കാഞ്ഞാര്‍: പന്നിമറ്റം മുത്തോട് കപ്പേളയ്ക്ക് സമീപം ഉണ്ടായിരുന്ന കോണ്‍ക്രീറ്റ് ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ച് മാറ്റിയത് പുനര്‍നിര്‍മ്മിക്കണമെന്ന് നാട്ടുകാര്‍.
30 വര്‍ഷം മുന്‍പ് പന്നിമറ്റം കിഴക്കേക്കര കുടുംബം റോഡ് പുറമ്പോക്കില്‍ നിര്‍മ്മിച്ച് നല്കിയതായിരുന്നു ഈ വെയിറ്റിങ് ഷെഡ്. പഞ്ചായത്ത് ഇതിന്റെ അറ്റകുറ്റപണികള്‍ യഥാസമയം ചെയ്തിതിരുന്നതാണ്. എന്നാല്‍ മുന്‍പ് ചപ്പാത്ത് ഉണ്ടായിരുന്ന ഈ ഭാഗത്ത് പുതിയതായി പാലം നിര്‍മ്മിച്ചതോടെ ബസ് കാത്തിരിപ്പ് കേന്ദ്രം റോഡിന് താഴെ ആകുകയും ഇത് ജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് പകരം സംവിധാനം ഉണ്ടാക്കാതെ പന്നിമറ്റം പള്ളി കമ്മിറ്റി ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ച് നീക്കി അവിടെ ഒരു ഷെഡ് കപ്പേളയുടെ ഭാഗമായി ഉണ്ടാക്കിയതായിട്ടാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.
ഇതുവരെ പകരം സംവിധാനം ഒരുക്കുന്നതിന് പള്ളി കമ്മിറ്റി ശ്രമിക്കുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. മാത്രമല്ല മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞു ഇത് നീട്ടി കൊണ്ടു പോകാനും ശ്രമിക്കുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു. ഇത്തരം നിര്‍മ്മാണങ്ങളുടെ ഉടമസ്ഥാവകാശം പഞ്ചായത്തിനാണെന്നിരിക്കെ പഞ്ചായത്ത് അധികാരികളെ അറിയിക്കാതെയാണ് ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചത്.
ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചുമാറ്റി അവിടെ ഷെഡ് പണിതിട്ടും പഞ്ചായത്ത് ഭരണസമിതി യാതൊരു നടപടിയും സ്വീകരിച്ചില്ല. കപ്പേളയോട് ചേര്‍ന്ന് പുറമ്പോക്ക് ഭൂമിയില്‍ ഷെഡ് പണിത് സ്ഥലം സ്വന്തമാക്കുവാനുള്ള ആസൂത്രിത നീക്കമാണ് ഇതിന് പിന്നിലെന്നാണ് പ്രദേശവാസികള്‍ സംശയിക്കുന്നത്.
റബ്ബര്‍ ഫാക്ടറി ഉള്‍പ്പെടെ ധാരാളം ജനസാന്ദ്രതയുള്ള ഈ പ്രദേശത്ത് ആളുകള്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം ആയിരുന്നു ഇത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്വകാര്യ വ്യക്തി പൊതുജനങ്ങള്‍ക്കായി നിര്‍മ്മിച്ചു നല്കിയ ഈ ബസ് കാത്തിരിപ്പ് കേന്ദ്രം, പകരം സംവിധാനം ഉണ്ടാക്കാതെ പള്ളി കമ്മിറ്റി കൈവശപ്പെടുത്തിയതില്‍ അമര്‍ഷത്തിലാണ് നാട്ടുകാര്‍.
പള്ളി വികാരി ഫാ.ജോണ്‍ കടവന്‍ പറയുന്നത്: ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിച്ച കിഴക്കേക്കര കുടുബത്തിന്റെ ആവശ്യപ്രകാരമാണ് ഇത് പൊളിച്ചത്. പള്ളി നേരിട്ട് ഇടപെട്ടല്ല പൊളിച്ച് നീക്കിയത്. പള്ളിയുമായി അടുത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തികളാണ് ഇത് പൊളിച്ച് മാറ്റിയത്. ഉപയോഗശൂന്യമായി തീര്‍ത്തും മോശമായതിനാലാണ് അവര്‍ അത് പൊളിച്ചത്. കപ്പേളയുടെ സമീപം ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ച ഭാഗത്ത് നിര്‍മ്മിച്ച താത്കാലിക ഷെഡ് പൊളിച്ച് മാറ്റാന്‍ തയാറാണ്. നാട്ടുകാരുടെ ആവശ്യപ്രകാരം പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രം പണിയുവാനുള്ള ആലോചന നടന്ന് വരുന്നതായി വികാരി ജന്മഭൂമിയോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: