ആലപ്പുഴ: ചരിത്രപ്രസിദ്ധവും, ഐതിഹ്യപ്രാധാന്യമേറിയതുമായ ചമ്പക്കുളം മൂലം ജലോത്സവം ഇന്ന്. കോവിഡ് പശ്ചാത്തലത്തില്‍ മത്സര വള്ളംകളി ഉണ്ടാവില്ല. അമ്പലപ്പുഴ മൂലകാഴ്ചയും ആചാരങ്ങളും സാധാരണ രീതിയില്‍ നടത്തും. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചും നിയന്ത്രണങ്ങള്‍ക്ക് വിധേയമായും ആചാര അനുഷ്ഠാനങ്ങള്‍ നടക്കും.
മൂല കാഴ്ചയുമായി അമ്പലപ്പുഴനിന്ന് ബോട്ടില്‍ എത്തുന്ന ദേവസ്വം അധികാരികളെ ഉച്ചയ്ക്ക് 12ന് ചമ്പക്കുളം മഠത്തില്‍ ക്ഷേത്രത്തില്‍നിന്ന് സ്വീകരിച്ച് നാമമാത്രമായ തുഴച്ചില്‍ക്കാര്‍ക്കൊപ്പം ചുരുളന്‍ വള്ളത്തിന്റെ അകമ്പടിയോടെ മാപ്പിളശേരി തറവാട്ടില്‍ എത്തിക്കും. മാപ്പിള ശേരി തറവാട്ടിലെ ആചാരങ്ങള്‍ക്ക് ശേഷം ചമ്പക്കുളം കല്ലൂര്‍ക്കാട് ദേവാലയത്തില്‍ എത്തും. തുടര്‍ന്ന് സംഘം മടങ്ങും.
മൂലക്കാഴ്ചയ്ക്ക് ആളുകള്‍ സംഘം ചേരുന്നത് നിരോധിച്ചതായി ആര്‍ഡിഒ എസ്. സന്തോഷ്കുമാര്‍ അറിയിച്ചു. അമ്പലപ്പുഴ സംഘത്തിന് പുറമേ ജലോത്സവ സമിതി പ്രധാന ഭാരവാഹികള്‍, ബ്ലോക്ക്-പഞ്ചായത്ത് പ്രസിഡന്റുമാര്‍, റവന്യു ഉദ്യോഗസ്ഥര്‍ എന്നിവര്‍ മാത്രമാകും ചടങ്ങുകളില്‍ പങ്കെടുക്കുക. മൂലക്കാഴ്ചയ്ക്കായി അലങ്കരിക്കുന്ന ചുരുളന്‍ വള്ളത്തിലും പത്തു പേരില്‍ താഴെ മാത്രമായിരിക്കും.
ചമ്പക്കുളം മൂലം ജലോസവത്തിന്റെ തുടക്കം അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ദേവപ്രതിഷ്ഠയുമായി ബന്ധപ്പെട്ടാണ്. കുറിച്ചിയിലെ കരിക്കുളം അമ്പലത്തില്‍ നിന്ന് കരമാര്‍ഗ്ഗം വിഗ്രഹം അമ്പലപ്പുഴയില്‍ വള്ളങ്ങളുടെ അകമ്പടിയോടെ ആഘോഷംപൂര്‍വം എത്തിച്ചതിന്റെ സ്മരണ പുതുക്കുന്നതാണ് ജലോത്സവം.
ചമ്പക്കുളം മൂലം ജലോത്സവത്തിനു മത്സരിക്കുന്ന ചുണ്ടന് വള്ളങ്ങള്‍ തുഴയെറിയുന്നത് രാജപ്രമുഖന്‍ ട്രോഫിക്കു വേണ്ടിയാണ്. തിരുവിതാകൂര്‍ രാജാവായിരുന്ന ശ്രീ ചിത്തിര തിരുന്നാള്‍ ഏര്‍പ്പെടുത്തിയതാണ് വെള്ളികൊണ്ട് നിര്‍മ്മിച്ച രാജപ്രമുഖന്‍ ട്രോഫി. കോവിഡ് പശ്ചാത്തലത്തില്‍ ഇത്തവണ രാജപ്രമുഖന്‍ ട്രോഫിക്ക് വേണ്ടിയുള്ള മത്സരവള്ളം കളിയും ഉപേക്ഷിച്ചു. സംസ്ഥാനത്തെ ജലോത്സവങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത് ചമ്പക്കുളം മൂലം വള്ളംകളിയോടെയാണ്. ആഗസ്റ്റ് രണ്ടാം ശനിയാഴ്ച നടക്കുന്ന നെഹ്റുട്രോഫി ജലോത്സവവും മുടങ്ങാനാണ് സാദ്ധ്യത. ഡിസംബറില്‍ നടത്തുന്നതിനെ കുറിച്ചാണ് സംഘാടകര്‍ ആലോചിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: