വടകര: ഓട്ടോമാറ്റിക് ഹാന്‍ഡ് സാനിറ്റൈസര്‍ ഡിസ്പെന്സര് നിര്‍മിച്ച് സ്കൂള്‍ വിദ്യാര്‍ത്ഥി. മടപ്പള്ളി ജിവിഎച്ച്എസ്എസ്സിലെ ഒന്‍പതാം ക്ലാസുകാരന് അലന് സന്ദീപാണ് ഓട്ടോമാറ്റിക് ഹാന്‍ഡ് സാനിറ്റൈസര്‍ ഡിസ്പെന്സര് നിര്‍മിച്ചത്.
കടകളിലും ഓഫീസുകളിലും വരുന്നവര്‍ക്ക് കൈകള്‍ അണുവിമുക്തമാക്കാന്‍ സാനിറ്റൈസര്‍ ഒരു സ്ഥലത്തു വച്ചിരിക്കുകയോ കയ്യില്‍ ഒഴിച്ചുകൊടുക്കുകയോ ആണ് ചെയ്യുന്നത്. ഇത് അണുബാധ ഏല്ക്കാന് കാരണമാകുമോ എന്ന ചിന്തയാണ് ഇത്തരത്തില്‍ ഓട്ടോമാറ്റിക് സംവിധാനത്തെക്കുറിച്ച് ആലോചിക്കാന്‍ അലനെ പ്രേരിപ്പിച്ചത്. ഡിസ്പെന്‍സറിലെ ട്യൂബിന്റെ അടുത്തു കൈവെച്ചാല്‍ കൈകളിലേക്ക് സാനിറ്റൈസര്‍ സ്പ്രേ ചെയ്യും. 350 രൂപയാണ് നിര്‍മാണത്തിനായി ചെലവ് വന്നത്. കാലുകൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന സാനിറ്റൈസര്‍ ഇതിനകം തന്നെ ഈ കൊച്ചുമിടുക്കന് നിര്‍മിച്ചിട്ടുണ്ട്.
സ്കൂള്‍ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി നടത്തിയ പ്രദര്‍ശനത്തില്‍ അലന്റെ റോബോട്ടിക് സ്റ്റാള്‍ പ്രത്യേകശ്രദ്ധ നേടിയിരുന്നു. സ്കൂള്‍ തെരഞ്ഞെടുപ്പ് സമയത്ത് ഉപയോഗിക്കാനായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീനും അലന് നിര്‍മിച്ചിട്ടുണ്ട്. ഓട്ടോമാറ്റിക് ഹാന്‍ഡ് സാനിറ്റൈസര്‍ ഡിസ്പെന്സര് സ്കൂളിന് കൈമാറിയിരിക്കുകയാണ് അലന്. സ്കൂള്‍ അദ്ധ്യാപകരും കുടുംബവും പൂര്‍ണപിന്തുണയുമായി അലനൊപ്പമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: