കണ്ണൂര്‍: കണ്ണൂരില്‍ നേതാക്കള്‍ക്കെതിരായ സാമ്പത്തിക-സ്വഭാവ ദൂഷ്യ ആരോപണങ്ങളില്‍ ആടിയുലഞ്ഞ് സിപിഎം. കൂത്തുപറമ്പില്‍ ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് മുന്‍ പഞ്ചായത്ത് പ്രസിഡണ്ടായ ഏരിയാ കമ്മിറ്റി അംഗത്തെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയതിന് പിന്നാലെ ഇരിട്ടി പായത്തെ സിപിഎം നേതാവായ പഞ്ചായത്ത് പ്രസിഡണ്ടിന്റെ ഭാര്യ ആള്‍മാറാട്ടം നടത്തി മരിച്ചയാളുടെ പെന്ഷന് തുക തട്ടിയെടുത്ത സംഭവം വരെ നിരവധി ആരോപണങ്ങളാണ് പാര്‍ട്ടി നേതാക്കള്‍ക്കും ബന്ധുക്കള്‍ക്കും നേരെ കണ്ണൂര്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും കഴിഞ്ഞ ഏതാനും നാളുകളായി ഉയര്‍ന്നു കൊണ്ടിരിക്കുന്നത്. വ്യക്തമായ തെളിവുകളോടെ ആരോപണങ്ങള്‍ പുറത്തു വന്നതോടെ പ്രതിരോധിക്കാനാവാതെ പാര്‍ട്ടിയുടെ സംസ്ഥാനതലം തൊട്ട് പ്രാദേശികതലം വരെയുള്ള നേതൃത്വം സ്വയം പ്രതിരോധത്തിലാണ്.
കൂത്തുപറമ്പ് മേഖലയിലെ പാര്‍ട്ടിയുടെ പ്രമുഖനായ നേതാവും പാട്യം പഞ്ചായത്ത് മുന്‍ പ്രസിഡണ്ടുമായ സിപിഎം നേതാവ് പാര്‍ട്ടി കുടുംബത്തിലെ സ്ത്രീയോട് അപമര്യാദയായി പെരുമാറയതിനെ തുടര്‍ന്ന് പാര്‍ട്ടിക്ക് പുറത്താക്കേണ്ടി വന്നു. കൂത്തുപറമ്പിലെ പാര്‍ട്ടി ബാങ്കിന്റെ പ്രസിഡണ്ട് സ്ഥാനത്തു നിന്നും റിട്ട. അധ്യാപകന് കൂടിയായ ഇയാളെ പുറത്താക്കേണ്ടി വന്നു. പായത്താവട്ടെ പഞ്ചായത്ത് പ്രസിഡണ്ടിന്റെ ഭാര്യയും മഹിളാ അസോസിയേഷന് നേതാവുമായ സ്ത്രീക്കെതിരെ മരിച്ച വൃദ്ധയുടെ പെന്ഷന് തട്ടിയെടുത്തതുമായി ബന്ധപ്പെട്ട് ധനാപഹരണത്തിനും ആള്‍മാറട്ടത്തിനും കേസ് വന്നത് കണ്ണൂര്‍ ജില്ലയിലാകെ പാര്‍ട്ടിയെ ഒന്നാകെ പിടിച്ചു കുലുക്കിയിരിക്കുകയാണ്.
ഇതേരീതിയില്‍ മാസങ്ങള്‍ക്ക് മുമ്പ് ക്ഷേമ പെന്ഷന് തട്ടിയെടുത്തതിന്റെ പേരില്‍ തലശ്ശേരി മേഖലയിലെ ഒരു സിപിഎം നേതാവിനെതിരേയും പാര്‍ട്ടിക്ക് നടപടിയെടുക്കേണ്ടി വന്നിരുന്നു. കോളയാട് മേഖലയിലെ പാര്‍ട്ടിക്ക് കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന സഹകരണ ആശുപത്രി വില്പ്പനയയുമായി ബന്ധപ്പെട്ട് ഒരു വര്‍ഷം മുമ്പ് കോളയാട് പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന പാര്‍ട്ടി നേതാവിനേയും മാറ്റേണ്ടി വന്നു. ഇതിനെല്ലാം പുറമേ ജില്ലയിലെ പല ഭാഗങ്ങളിലും പാര്‍ട്ടി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ പ്രാദേശികമായി നിരവധി ആരോപണങ്ങളാണ് സാമ്പത്തിക-സ്വഭാവദൂഷ്യ നടപടികളുമായി ബന്ധപ്പെട്ട് ഉയരുന്നത്.
പഴയങ്ങാടി ചെറുകുന്ന് സൗത്ത് ലോക്കലിലെ കുന്നനങ്ങാട് ബ്രാഞ്ചംഗം, തലശ്ശേരി ടൗണ്‍ ലോക്കലിലെ ചേറ്റംകുന്ന് ബ്രാഞ്ച് സെക്രട്ടറി, കോടതി ബ്രാഞ്ച് അംഗം, കായ്യത്ത് ബ്രാഞ്ച് അംഗം, തലശ്ശേരി എല്‍സിക്ക് കീഴിലുള്ള മറ്റൊരു ബ്രാഞ്ച് അംഗം എന്നിവരെ ഇത്തരം ആരോപണങ്ങളുടെ പേരില്‍ കഴിഞ്ഞ ദിവസം ജില്ലാ കമ്മിറ്റി പുറത്താക്കുകയുണ്ടായി. പലയിടങ്ങളിലും ഇത്തരം ആരോപണങ്ങളുടെ പേരില്‍ പ്രാദേശികതലത്തില്‍ കടുത്ത വിഭാഗീയതയാണ് പാര്‍ട്ടിക്കുളളില്‍ നിലനല്ക്കുന്നത്. പലയിടങ്ങളിലും രഹസ്യമായി ഗ്രൂപ്പ് യോഗം ചേര്‍ന്ന് ആരോപണ-പ്രത്യാരോപണങ്ങളുമായി നേതാക്കളും അണികളും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന സ്ഥിതിയാണ് നിലവിലുളളത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്തു വരവെ ഇത് നേതൃത്വത്തിന് കടുത്ത വെല്ലുവിളിയായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: