊരു കോംപ്ലിമെന്റ് കണ്ടാല്‍ അതും അവാര്‍ഡാക്കി എഴുന്നെള്ളിച്ചുകളയും…. അത്രയ്ക്കുണ്ട് ഉളുപ്പില്ലായ്മ. പ്രവാസികളുടെ വരവ് തടയാന്‍ വെച്ച ആപ്പുകളൊന്നും നടപ്പാവില്ലെന്ന് കണ്ടപ്പോള്‍ വരുത്തിയ നയം മാറ്റത്തോട് ‘അത് നന്നായി’ എന്ന് കേന്ദ്രസര്‍ക്കാര്‍ അഭിനന്ദിച്ചതാണ് ഒടുക്കം കിട്ടിയ അവാര്‍ഡെന്ന് അറിയുമ്പോള്‍ കാര്യം മനസ്സിലാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: