കൊല്ലം: പിഎസ്സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുക, സമയബന്ധിതമായി നിയമനം നടത്തുക, പിന്‍വാതില്‍ നിയമങ്ങള്‍ പൂര്‍ണമായും അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് പിഎസ്സിയുടെ ഇരുണ്ട ദിനങ്ങള്‍ പിണറായി സര്‍ക്കാരിന്റെ നാല് വര്‍ഷങ്ങള്‍ എന്ന പ്രാഖ്യാപനവുമായി യുവമോര്‍ച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊല്ലം പിഎസ്സി ഓഫീസിലേക്ക് പ്രതീകാത്മക ‘ശവമഞ്ച യാത്ര’ സംഘടിപ്പിച്ചു.
ചിന്നക്കട ഗസ്റ്റ് ഹൗസിന് മുന്നില്‍ നിന്നും ശവമഞ്ചവുമേന്തി പ്രവര്‍ത്തകര്‍ പ്രകടനമായി പിഎസ്സി ഓഫീസില്‍ എത്തി. യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ബി.എല്‍. അജേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വിഷ്ണു പട്ടത്താനം അദ്ധ്യക്ഷത വഹിച്ചു. കേരളത്തില്‍ ഏത് ദുരന്തം ഉണ്ടായാലും അതിന്റെ മറവില്‍ അഴിമതിയും പിന്‍വാതില്‍ നിയമനവും നടത്തുന്ന ക്രൂരനായ ഭരണാധികാരിയാണ് പിണറായി വിജയനെന്ന് അജേഷ് കുറ്റപ്പെടുത്തി.
നാലുവര്‍ഷം കൊണ്ട് പിഎസ്സി വഴി എത്ര പേര്‍ക്ക് തൊഴില്‍ നല്കി എന്ന് വ്യക്തമാക്കാന്‍ പിണറായി വിജയന് തയ്യാറാകണം. പിന്‍വാതില്‍ നിയമന അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്ക്കുമ്പോള് തന്നെ കടകംപള്ളി സുരേന്ദ്രന്റെ മകന് ഊര്‍ജവകുപ്പില്‍ ജോലി നല്‍കിയത് കേരളത്തിലെ സാധാരണക്കാരനോടുള്ള വെല്ലുവിളി ആണെന്ന് അജേഷ് പറഞ്ഞു.
ബിജെപി ജില്ലാ സെക്രട്ടറി വി.എസ്. ജിതിന്‍ദേവ്, യുവമോര്‍ച്ച ജില്ലാ ജനറല്‍സെക്രട്ടറി പി. അഖില്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: