ന്യൂദല്‍ഹി : ലഡാക്കിലെ സൈനിക സുരക്ഷ ശക്തമാക്കി ഇന്ത്യ. പ്രദേശത്ത് ചൈനീസ് സൈന്യം നിലയുറപ്പിക്കുന്നത് തുടരുന്ന സാഹചര്യത്തിലാണ് ഇന്ത്യ അതിര്‍ത്തി പ്രദേശത്തെ സൈനിക ബലം വര്‍ധിപ്പിച്ചത്. ലഡാക്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെത്തി സന്ദര്‍ശനം നടത്തുകയും സൈനികരുമായി ചര്‍ച്ച നടത്തിയതിനും പിന്നാലെയാണ് ഇത്രയധികം സേനാ വിന്യാസം ഉണ്ടായിരിക്കുന്നത്.
അതിര്‍ത്തി പ്രദേശത്തെ സുരക്ഷയ്ക്കായി നാല് ഡിവിഷന് സൈന്യത്തെയാണ് ഇന്ത്യ വിന്യസിച്ചിരിക്കുന്നത്. കഴിഞ്ഞ മെയ് മാസം വരെ ഒരുഡിവിഷന്‍ മാത്രമാണ് ലഡാക്കിലുണ്ടായിരുന്നത്. അതാണ് നാലായി ഉയര്‍ത്തിയിരിക്കുന്നത്. 15,000 മുതല്‍ 20,000 സൈനികര്‍ വരെയാണ് ഒരു ഡിവിഷനില്‍ ഉണ്ടാവുക.
ലഡാക്കില്‍ ചൈനയുമായി 856 കിലോമീറ്റര്‍ വരുന്ന നിയന്ത്രണ രേഖയാണ് ഉള്ളത്. ഇത്രയും ദൂരത്തിനിടയില്‍ 60,000 ഓളം സൈനികരെ ഇന്ത്യ വിന്യസിച്ചിട്ടുണ്ട്. പ്രകോപനപരമായ വിധത്തില്‍ ചൈനീസ് സൈന്യം അതിര്‍ത്തിയില്‍ നിലയുറപ്പിച്ചതിനെ തുടര്‍ന്നാണ് ഇന്ത്യ മറുപടിയായി ഇത്രയും സൈന്യത്തെ നിയോഗിച്ചത്.
ഉത്തര്‍പ്രദേശില്‍ നിന്നാണ് ഇതില്‍ മൂന്ന് ഡിവിഷന് സേനയെ എത്തിച്ചത്. ഇതിനൊപ്പം ആവശ്യമായ പടക്കോപ്പുകളും പീരങ്കികളുമൊക്കെ ലഡാക്കില്‍ എത്തിച്ചിട്ടുണ്ട്. നിയന്ത്രണ രേഖ തുടങ്ങുന്ന കാരക്കോറം പാസ് മുതല്‍ സൗത്ത് ലഡാക്കിലെ ചുമുര്‍ വരെയാണ് സേനയെ വിന്യസിച്ചത്. കാരക്കോറം പാസ്, ദൗലത് ബേഗ് ഓല്‍ഡി, ഡെസ്പാങ്, ഗല്‍വാന്‍ താഴ്വര, പാംഗോങ് തടാകം. ഡെംചോക്, കോയില്‍, ചുമുര്‍ എന്നിവിടങ്ങളിലാണ് സേനയെ വിന്യസിച്ചിരിക്കുന്നത്. ചൈനയുടെ ഭാഗത്തുനിന്നുള്ള ഏതൊരു കടന്നുകയറ്റത്തേയും പ്രതിരോധിക്കുക എന്നതാണ് ലക്ഷ്യം.
സംഘര്‍ഷം വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ മെയ് മാസത്തില്‍ സേനയുടെ രണ്ട് മൗണ്ടെയ്ന് ഡിവിഷനെ ലഡാക്കില്‍ എത്തിച്ചിരുന്നു. തന്ത്രപ്രധാന പോസ്റ്റുകളില്‍ ഇവരെ വിന്യസിക്കുകയും ചെയ്തു. എന്നാല്‍ സംഘര്‍ഷം പരിഹരിക്കപ്പെടാതെ രൂക്ഷമായ സാഹചര്യത്തില്‍ കുടുതല്‍ സേനയും പീരങ്കികളും ടാങ്കുകള്‍ ഉള്‍പ്പെടെയുള്ള കവചിത വാഹനങ്ങളും ഇന്ത്യ ഇവിടേക്ക് എത്തിച്ചിരുന്നു.
മെയ് മാസത്തിനു മുമ്പ് സൈന്യത്തിന്റെ 14 കോര്‍പ്സ് ഡിവിഷന് മാത്രമാണ് ലഡാക്കിലുണ്ടായിരുന്നത്. സിയാച്ചിന്‍ മുതല്‍ ചുമുര്‍ വരെ ലഡാക്കിലെ ഇന്ത്യന്‍ മണ്ണ് സംരക്ഷിക്കാന്‍ ഇവര്‍ മാത്രമാണ് ഉണ്ടായിരുന്നത്. അതേസമയം ഇരു സൈന്യങ്ങളും നിയന്ത്രണ രേഖയില്‍ നിന്നും കപിന്മാറാന്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചു. ഇരു രാജ്യങ്ങളുടേയും സൈനിക ഉന്നത തല പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തി തീരുമാനത്തില്‍ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: