കണ്ണൂർ: ഹോം ക്വാറന്റൈന്‍ കൂടുതല്‍ ഫലപ്രദമാക്കാന്‍ തുറമുഖ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കണ്ണൂര്‍ നിയമസഭ മണ്ഡലം കോവിഡ് അവലോകന യോഗം നിര്‍ദേശിച്ചു. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ നിശ്ചിത ദിവസം കൃത്യമായി ക്വാറന്റൈനില്‍ ഇരിക്കുന്നുവെന്ന് തദ്ദേശ സ്ഥാപനങ്ങളും പൊലീസും ആരോഗ്യ വകുപ്പും ഉറപ്പാക്കണമെന്ന് മന്ത്രി പറഞ്ഞു.
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് തിരിച്ചു വരുന്ന അതിഥി തൊഴിലാളികള്‍ ക്വാറന്റൈന്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ സ്വീകരിക്കണം. നാട്ടിലേക്ക് പോയിരുന്ന അതിഥി തൊഴിലാളികള്‍ കേരളത്തിലേക്ക് തിരിച്ചു വരാന്‍ തുടങ്ങിയിട്ടുണ്ട്. ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ ഉണ്ടാകണം. രജിസ്‌ട്രേഷന്‍ നടത്താതെ നാട്ടിലെത്തുന്ന ആളുകളുടെ വിവരം പോലീസിനെയും ആരോഗ്യ വകുപ്പിനെയും അറിയിക്കാന്‍ തദ്ദേശ സ്ഥാപന അധികൃതര്‍ മുന്‍കൈ എടുക്കണമെന്നും മന്ത്രി പറഞ്ഞു.
അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് പാസ് നിര്‍ബന്ധമാണെന്ന നിബന്ധന കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കിയ പശ്ചാത്തലത്തില്‍ പുറത്തു നിന്ന് ജില്ലയിലേക്ക് വരുന്നവര്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്താല്‍ മതിയെന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു.
കോവിഡ് 19 ജാഗ്രത പോര്‍ട്ടലിലാണ് (https://covid19jagratha.kerala.nic.in/) രജിസ്റ്റര്‍ ചെയ്യേണ്ടത്. നാട്ടിലേക്ക് തിരിച്ചെത്തുന്നവരുടെ ക്വാറന്റീന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ക്രമീകരിക്കുന്നതിനു വേണ്ടിയാണിത്. പോര്‍ട്ടലില്‍ ലഭ്യമായ തീയതിയും സമയവും തെരഞ്ഞെടുത്ത് രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കുന്ന മുറയ്‌ക്ക് യാത്രാനുമതി ലഭിക്കും. രജിസ്‌ട്രേഷന്‍ വേളയില്‍ നല്‍കിയ തീയതിക്കും സമയത്തും തെരഞ്ഞെടുത്ത ചെക്ക്‌പോയിന്റില്‍ എത്തിയാല്‍ മാത്രം മതിയെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: