കണ്ണൂര്‍: പ്രമുഖ സ്വാതന്ത്ര്യസമര സേനാനി സി. രൈരു നായര്‍ (98) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. 1922 ഫെബ്രുവരി 10ന് കണ്ണൂര്‍ ജില്ലയിലെ പിണറായിയില്‍ ജനിച്ച രൈരു നായര്‍ വിദ്യാഭ്യാസ കാലത്തു തന്നെ സ്വാതന്ത്ര്യസമര പോരാട്ടങ്ങളില്‍ ആകൃഷ്ടനായി. പതിനഞ്ചാം വയസില്‍ വാര്‍ധയിലെ ആശ്രമത്തിലെത്തി. ഗാന്ധിജിയും നെഹ്റുവും സുഭാഷ് ചന്ദ്ര ബോസും ഉള്‍പ്പെടെയുള്ള ദേശീയ സ്വാതന്ത്ര്യ സമര നേതാക്കളുമായി ബന്ധപ്പെടാന്‍ കഴിഞ്ഞ അദ്ദേഹം 1939 ല്‍ നാട്ടില്‍ തിരിച്ചെത്തി.
തലശേരിയിലും കോഴിക്കോടുമായി പഠനം തുടര്‍ന്നു. പഠനശേഷം ജ്യേഷ്ഠനും ഐഎന്‍എ പ്രവര്‍ത്തകനുമായിരുന്ന കെപിഎന്‍ നായര്‍ക്കൊപ്പം മലേഷ്യയിലേക്ക് പോയി. മലേഷ്യയില്‍ ഐഎന്‍എ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടിരുന്നു. തുടര്‍ന്ന് കോഴിക്കോട് തിരിച്ചെത്തിയ അദ്ദേഹം സിപിഎമ്മുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു. എകെജിയും ഇഎംഎസും അടക്കമുള്ള നേതാക്കളുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു.
ധര്‍മടം മേലൂരില്‍ ജഡ്ജ് ബംഗ്ലാവ് എന്നറിയപ്പെടുന്ന വസതിയിലായിരുന്നു താമസം. അച്ഛന്:തേര്‍ളയില്‍ രൈരു നായര്‍.അമ്മ:ചാത്തോത്ത് മാധവിഅമ്മ. ഭാര്യ: നാരായണിക്കുട്ടിയമ്മ. മക്കള്‍: പ്രദീപ് (മലേഷ്യ), പ്രവീണ (കോഴിക്കോട്), പ്രസന്ന (ഊട്ടി), പ്രീത (വാഷിംഗ്ടണ്‍), തനൂജ (ആസ്ത്രേലിയ). സഹോദരങ്ങള്‍: ജാനകി, പരേതരായ കെ.പി. നാരായണന് നായര്‍, കൃഷ്ണന്, കുഞ്ഞിക്കണ്ണന്, ലക്ഷ്മി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: