കായംകുളം: ഉറവിടം അറിയാത്ത കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കായംകുളത്ത് കാര്യങ്ങള്‍ അതീവ ഗുരുതരാവസ്ഥയിലേക്ക്. റെഡ് സോണായി പ്രഖ്യാപിച്ച ഇവിടെ കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച പച്ചക്കറിക്കടക്കാരനുമായി ബന്ധപ്പെട്ട് ടെസ്റ്റ് നടത്തിയതില്‍ 13 പേര്‍ക്ക് രോഗം കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ കൊച്ചുകുട്ടികളും ഉള്‍പ്പെടുന്നു പച്ചക്കറിക്കച്ചവടക്കാരന് അവസ്ഥ ഗുരുതരമായതിനാല്‍ സമ്പര്‍ക്കപ്പട്ടികയടക്കം തയ്യാറാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഇയാളുടെ അടുത്ത ബന്ധുക്കള്ക്കുള്പ്പടെയാണ് കോവിഡ് സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ചിട്ടുള്ളവരുമായി അടുത്ത് ഇടപെട്ടവരുടെ വിവരശേഖരണം തുടങ്ങി. കായംകുളം മത്സ്യ മൊത്തവില്‍പ്പന കേന്ദ്രത്തില്‍നിന്ന് മത്സ്യംവാങ്ങി വില്‍പ്പന നടത്തിയിരുന്ന കുറത്തികാട് സ്വദേശി കച്ചവടക്കാരന് കോവിഡ് സ്ഥിരീകരിച്ചതില്‍ സമ്പര്‍ക്ക പട്ടിക പൂര്‍ത്തിയാക്കാനും ഇതുവരെ സാധിച്ചിട്ടില്ല. കുറത്തികാട് ജങ്ഷന് സമീപവും കച്ചവട കേന്ദ്രമുണ്ടായിരുന്നു.
ഇയാള്‍ നിരവധിയാളുകളുമായി അടുത്തിടപെട്ടന്നാണ് സൂചന. നിലവില്‍ തഴക്കര, ചെന്നിത്തല, കായംകുളം എന്നിവിടങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഉണ്ടെങ്കിലും സംവിധാനങ്ങള്‍ വേണ്ട രീതിയില്‍ ഉയരാത്തത് ആശങ്ക ഇരട്ടിയാക്കി. കായംകുളം നഗരസഭയ്ക്ക് പുറമെ തെക്കേക്കര ഗ്രാമ പഞ്ചായത്തും കണ്ടെയ്ന്മെന്റ് സോണായി ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു. കായംകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനും അടച്ചു. ഇവിടെ ബസില്‍ ആരെയും കയറ്റുകയും ഇറക്കുകയുമില്ലെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: